‘കാമം കര്‍മ്മനാശനം
ക്രോധം ജ്ഞാനനാശനം
ലോഭം ഭക്തിനാശനം’
ധര്‍മ്മശാസ്ത്രങ്ങളെല്ലാം തന്നെ മനുഷ്യന്‍ കൈക്കൊള്ളേണ്ട സദാചാരങ്ങളെക്കുറിച്ചും പുറംതള്ളേണ്ട ദുരാചാരങ്ങളെയും കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇവയാകവേ മനോജ്ഞ ജീവിത ശില്പരചനയ്‌ക്ക് ഉപോല്‍ബലകമാവുകയും ചെയ്യുന്നു. കാമം കര്‍മ്മത്തേയും ക്രോധം ജ്ഞാനത്തേയും ലോഭം ഭക്തിയേയും നശിപ്പിക്കും.
ബുദ്ധിയില്‍ ആഗ്രഹങ്ങളായും മനസ്സില്‍ സങ്കല്പങ്ങളായും സങ്കല്പങ്ങള്‍ ബാഹ്യലോകത്ത് കര്‍മ്മങ്ങളായും പരിണമിക്കുന്നു. സങ്കല്പങ്ങള്‍ മൂഢവും മൃഗീയവുമാകുമ്പോള്‍ അവയില്‍ നിന്നുണ്ടാവുന്ന കര്‍മ്മങ്ങളും നിന്ദ്യവും നീചവും ക്രൂരവുമായിരിക്കും. മനസ്സ് എവിടെയുണ്ടോ അവിടെ കര്‍മ്മങ്ങളും ഉണ്ട്. വാസനകള്‍ക്ക് വശംവദരാകുമ്പോള്‍ തീക്ഷ്ണമായ ആസക്തികളോടെ കര്‍മ്മം ചെയ്തുകൊണ്ടിരിക്കും. കര്‍മ്മത്തിന് പുതിയ വാസനകളുണ്ടാക്കുന്ന പ്രവണതയുണ്ട്. ഈ വാസനകള്‍ വീണ്ടും വീണ്ടും കര്‍മ്മം ചെയ്യാന്‍ പ്രേരണചെലുത്തും. കാമത്തെയല്ല, ജ്ഞാനത്തെ പശ്ചാത്തലമാക്കി കര്‍മ്മംചെയ്യണം.
അജ്ഞാനത്താലും അഹങ്കാരത്താലും ആഗ്രഹങ്ങളാലും പ്രേരിതരായാണ് നാം കര്‍മ്മം ചെയ്യുന്നത്. ദുര്‍വാസനകളാല്‍ പ്രലോഭിതരായി, വിവേകശൂന്യമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ പുതിയ പുതിയ ദുഃഖങ്ങളെ നാം ക്ഷണിച്ചുവരുത്തുകയാണ്. നിസ്വാര്‍ത്ഥമായി, ഈശ്വരാര്‍പ്പണബുദ്ധിയോടെ ചെയ്യപ്പെടുന്ന നിഷ്‌കാമകര്‍മ്മങ്ങള്‍കൊണ്ട് ദുര്‍വാസനകള്‍ ക്ഷയിക്കും. അവിശുദ്ധവും അസാന്മാര്‍ഗികവുമായ കര്‍മ്മങ്ങളിലേക്ക് വ്യക്തിയെ നയിക്കുന്നത് കാമമാണ്.
മനസ്സിന്റെ സ്വാഭാവികമായ ഒരു വികാരമാണ് ദേഷ്യം. മനസ്സുള്ളിടത്തോളം കാലം അതില്‍ ദേഷ്യവുമുണ്ടാകും. ദേഷ്യം നമ്മെ അടിമപ്പെടുത്തി നിര്‍വീര്യമാക്കാന്‍ അനുവദിച്ചുകൂടാ. ദംഭം, ദര്‍പ്പം, ക്രോധം, പാരുഷ്യം തുടങ്ങിയവ ആസുരീസമ്പത്തുകളാണ്. സനാതനമായ ജീവിതമൂല്യങ്ങള്‍ക്ക് പ്രതികൂലഭാവം സൃഷ്ടിക്കുന്നത് ക്രോധാദികളാണ്. ക്രോധത്തെ ശാന്തികൊണ്ട് കീഴടക്കണം.
ലോഭം അത്യാഗ്രഹമാണ്. ജീവിതരഥത്തിന്റെ രണ്ടു ചക്രങ്ങളാണ് സുഖവും സംതൃപ്തിയും. ലോഭം ഇവ കെടുത്തിക്കളയും. അഭയവും സാന്ത്വനവുമരുളാന്‍ ഭക്തിയുടെ വിശുദ്ധ മന്ത്രങ്ങള്‍ക്കു കഴിവുണ്ട്. ആശയും ആസക്തിയും കുറയുമ്പോള്‍ ലോഭം മാറും. മനസ്സ് ഏകാഗ്രമാവും. അന്തഃകരണം ശുദ്ധമാകും. ഒരു യഥാര്‍ത്ഥഭക്തനുണ്ടായിരിക്കേണ്ട മൂന്നുഗുണങ്ങള്‍ ശ്രദ്ധ, ഏകാഗ്രത, തന്മയത എന്നിവയാണ്. വളരുക, പരിണമിക്കുക, ക്ഷയിക്കുക, നശിക്കുക ഇതത്രെ ജീവിതം. വളരുന്നതിനും വര്‍ദ്ധിക്കുന്നതിനും സ്വന്തം ഉണ്മയെ കാത്തുരക്ഷിയ്‌ക്കണം. സത്യവും ശുദ്ധവുമായ ഈശ്വരാന്വേഷണം ഇതിനുസഹായകമാവും. ഭക്തിയോഗവും ജ്ഞാനയോഗവും കര്‍മ്മയോഗവും ഒരു സമഭുജത്രികോണത്തിലെ മൂന്നുവശങ്ങളാണ്. കാമവും ക്രോധവും ലോഭവും ഭുജങ്ങളുടെ അളവുതെറ്റിക്കും. വികൃതീകരണത്തിന് അതു വിധേയമാവും. ആസുരീസമ്പത്തുകളെ അകറ്റി ദൈവീസമ്പത്തുകളെ കുടിയിരുത്തുക.
ആദ്യം നിലം ഉഴണം. പിന്നെ നനയ്‌ക്കണം. വിത്ത് എന്നിട്ടു വിതയ്‌ക്കുക. കള പറിയ്‌ക്കണം. ആടുമാടുകള്‍ നശിപ്പിക്കാതെ വേലികെട്ടണം. ക്ഷമയോടെ വിളവെടുപ്പിനുകാത്തിരിക്കുക. അതുപോലെ സദ്വിചാരങ്ങളാല്‍ ഹൃദയം ഉഴുതുമറിയ്‌ക്കുക. ദിവ്യസ്‌നേഹജലത്താല്‍ നനയ്‌ക്കുക. ഈശ്വരനാമങ്ങളാകുന്ന വിത്തുകള്‍ വിതയ്‌ക്കുക. കളകളേതുമുണ്ടോ എന്ന് നിരീക്ഷിക്കുക. ചാഞ്ചല്യത്തിന്റെയും സംശയത്തിന്റെയും ബാധയേല്ക്കാതിരിക്കാന്‍ അച്ചടക്കത്തിന്റെ വേലികെട്ടുക. കാമവും ക്രോധവും ലോഭവും അകലും.
ഒന്നുമാത്രം. ജീവിതത്തിന്റെ ഓരോ ചുവടുവെപ്പിലും അനുവര്‍ത്തിക്കപ്പെടേണ്ട ക്രിയാകല്പമാവണം ധര്‍മ്മത്തിന്റെ സര്‍വൈശ്വര്യപരത.
തിരുവള്ളുവര്‍ ഇങ്ങനെ പാടി:
”ധര്‍മ്മം സര്‍വര്‍ക്കുമേകുന്നു
സുഖസമ്പല്‍സമൃദ്ധികള്‍
മറ്റെന്തുണ്ടൂഴിയില്‍ വാഴ്‌വോര്‍-
ക്കുല്‍ക്കര്‍ഷം ധര്‍മ്മമെന്നിയേ”
ഭക്തിജ്ഞാനകര്‍മ്മങ്ങളാല്‍ നമുക്ക് നമ്മുടെ ജീവിതത്തെ ഉദാത്തീകരിക്കാം, പവിത്രീകരിയ്‌ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: