തിരുവനന്തപുരം :പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്ത അഡ്വ. എം.ആര്‍. അഭിലാഷ് വൈകി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുന്നു. സ്ഥിരം ചര്‍ച്ചകള്‍ക്ക് ഏഷ്യാനെറ്റില്‍ ക്ഷണിതാവായി എത്തുന്ന അഭിലാഷ് കുംഭമേളയെക്കുറിച്ച് എഴുതിയ ഈ അനുഭവക്കുറിപ്പ് മഹാകുംഭമേളയെ അടച്ചാക്ഷേപിച്ച ഏഷ്യാനെറ്റ് ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്ററായ സിന്ധുസൂര്യകുമാറിനുള്ള മറുപടിയായി മാറിയത് കാലത്തിന്റെ കാവ്യനീതി.
നമ്മുടെ ചുറ്റുപാടു നിന്നുള്ള പത്ത് പേരെങ്കിലും മഹാകുംഭമേളയില്‍ പോയി മുങ്ങിക്കുളിച്ചു എന്ന് സിന്ധുസൂര്യകുമാര്‍ മലയാളികളെ വിമര്‍ശിച്ചപ്പോള്‍ യാതൊരു മറയുമില്ലാതെ, താന്‍ ഒമ്പത് തവണയെങ്കിലും ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ മുങ്ങി എന്നാണ് അഡ്വ. എം.ആര്‍. അഭിലാഷ് കുറിച്ചത്.
അഡ്വ. എം. ആര്‍. അഭിലാഷിന്റെ കുറിപ്പ് :
തിരക്ക് കാരണം കുറിക്കുവാൻ വൈകിയെങ്കിലും ഇത് എഴുതാതെ പോയാൽ അത് അനുഭവത്തോടുള്ള അനീതിയാകും എന്നതിനാൽ കുറിക്കുന്നു.കുംഭമേളയുടെ പൊടിയടങ്ങിയെങ്കിലും അനുഭവം പങ്കു വെക്കാതെ വയ്യ. പറഞ്ഞറിയിക്കാൻ കഴിയാത്ത സാമൂഹികവും ആത്മീയവുമായ അനുഭൂതിയായിരുന്നു പ്രയാഗ് രാജിലെ കുംഭമേള. ഇന്ത്യയെന്തെന്നു ഇത്ര മനോഹരമായി മനസിലാക്കിത്തന്ന ഒരു സാമൂഹികപാഠം ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് അതിസാധാരണക്കാരായ ജനങ്ങൾ കൂടും കുടുക്കയുമായി ത്രിവേണിയുടെ മാറണയുവാൻ വെമ്പിയൊഴുകുന്ന കാഴ്ച. തെരുവോരങ്ങളിൽ അന്തിയുറങ്ങി ത്രിവേണീ നദീതടം ലക്ഷ്യമാക്കി ജനസഹസ്രങ്ങൾ ഒഴുകിനീങ്ങുന്നത് കണ്ടപ്പോൾ ഈ മണ്ണിന്റെയും അവിടുത്തെ ജലകണികകളുടെയും പവിത്രത മനസിലാക്കാൻ കഴിഞ്ഞു.
വലിപ്പച്ചെറുപ്പങ്ങളില്ലാതെ ജാതിമതകുല ബോധ്യങ്ങളില്ലാതെ ഓരോരുത്തരും തങ്ങളുടെ ഭൗതികത നദീതീരത്ത് ഇറക്കിവെച്ചു ജനസാഗരത്തിൽ ഒരാളായി അലിഞ്ഞിറങ്ങി തർപ്പണം നടത്തി മുങ്ങിയുയരുന്ന നിമിഷങ്ങൾ സാമാജിക സമത്വത്തിന്റെ ഏറ്റവും ഉദാത്തമായ അനുഭവമായിരുന്നു. ആഡംബരവാഹനങ്ങളിൽ നിന്ന് ഇറങ്ങിയാത്ര ചെയ്തിട്ടുണ്ടാവില്ല എന്ന് കണ്ടു മനസിലാക്കാൻ കഴിയുന്നവരും ഗംഗയുടെ മാറിലേക്ക് ഒരു വർഗബോധ്യവും ജാള്യതയും കൂടാതെ ആടയാഭരണങ്ങളും വസ്ത്രഭൂഷാദികളും അഴിച്ചുവെച്ചു സ്നാനം എന്നാ പവിത്രാനുഭവത്തിലേക്കു പിച്ചവെച്ചിറങ്ങുന്നത് കണ്ടപ്പോൾ മനസ് തുടിച്ചു. കാരണം ഇന്ത്യൻ ഭരണഘടനയുടെ മുഖവുരയിൽ കാണുന്ന സമത്വവും “ഫ്രറ്റേർണിറ്റി ” എന്ന സാഹോദര്യവും ലളിതമായി ക്രോഡീകരിച്ച മറ്റൊരു ആത്മീയ കാഴ്ചയുണ്ടായിട്ടില്ല. കാരണം ജാതിമതവർഗവർണ്ണചിന്തകൾക്ക് അതീതമായ ഒരു മഹാജനസഞ്ചയം കണ്മുൻപിൽ വിടരുകയായിരുന്നു.
ജലം മലിനമാണെന്നും മുങ്ങരുതെന്നും എന്റെ ആത്മാർത്ഥ സുഹൃത്ത് താക്കീതു തന്നിരുന്നുവെങ്കിലും ശക്തമായ ഒഴുക്കുള്ള മലിനമല്ലാത്ത ശുദ്ധജലത്തിന്റെ കാന്തിക ശക്തിയാൽ ഒൻപത് തവണ മുങ്ങി. ജലത്തിന്റെ ഒഴുക്ക് കാണുവാനായി വിഡിയോയും ഇടുന്നു. കണ്ണുകളിൽ ഉൾപ്പെടെ ജലം കയറിയെങ്കിലും, ഒരു അലെർജിക് റീയാക്ഷൻ പോലും ഉണ്ടായില്ല എന്നത് സത്യം.
ലക്ഷക്കണക്കിന് ജനങ്ങൾ ഒഴുകിയിറങ്ങി ത്രിവേണിയിലേക്ക് വരുന്ന കാഴ്‌ച്ച മാസ്മരികമായിരുന്നു. സമുദ്രത്തിലെ തിരകളെ അനുസ്മരിപ്പിക്കുന്ന താളനിബദ്ധതയോടെ ത്രിവേണിയിലേക്കു സാഗരം പെയ്തിറങ്ങുന്നത് കണ്ടപ്പോൾ മനസ് ഒന്ന് ആശങ്കപ്പെട്ടു. തിക്കിലും തിരക്കിലും പെട്ട് ദിനം ദിനം മഹാദുരന്തങ്ങൾ സംഭവിച്ചേക്കാമായിരുന്ന സംഗമത്തിന്റെ നടത്തിപ്പ് സർക്കാരിന്റെ നടപടികളുടെ മികവാണ് എന്ന് പറയാതെ വയ്യ.
കുംഭമേളയിലെ സർവത്യാഗികളായ സന്യാസിമാരെ കാണുമ്പോൾ അവരുടെ ത്യാഗം ദർശിക്കാതെ നഗ്നതയിൽ മാത്രം കണ്ണുടക്കുന്ന പലരും നമ്മളുടെ ഇടയിലുണ്ട് . കൈലാസത്തിലെ കൊടുംതണുപ്പിൽ മഹാദേവൻ വേഷഭൂഷാദികളില്ലാതെ കഴിയുമ്പോൾ മറിച്ചു എങ്ങനെ ഒരു നാഗസന്യാസിക്ക് ജീവിക്കാൻ കഴിയുമെന്ന കളങ്കമില്ലാതെ ചോദ്യമുയർത്തുന്ന ഉത്തരം ചോദ്യത്തിന്റെ തൃഷ്ണതയെ ശമിപ്പിച്ചു. കുംഭമേള എന്നത് മുഖ്യധാരാ സമൂഹത്തിൽ നിന്നും വിട്ടു നിൽക്കുന്ന ഇവരുടെ സംഗമം ആയി മനസിലാക്കിയാൽ പിന്നെ ചോദ്യം ഉണ്ടാവില്ല. സ്നാനത്തിന്റെ പ്രഥമ അവകാശവും അവർക്കു തന്നെ.
ഏതൊരു ജനസഞ്ചയത്തിലും കുറെ കള്ളനാണയങ്ങൾ ഉണ്ടാകാം. പക്ഷെ അത്തരക്കാരല്ലല്ലോ ആത്മീയ അനുഭവത്തെ നിർവചിക്കുന്നത്. ഒരേയൊരു വിഷമം ഒരു പകലിൽ അധികം അവിടെ ചിലവഴിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതാണ്. യോഗ എന്നത് വെറും ഒരു ജീവിതശൈലി മാത്രമല്ലാത്ത എനിക്ക് ഈ യാത്ര അനിവാര്യമായിരുന്നു എന്ന് തോന്നി. ഇനിയും കുംഭമേളകൾ വരും എന്ന പ്രതീക്ഷയോടെ ആത്മീയ സാഫല്യത്തിന്റെ മധുനുകർന്നു മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: