Kerala

‘മരിച്ചാൽ കുഴിച്ചിടരുത്, ദഹിപ്പിക്കണം: ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം, വിൽപ്പത്രം തയ്യാറാക്കി വച്ചിട്ടുണ്ട്’- നടി ഷീല

Published by

തന്റെ എഴുപത്തേഴാം പിറന്നാളിന് ചില തീരുമാനങ്ങൾ പുറത്തുവിട്ട് നടി ഷീല. തന്റെ ആഗ്രഹങ്ങളെല്ലാം നിറവേറിയെന്നും, മരിച്ചാൽ എന്തു ചെയ്യണമെന്നും, വിൽപത്രവും തയ്യാറാക്കി വച്ചിട്ടുണ്ടെന്നും മലയാളികളുടെ പ്രിയ നടി. കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയിൽ എന്തൊക്കെ ഉണ്ടോ അതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും ഷീല പറഞ്ഞു.

എഴുപത്തി ഏഴാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു ഷീലാമ്മയുടെ പ്രതികരണം. നിലവില്‍ ചെന്നൈയിലാണ് ഷീല താമസിക്കുന്നത്. ‘എന്റെ ഇരുപത്തി അഞ്ചാമത്തെ വയസിൽ തന്നെ വിൽപ്പത്രമൊക്കെ എഴുതി. ഞാൻ മരിച്ചാൽ എന്തു ചെയ്യണം എന്നൊക്കെ ഉണ്ട്. എന്നെ ദഹിപ്പിക്കണമെന്നാണ് എഴുതിയിരിക്കുന്നത്.

ഞാനൊരു ക്രിസ്ത്യാനിയാണ്. ഞങ്ങളെ മരിച്ചു കഴിഞ്ഞാൽ കുഴിച്ചിടും. എന്നെ കുഴിച്ചിടാൻ പാടില്ല. ദഹിപ്പിക്കണം. ആ ചാമ്പലെടുത്ത് ഭാരതപ്പുഴയിൽ ഒഴുക്കണം’, എന്നാണ് വിൽപ്പത്രത്തെ കുറിച്ച് ഷീല പറഞ്ഞത്.

“അഭിനയിക്കുന്നതിനെക്കാൾ ഇഷ്ടം എനിക്ക് പെയിന്റ് ചെയ്യാനാണ്. അഭിനയിക്കാൻ വരുന്നതിന് മുൻപ് തന്നെ വരക്കുമായിരുന്നു. ചെറുപ്പത്തിൽ നോട്ട് ബുക്കിൽ വരച്ച് തുടങ്ങിയതാണ്”, എന്ന് ഷീല പറയുന്നു. അടുത്ത മാസം കോഴിക്കോട് വച്ച് ഈ ചിത്രങ്ങളുടെ പ്രദർശനം നടക്കുന്ന സന്തോഷത്തിലുമാണ് അവർ. മലയാള സിനിമകൾ എല്ലാം കാണുന്ന ഷീല, എമ്പുരാന് ആശംസയും അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by