ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതം വഴിയുള്ള ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കർണാടക. നിലവിലുള്ള രാത്രികാല ഗതാഗത നിരോധനത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ നിലവിലെ സ്ഥിതി തുടരുമെന്നും കൂടുതൽ ബസുകൾ ഏർപ്പെടുത്തില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ആസ്ഥാനമായുള്ള ബൈജു പോൾ മാത്യൂസ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഇടക്കാല അപേക്ഷയുടെ പശ്ചാത്തലത്തിലാണ് കർണാടക സർക്കാരിന്റെ തീരുമാനം. 2009ൽ ബന്ദിപ്പൂരിൽ രാത്രി ഗതാഗതം നിരോധിച്ചതിനുശേഷം, കർണാടകയ്‌ക്കും കേരളത്തിനും നാല് ബസുകൾ വീതം സർവീസ് നടത്താൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, അവധി ദിവസങ്ങളിലും മാറ്റും യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് കണക്കിലെടുത്ത് ബസുകളുടെ എണ്ണം എട്ടായി ഉയർത്തണമെന്ന് കേരളം സുപ്രീം കോടതിയിൽ വാദിച്ചു.
എന്നാൽ ബെംഗളൂരുവിൽ വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം ചേർന്ന് തൽസ്ഥിതി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. നിലവിലുള്ള നിയമങ്ങൾ ലഘൂകരിക്കാനോ സംസ്ഥാനങ്ങൾക്കിടയിൽ കൂടുതൽ ബസുകൾ സർവീസ് നടത്താനോ കർണാടകയ്‌ക്ക് ഉദ്ദേശ്യമില്ലെന്ന് ഗുണ്ടൽപേട്ട് എംഎൽഎ എച്ച്.എം. ഗണേഷ് പ്രസാദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: