കോഴിക്കോട്: അന്തരിച്ച ബിജെപി നേതാവ് അഹല്യാ ശങ്കറിന് നഗരം നല്കിയ യാത്രാമൊഴി ആ നേതാവിന്റെ സര്‍വജന സ്വീകാര്യത വെളിപ്പെടുത്തുന്നതായി. നാട്ടുകാരുടെ പ്രിയംകരിയായ ‘അഹല്യേടത്തി’യെ അനുസ്രിക്കാന് സര്‍വകക്ഷിയോഗം ചേര്‍ന്നു. മേയര്‍, ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍ സര്‍വകക്ഷി അനുശോചന യോഗത്തില്‍ അഹല്യാ ശങ്കറിന്റെ പ്രവര്‍ത്തനവും വ്യക്തിവിശേഷവും അനുസ്മരിച്ചു.
താന്‍ വിശ്വസിച്ച ആദര്‍ശത്തിനു വേണ്ടി ജീവിതകാലം മുഴുവന്‍ നിലകൊണ്ട അഹല്യാ ശങ്കര്‍ പ്രവര്‍ത്തകരുടെ മനസില്‍ ഒരു കെടാവിളക്കായി എന്നുമുണ്ടാകുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്. അഹല്യാ ശങ്കറിന്റെ വെള്ളയിലെ വീടിന് മുന്നില്‍ ചേര്‍ന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഘം, ജനതാപാര്‍ട്ടി, ബിജെപി എന്നീ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സഞ്ചാരപഥത്തില്‍ പടവുകള്‍ ചവിട്ടിക്കയറിയാണ് അഹല്യേടത്തി കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായി മാറിയത്. ജനസംഘത്തിന്റെ വനിതാവിഭാഗമായ ഭഗിനീ മണ്ഡലത്തെ മുന്നില്‍നിന്ന് നയിച്ച വിരലിലെണ്ണാവുന്ന നേതാക്കളിലൊരാളായിരുന്നു അവര്‍. ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഞങ്ങളെ പോലുള്ള പ്രവര്‍ത്തകര്‍ക്ക് എന്നും അഭയമായിരുന്നു അവരെന്നും സി.കെ. പത്മനാഭന് പറഞ്ഞു.
ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു അധ്യക്ഷനായി. കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്, എം.കെ. രാഘവന് എംപി, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, മാതൃഭൂമി ചെയര്മാന് പി.വി. ചന്ദ്രന്, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി. പീതാംബരന്, ബിജെപി നേതാക്കളായ രമാ രഘുനന്ദനന്, പള്ളിയറ രാമന്, അരയസമാജം ഭാരവാഹി ജയാനന്ദന്, പി.കെ. നാസര്‍ (സിപിഐ), കെ. മൊയ്തീന് കോയ, എം.കെ. ഭാസ്കരന് (ആര്‍ജെഡി) എന്നിവര്‍ സംസാരിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ. രഘുനാഥ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: