ന്യൂദല്‍ഹി: മയക്കുമരുന്നിലൂടെ സമ്പാദിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു കിലോ മയക്കുമരുന്ന് പോലും രാജ്യത്തിനകത്തേക്കും പുറത്തേക്കും കടത്താന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാരിന്റെ നയം. 1.25 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മയക്കുമരുന്ന് ഇതിനകം പിടിച്ചെടുത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 14,000 കോടി രൂപയിലധികം വിലമതിക്കുന്ന 23,000 കിലോഗ്രാം സിന്തറ്റിക് ലഹരിവസ്തുക്കള്‍ നശിപ്പിച്ചു. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ലഹരിക്കെതിരായ പോരാട്ടം തുടരും. കറുപ്പ് കൃഷി കണ്ടെത്തുന്നതിന് ഡ്രോണ്‍ അടക്കമുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെ അദ്ദേഹം പറഞ്ഞു.
2026 ആവുന്നതോടെ രാജ്യത്ത് നിന്ന് നക്സലിസം തുടച്ചുനീക്കുമെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ ഭീകരവാദം, നക്സലുകളുടെ വെല്ലുവിളി, മയക്കുമരുന്ന് ദുരുപയോഗം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ എന്നിവ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അമിത് ഷാ വിശദീകരിച്ചു.
ഭീകരവാദത്തിനെതിരെ ശക്തമായ നടപടി തുടരുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. ഭീകരവാദത്തിലുള്ള സ്വദേശി യുവാക്കളുടെ പങ്കാളിത്തം ഇല്ലാതായി. പത്ത് വര്‍ഷം മുമ്പ് ഭീകരരെ മഹത്വവല്‍ക്കരിക്കുന്നത് സാധാരണമായിരുന്നു.
ഭീകരരുടെ ശവസംസ്കാര ഘോഷയാത്രകള്‍ വരെ നടക്കുമായിരുന്നു, ഇപ്പോളതില്ല. ഒരുകാലത്ത് ഭീകരരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതിനെതിരെ ഈ സര്‍ക്കാര്‍ നിഷ്ക്കരുണം നടപടി സ്വീകരിച്ചു, അദ്ദേഹം പറഞ്ഞു.
ചില പാര്‍ട്ടികള്‍ രാഷ്ട്രീയ ലാഭത്തിനായി ഭാഷാ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരികയാണെന്ന് അമിത്ഷാ പറഞ്ഞു. അഴിമതി മറച്ചുവയ്ക്കാനാണ് ഇത് ചെയ്യുന്നത്. ഭാഷയുടെ പേരില്‍ രാജ്യത്ത് ധാരാളം വിഭജനങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇനി അത് സംഭവിക്കരുത്. എല്ലാ ഭാരതീയ ഭാഷകളും രാജ്യത്തിന്റെ നിധിയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: