കോഴിക്കോട്: രാഷ്‌ട്രീയ കേരളത്തിലെ മാതൃസാന്നിധ്യമായ അഹല്യാ ശങ്കറിന് യാത്രാമൊഴി. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നൂറുകണക്കിന് ജനങ്ങളുടെയും സാന്നിധ്യത്തില്‍ വെസ്റ്റ്ഹില്‍ ശ്മശാനത്തിലായിരുന്നു സംസ്‌കാരച്ചടങ്ങ്.
ഉച്ചയ്‌ക്ക് 12 മണിയോടെ ഇളയ മകന്‍ രത്‌നസിങ് ചിതയ്‌ക്ക് തീകൊളുത്തി. രാവിലെ മുതല്‍ വെള്ളയിലെ വീട്ടിലേക്ക് അഹല്യേടത്തിയുടെ ഭൗതികദേഹം അവസാനമായി കാണാന്‍ വലിയ ജനാവലി എത്തിയിരുന്നു.
പത്തു മണി മുതല്‍ തളിയിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പദ്മനാഭന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ആദ്യകാല ബിജെപി നേതാവ് എളമ്പിലാശ്ശേരി ഗോവിന്ദന്‍, വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.കെ. രാഘവന്‍ എംപി തുടങ്ങിയ നിരവധി പ്രമുഖരുള്‍പ്പെടെ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും മാരാര്‍ജി ഭവനിലുമായെത്തിയിരുന്നു.
സംസ്‌കാരത്തിന് ശേഷം വെള്ളയില്‍ ചേര്‍ന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ മേയര്‍, എംപി, എംഎല്‍എ, വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: