ബെംഗളൂരു: ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് വിജയദശമിയോടെ തുടക്കമാകുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്നത് സംഘത്തിന്റെ രീതിയല്ല. അത് ആത്മപരിശോധനയ്‌ക്കും സമാജത്തെ ഒപ്പം ചേര്‍ത്ത് സംഘപ്രവര്‍ത്തനം മുന്നോട്ട് നയിക്കുന്നതിനും രാഷ്‌ട്രകാര്യത്തിനായി സ്വയം സമര്‍പ്പിക്കുന്നതിനുമുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ചെന്നനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ അഖില ഭാരതീയ പ്രതിനിധി സഭയുടെ സമാപന ദിവസം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശതാബ്ദിയില്‍ കൂടുതല്‍ ഗുണാത്മകവും സൂക്ഷ്മവും സമഗ്രവുമായ രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകും. ഇത് പുതിയ പ്രവര്‍ത്തനമല്ല, നൂറ്റാണ്ടുകളായുള്ള പരിശ്രമങ്ങളുടെ തുടര്‍ച്ചയാണെന്ന് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സര്‍കാര്യവാഹ് ഓര്‍മിപ്പിച്ചു.
ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വിജയദശമിയില്‍ രാജ്യത്തുടനീളം ഖണ്ഡ്, നഗര്‍ തലത്തില്‍ ഗണവേഷധാരികളായ സ്വയംസേവകര്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ നടക്കും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാഗ്പൂരില്‍ വിജയദശമി സന്ദേശം നല്കും.
2025 നവംബര്‍ മുതല്‍ 2026 ജനുവരി വരെ രാജ്യമൊട്ടാകെ ഗൃഹസമ്പര്‍ക്കം നടത്തും. ശതാബ്ദിയുടെ ഭാഗമായി സമാജ പരിവര്‍ത്തനം ലക്ഷ്യമിട്ട് മുന്നോട്ടുവച്ച പഞ്ചപരിവര്‍ത്തനത്തിലൂന്നിയാകും (കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വ (തനിമ), പൗരബോധം). എല്ലാ ഗ്രാമത്തിലും എല്ലാ സ്ഥലങ്ങളിലും എല്ലാ വീടുകളിലും ഈ സന്ദേശമെത്തും വിധത്തിലാകും സമ്പര്‍ക്കമെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
മണ്ഡല്‍ കേന്ദ്രങ്ങളിലും പ്രാദേശികമായും വിപുലമായ ഹിന്ദു സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഒരു തരത്തിലുമുള്ള വിവേചനങ്ങളില്ലാത്ത, ഒരുമയും സൗഹൃദവും നിറഞ്ഞ സാമൂഹിക ജീവിതമെന്ന സമരസതയുടെ സന്ദേശം ഈ സമ്മേളനങ്ങളിലുയരും.
ഖണ്ഡ് (താലൂക്ക്), നഗര കേന്ദ്രങ്ങളില്‍ സാമാജിക സദ്ഭാവനാ സമ്മേളനങ്ങള്‍ നടക്കും.ദേശീയ വിഷയങ്ങളില്‍ സമൂഹത്തിന് ശരിയായ ആശയങ്ങള്‍ പകരാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് വിചാര സഭകള്‍ നടത്തും.
പതിനഞ്ചിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കായി പ്രാദേശികതലത്തില്‍ വ്യത്യസ്ത പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. രാഷ്‌ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സേവനം, പഞ്ചപരിവര്‍ത്തനം എന്നിവയിലേക്ക് യുവാക്കളെ നയിക്കുന്നതിന് ഉതകുന്നതാകും ഇത്തരം സമ്മേളനങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കേരള പ്രാന്ത ബൗദ്ധിക് പ്രമുഖായിരുന്ന കെ.പി. രാധാകൃഷ്ണന്‍ കേരളം, തമിഴ്‌നാട് ഉള്‍പ്പെടുന്ന ദക്ഷിണ ക്ഷേത്ര സഹ ബൗദ്ധിക്പ്രമുഖായി പ്രവര്‍ത്തിക്കും. ഉത്തരകേരള പ്രാന്തവ്യവസ്ഥാ പ്രമുഖായിരുന്ന വി. ഉണ്ണികൃഷ്ണന്‍ ദക്ഷിണ ക്ഷേത്ര പ്രചാരക് പ്രമുഖായി പ്രവര്‍ത്തിക്കും. ഇന്നലെ പ്രതിനിധി സഭയുടെ സമാപന സഭയില്‍ സര്‍കാര്യവാഹാണ് പുതിയ ചുമതലകള്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: