ന്യൂദല്‍ഹി: പട്ടിണി സൂചിക എന്ന പേരില്‍ ഇറക്കിയിരുന്ന ഒരു പട്ടികയില്‍ പലപ്പോഴും പട്ടിണിയുള്ള പാകിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും എല്ലാം സ്ഥാനത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലായിരിക്കുന്നത് പലപ്പോഴും ഞെട്ടലുണ്ടാക്കാറുണ്ട്. രാജ്യസ്നേഹികള്‍ക്ക് ഈ പട്ടികയോട് വിദ്വേഷം തോന്നുക സ്വാഭാവികം. . ഈ പട്ടിക തയ്യാറാക്കുന്നത് വിദേശത്തെ എന്‍ജിഒകളാണ്. അവരുടെ ലക്ഷ്യം ഇന്ത്യയെ താറടിക്കുക എന്നതാണ്. പട്ടിക പുറത്തുവിട്ടാല്‍ ഉടനെ ബിബിസി,സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള ചാനലുകളില്‍ വാര്‍ത്തയും വരും. പട്ടിണി സൂചികയില്‍ 127 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 105 ആയതിനാല്‍ വിദേശ ചാനലുകള്‍ പറയും…നോക്കൂ ഇന്ത്യ ദയനീയ പരാജയം എന്ന്. ഈ പട്ടിക തയ്യാറാക്കുന്നതിന് പിന്നില്‍ ഒട്ടേറെ ഒളിച്ചുകളികളുണ്ട്. അത് ഇന്ത്യ ഒരിയ്‌ക്കല്‍ പരസ്യമായി ചൂണ്ടിക്കാട്ടിയിട്ടും പട്ടിണി സൂചിക (ഹംഗര്‍ ഇന്‍ഡക്സ് Hunger Index) പ്രസിദ്ധീകരിക്കുന്ന എന്‍ജിഒ അവരുടെ അജണ്ടയനുസരിച്ച് ഇന്ത്യയെ എന്നും പിന്നില്‍ തന്നെ നിലനിര്‍ത്തുകയാണ്.
അതുപോലെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മറ്റൊരു സൂചികയാണ് ഹാപിനെസ് സൂചിക (ഹാപിനെസ് ഇന്‍ഡക്സ് Happiness Index). ഇതില്‍ എല്ലാവര്‍ഷത്തേയും പോലെ ഫിന്‍ലാന്‍റിനെ തന്നെയാണ് ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയ്‌ക്ക് നല്‍കിയിരിക്കുന്നത് 118ാം സ്ഥാനമാണ്. ഹാപ്പിനെസ് പട്ടികയ്ക്ക് എതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ശ്രീ ശ്രീ രവിശങ്കര്‍. ഉറച്ച സാമൂഹ്യബന്ധങ്ങളും സഹകരണവും മാനുഷികമൂല്യങ്ങളും ഉള്ള ഇന്ത്യയ്ക്ക് ഈ ഹാപ്പിനെസ് പട്ടികയില്‍ ഉയര്‍ന്നസ്ഥാനം നല്‍കണമെന്ന അഭിപ്രായക്കാരനാണ് ശ്രീ ശ്രീ രവിശങ്കര്‍.
“ഊറ്റന്‍ ആഭ്യന്തരപ്രശ്നങ്ങള്‍ നടക്കുന്ന രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നില്‍ ആക്കിയതില്‍ ശ്രീ ശ്രീ രവിശങ്കറിന് നിരാശയുണ്ട്. ആഭ്യന്തര വഴക്കുകള്‍ നടക്കുന്ന പ്രദേശങ്ങളുള്ള രാജ്യത്ത് എങ്ങിനെയാണ് ആളുകള്‍ തമ്മില്‍ കൂടുതല്‍ മാനസികമായ രഞ്ജിപ്പ് ഉണ്ടാവുന്നത്? എന്തായാലും ഹാപിനെസ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നില്‍ ആയിരിക്കേണ്ടതുണ്ട്.” – ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നു.
“ഞാന്‍ ലോകം മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മാനുഷിക മൂല്യങ്ങള്‍ കൂടുതല്‍ ഉയര്‍ന്ന നിലയിലാണ്. ഭൂതദയയും കൂടുതലാണ്. അതിഥികളെ ഊഷ്മളമായി സ്വീകരിക്കുന്ന കാര്യത്തിലും നമ്മുടെ വിഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്‌ക്കുന്ന കാര്യത്തിലും ഇന്ത്യക്കാര്‍ കൂടുതല്‍ തല്‍പരരാണ്. ഏതെങ്കിലും ഒരു കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആ ഗ്രാമം മുഴുവന്‍ ഓടിയെത്തും. ഇത്തരം സാമൂഹിക ബന്ധം ഇവിടെ ശക്തമാണ്. ഇന്ത്യയില്‍ പ്രശ്നങ്ങളില്ലെന്നല്ല. പക്ഷെ മാനുഷികമൂല്യങ്ങളുടെ കാര്യത്തിലും സാമൂഹികമായ ബന്ധത്തിന്റെ കാര്യത്തിലും ഇന്ത്യ ഏറെ മുന്‍പിലാണ്. ഒരു രാജ്യത്തിന്റെ ദാരിദ്ര്യത്തിന് ആഹ്ളാദവുമായോ ആഹ്ളാദമില്ലായ്മയുമായോ യാതൊരു ബന്ധവുമില്ല. “- ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നു.
2025ലെ ഹാപ്പിനെസ് പട്ടികയില്‍ തീവ്രവാദത്താലും വിഘടനപ്രശ്നങ്ങളാലും സമാൂഹിക അരാജകത്വത്താലും കലുഷിതമായ പാകിസ്ഥാനെപ്പോലും ഇന്ത്യയേക്കാള്‍ മുന്‍പിലാണ് ഈ പട്ടിക തയ്യാറാക്കിയ എന്‍ജിഒ നിലനിര്‍ത്തിയിരിക്കുന്നത്. പാകിസ്ഥാന് ഹാപ്പിനെസ് റാങ്ക് 109. ഇന്ത്യയുടേത് 118ഉം. എങ്ങിനെയുണ്ട്? അപ്പോള്‍ ഈ പട്ടിക തയ്യാറാക്കുന്നവരുടെ ലക്ഷ്യവും വ്യക്തമല്ലേ?- ഇന്ത്യയെ താറടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക