പുരാതന ഭാരതീയരുടെ ഭാഷയും കലയും സാഹിത്യവും വൈദിക ജ്ഞാനം ഉള്‍ക്കൊണ്ടവയായിരുന്നു. പ്രകൃതിയുടെയും മനുഷ്യന്റെയും സത്ത ഒന്നാണെന്നും അത് അനശ്വരമാണെന്നും നേരിട്ടു ദര്‍ശിച്ച ഋഷി വര്യന്മാരാല് തുടക്കം കുറിക്കപ്പെട്ട ഭാരതീയ കലാ-സാഹിത്യം ഭാവനയിലൂടെ പ്രപഞ്ചത്തെയും മനുഷ്യനെയും കോര്‍ത്തിണക്കുന്ന ഏകാത്മ ദര്‍ശനം ഉറപ്പിക്കുന്നവയാണ്. കലാ-സാഹിത്യത്തിലൂടെ ഇപ്രകാരമുള്ള ആദര്ശപ്രപഞ്ചം സൃഷ്ടിക്കുക വഴി വ്യക്തിയുടെ ധര്‍മബോധം പുഷ്ടിപ്പെടുത്തി ആത്മീയതക്ക് വഴിതെളിക്കാനും, സമൂഹത്തിന് ഉത്തമ സംസ്കാരം പ്രദാനം ചെയ്യാനുമാണ് ഭാരതീയര്‍ ഉദ്യമിച്ചത്. ആത്മീയതയുടെ സന്നിവേശത്താലായിരുന്നു ഭാരതീയ സാഹിത്യം വിശിഷ്ടവും ലോകോത്തരവുമായി ഭവിച്ചതും. ഭര്‍ത്തൃഹരിയുടെ ഭാഷാശാസ്ത്രവും വൈദികജ്ഞാനത്തെ ഉള്‍ക്കൊണ്ടതായിരുന്നു. മനസ്സിന്റെയും ഭാഷയുടെയും പ്രപഞ്ചത്തിന്റെയും സത്ത ഒന്നാണെന്നും, അതിനാലാണ് ഭാഷയ്ക്കും സാഹിത്യത്തിനും മനുഷ്യമനസ്സിനെ സമൂഹത്തോടും പ്രപഞ്ചത്തോടും ബന്ധിപ്പിക്കാന്‍ സാധിക്കുന്നതുമെന്ന ഉള്‍ക്കാഴ്ചയാണ് ഭര്‍ത്തൃഹരിയുടെ വിഖ്യാത കൃതിയായ വാക്യപദീയം വെളിപ്പെടുത്തുന്നത്.
ഏത് വിഷയമായാലും ആഴത്തിലേക്ക് കടക്കുമ്പോള്‍ അത് തത്ത്വജ്ഞാനമാകുന്ന അടിസ്ഥാനതലത്തിലെത്തുമെന്നാണ്. പുരാതന കാലത്തെ ഭാരതീയരുടെയും പാശ്ചാത്യരുടെയും പൊതു വീക്ഷണം. ഭര്‍ത്തൃഹരിയുടെ ‘വാക്യപദീയം’ ഇപ്രകാരമുള്ള കൃതിയാണ്. അത് ഭാഷാശാസ്ത്രത്തില്‍ നിന്ന് ഭാഷാതത്ത്വശാസ്ത്രത്തിലേക്ക് (Philosophy of language) നീങ്ങുന്നതാണ്. അതില്‍ അവതരിപ്പിച്ചിട്ടുള്ള സ്ഫോടതത്ത്വം അതീന്ദ്രിയ ശക്തിയാകുന്നു. ബ്രഹ്മത്തില്‍ നിന്നുത്ഭവിക്കുന്ന ശക്തിയാകുന്നതിനാല്‍ വേദത്തില്‍ ഇത് ‘ശബ്ദബ്രഹ്മ’മെന്ന് വിളിക്കപ്പെടുന്നു. വാക്യപദീയത്തിലെ ‘സ്ഫോട’വും വേദത്തിലെ ‘ശബ്ദബ്രഹ്മ’വും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമില്ല. ദൃശ്യപ്രപഞ്ചവും വാക്കും മനസ്സും ‘സ്ഫോട’ത്തിന്റെ പ്രകടനമാണെന്നാണ് വാക്യപദീയം സമര്‍ത്ഥിക്കുന്നത്. അതിനാല്‍ സാഹിത്യത്തിന്റെ മൂലവും ഈ അതീന്ദ്രിയ ശക്തിയാണ്. ഇപ്രകാരം ഭാഷാശാസ്ത്രത്തിന്റെയും അടിസ്ഥാനം തത്ത്വശാസ്ത്രമാകുന്നു.
ഈ വീക്ഷണത്തെ ദറിദ നിശിതമായി എതിര്‍ക്കുന്നു. തത്ത്വശാസ്ത്രത്തെ തരം താഴ്ത്തുന്നതിനായി ദറിദ അതിനെ സാഹിത്യത്തിന്റെ ഒരു ശാഖയായി മാത്രം കാണുന്നു. ഇതിനു കാരണം അത് അതീന്ദ്രിയ തത്ത്വശാസ്ത്രവും (metaphysics) ഉള്‍ക്കൊള്ളുന്നതാണ്. ദറിദ തത്ത്വശാസ്ത്രത്തിനെതിരെ വാദിക്കുന്നത്, അത് ആത്യന്തിക സത്യാന്വേഷണം എന്ന മുന്‍കൂട്ടിയുള്ള ലക്ഷ്യം വയ്ക്കുന്ന ശാസ്ത്രമായതിനാലും, അതിന്റെ അതിര്‍ത്തി ബന്ധിക്കപ്പെട്ടിരിക്കുന്നതിനാലുമാണ്. അതിന്റെ രീതിയും യുക്തിതത്ത്വങ്ങളെക്കൊണ്ട് ബന്ധിച്ചിരിക്കുന്നു. പക്ഷേ സാഹിത്യമാകട്ടെ പ്രത്യേക ലക്ഷ്യത്താലും രീതികൊണ്ടും ബന്ധിക്കപ്പെടുന്നില്ല. പുതിയ ആശയങ്ങളും ആവിഷ്കാരങ്ങളും സ്വീകരിക്കുന്നതിന് അതിര്‍ത്തി നിശ്ചയിച്ചിട്ടില്ലാത്തതും, ആര്‍ക്കും പ്രവേശനം നിഷേധിക്കാത്തതും, പരിമിതികളൊന്നും ഏര്‍പ്പെടുത്താത്തതുമാണ്. അതിനാല്‍ സാഹിത്യം അനന്തമായി വികസിച്ചു കൊണ്ടിരിക്കുന്നു. എല്ലാത്തരം ശാസ്ത്രങ്ങളും ഇതിന്റെ ശാഖകളാകുന്നുവെന്നാണ് ദറിദയുടെ വാദം. ശാസ്ത്രങ്ങളുടെയെല്ലാം പ്രകാശനം ഭാഷയിലൂടെയാകുന്നതിനാല് അവയെല്ലാം വിവിധ ഇനത്തിലുള്ള സാഹിത്യമാകുന്നു. അതായത് ചരിത്രം, പ്രകൃതി ശാസ്ത്രം, ജീവശാസ്ത്രം, മനഃശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം മുതലായവയെല്ലാം സാഹിത്യം തന്നെയാകുന്നു. ഇപ്രകാരം തന്നെ തത്ത്വശാസ്ത്രത്തെയും സാഹിത്യത്തിന്റെ ഭാഗമായി കാണാവുന്നതാണ്. ഇങ്ങനെ ഭാഷയിലൂടെ പ്രകാശിപ്പിക്കുന്ന എല്ലാത്തരം വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന അതിവിശാലമായ ഒരു കാന്‍വാസിലേക്കാണ് ദറിദ സാഹിത്യത്തെ വ്യാപിപ്പിച്ചത്.
ഘടനാവാദത്തിന്റെ പരിണതികള്‍
ഭൗതിക പ്രപഞ്ചത്തിന്റെ സ്വഭാവമാണ് ദറിദ സാഹിത്യത്തിന് കല്‍പ്പിക്കുന്നത്. വിഷയലോകം അനന്തമായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു, അതിനാല്‍ സാഹിത്യത്തിനും അതിരില്ല. പക്ഷേ വിഷയപ്രവാഹത്തിന്റെ നിലയില്ലാക്കയത്തില്‍ മുങ്ങി അവസാനിക്കേണ്ട ജന്മമല്ല മനുഷ്യന്റേത് എന്നുദ്ബോധിപ്പിക്കുന്ന ജ്ഞാനമാണ് തത്ത്വശാസ്ത്രത്തിന്റേത്. അനന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന സംസാരത്തിന്റെ മറുകര കണ്ടുപിടിക്കാന്‍ യോഗ്യമായ അന്തഃകരണമാണ് പ്രകൃതി മനുഷ്യന് സമ്മാനിച്ചിട്ടുള്ളത്. ഈ വൈശിഷ്ട്യത്തെ പ്രപഞ്ചത്തിന്റെ അനിശ്ചിതത്വത്തിന് അടിമപ്പെടുത്തുന്നത് ആത്മഹത്യാപരമാണ്. ബോധമില്ലെങ്കില്‍ അനുഭവവുമില്ല, ലോകവുമില്ല. അതിനാലാണ് ഭാരതീയ തത്ത്വജ്ഞാനികള്‍, ചലനാത്മകമായ പ്രപഞ്ചത്തിന്റെ മുഴുവന്‍ അടിസ്ഥാനതത്ത്വമായി നിശ്ചലാവസ്ഥയിലുള്ളതും സ്വരൂപവ്യതിയാനമില്ലാത്തതുമായ ചിത്സ്വരൂപത്തെ (കേവല ബോധ സ്വരൂപം) കണ്ടത്. പക്ഷേ ഉത്തരാധുനിക ചിന്തകര്‍ അസ്തിത്വ നിഷേധികളും, അനിശ്ചിതത്വത്തില്‍ രമിക്കുന്നവരുമാകയാല് തത്ത്വജ്ഞാനം നല്കുന്ന ഈ ഉള്‍ക്കാഴ്ച തള്ളിക്കളയുന്നവരാണ്. എന്നാല്‍ ഭര്‍ത്തൃഹരിയുടെ വാക്യപദീയമാകട്ടെ ഈ ഉള്‍ക്കാഴ്ചയുടെ പ്രകാശനമാകുന്നു.
പാശ്ചാത്യഭാഷാ ശാസ്ത്രത്തില്‍ ഘടനാ വാദം ആധുനികതയുടെ ഒരു സവിശേഷതയായിരുന്നു. യൂറോപ്പിലെ വിഖ്യാത സംസ്കൃത ഭാഷാ പണ്ഡിതന് ഫെര്‍ഡിനന്‍ഡ് ദേ സൊസൂര്‍ (1857-1913) ആണ് ഘടനാ വാദത്തിന്റെ (structuralism) ഉപജ്ഞാതാവ്. ഘടനാവാദം ഭാഷാശാസ്ത്രത്തിലാണ് തുടക്കം കുറിച്ചതെങ്കിലും, പിന്നീട് നരവംശ ശാസ്ത്രം, പാരിസ്ഥിതിക വിജ്ഞാനം, ഭൗതിക ശാസ്ത്രം എന്നീ വിജ്ഞാന മേഖലകളിലും പ്രയോജനകരമായ ഒരു പഠന സമ്പ്രദായമായി അംഗീകരിക്കപ്പെട്ടു. ആധുനിക പാശ്ചാത്യ ഭാഷാ പണ്ഡിതന്മാരുടെ ഇടയില്‍, ശബ്ദങ്ങളെ വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നത് അവ തമ്മിലുള്ള അന്തരം മൂലമാണെന്നത് ആദ്യമായി ശ്രദ്ധയില്‍ കൊണ്ടുവന്നത് സൊസൂറായിരുന്നു. എന്നാല്‍ അര്‍ത്ഥവിനിമയ കാര്യത്തില്‍ വാക്കുകള്‍ ആപേക്ഷികമാണെന്നും സൊസൂര്‍ വാദിക്കുകയുണ്ടായി. അതായത് വാക്കുകള്‍ തമ്മില്‍ ചേര്‍ന്ന് വാക്യമാകുമ്പോള്‍ മാത്രമാണ് ഭാഷ വിനിമയയോഗ്യമാകുന്നത്. ശബ്ദങ്ങളുടെ വ്യതിരിക്ത സ്വഭാവമല്ല ഇവിടെ പ്രധാനം, മറിച്ച് ഭാഷയില്‍ സാധ്യമാകുന്ന വാക്കുകളുടെ ഘടന മൂലമാണ് അര്‍ത്ഥവിനിമയം നടക്കുന്നത്. അതിനാല്‍ സൊസൂറിന്റെ വാദം ഘടനാവാദം എന്ന പേരിലറിയപ്പെട്ടു.
വാസ്തവത്തില്‍ പുരാതന ഭാരതത്തിലെ പദവാദികളും അഖണ്ഡവാദികളും തമ്മിലുണ്ടായ വാദപ്രതിവാദത്തെയാണ് ആധുനിക ഭാഷാശാസ്ത്രരംഗത്ത് സൊസൂര്‍ അവതരിപ്പിച്ചത്. ഭാരതത്തില്‍ പുരാതനകാലത്തുതന്നെ ഭാഷയുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു. വൈയ്യാകരണന്മാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്, നൈയ്യായികന്മാര്‍, പൂര്‍വ്വമീമാംസകര്‍ എന്നിവര്‍ വ്യത്യസ്ത ദിശകളില്‍ നിന്നുകൊണ്ട് ഭാഷയെ അതിവിപുലമായിത്തന്നെ വിശകലനം ചെയ്തിരുന്നു. പാശ്ചാത്യഭാഷാ പണ്ഡിതന്മാരാകട്ടെ ആധുനിക കാലത്താണ് ഭാഷയുടെ അടിസ്ഥാന താത്ത്വിക പ്രശ്നങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്തത്. മാത്രമല്ല, പ്രമുഖ പാശ്ചാത്യഭാഷാ പണ്ഡിതന്മാരില് പലരും പുരാതന ഭാരതീയ ഭാഷാ ശാസ്ത്രത്തെ അംഗീകരിക്കുകയും ചെയ്തവരായിരുന്നു. സൊസൂറിനെ കൂടാതെ അമേരിക്കയിലെ പ്രസിദ്ധ പണ്ഡിതനായ നോം ചോമ്സ്കിയും ലിയോനാര്‍ഡ് ബ്ലൂംഫീല്ഡൂം ഇവരില്‍പ്പെടുന്നു.
പ്രാചീന ഭാരതത്തില്‍ ഭാഷയെ സംബന്ധിച്ച ചര്‍ച്ചയില്‍ നൈയ്യായികന്മാരുടെ വാദമനുസരിച്ച് അര്‍ത്ഥം ഗ്രഹിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് വാക്കുകളാണ്, അതിനാല്‍ അവയാണ് ഭാഷയുടെ പ്രധാന ഘടകങ്ങള്‍. എന്നാല്‍ വൈയ്യാകരണന്മാര്‍ (പാണിനി, പതഞ്ജലി, ഭര്‍ത്തൃഹരി മുതലയാവര്‍) വാദിച്ചത്, വാക്കുകള്‍ നിശ്ചിത രീതിയില്‍ ചേര്‍ന്ന് വാക്യമാകുമ്പോഴാണ് വാക്കുകള്‍ക്ക് പ്രസക്തമായ അര്‍ത്ഥം ലഭ്യമാകുന്നത്, അതിനാല്‍ വാക്യത്തിന്റെ ഘടനക്ക് അഥവാ വ്യാകരണത്തിനാണ് അര്‍ത്ഥവിനിമയ കാര്യത്തില്‍ പ്രധാന പങ്ക്.
ഘടനാവാദത്തിന്റെ ഒരു വിസ്തരണമാണ് സമഗ്രതാവാദം (holism). ഘടകങ്ങളുടെ ആകെത്തുകയെക്കാള്‍ അധികമാണ് ഘടന എന്ന ഈ വാദത്തിന് ആധാരം ജീവികളുടെ ഘടനയും പ്രവര്‍ത്തനവുമാണ്. അവയവങ്ങള്‍ കൂടിച്ചേരുന്നതാണ് ശരീരമെങ്കിലും അതിലെ ചില ഭാഗങ്ങള്‍ വേര്‍പെട്ടാലും ശരീരം നിലനില്ക്കുന്നു. എന്നാല്‍ വേര്‍പെടുന്ന അവയവം നിര്‍ജീവമാകുന്നു. ശരീരത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ മാത്രമേ അതിന് ജീവനുള്ളൂ. അതിനാല്‍ ശരീരത്തിന്റെ ഘടനയാണ് പ്രത്യേക ഘടകങ്ങളെക്കാള്‍ പ്രധാനം. ശരീര ഘടനയെ നിലനിര്‍ത്തുന്നത് പ്രകൃതിയില്‍ നിന്നു ലഭ്യമാകുന്ന വായുവും വെള്ളവും പ്രകാശവും അന്നവുമൊക്കെയാവുന്നു. ഇതിനര്‍ത്ഥം പ്രപഞ്ചഘടനയാകുന്ന സമഷ്ടിയുടെ ഒരു ഘടകം മാത്രമാണ് ശരീരത്തിന്റെ ഘടന എന്നതാണ്.
മനുഷ്യന്റെ ഭൗതികമായ അസ്തിത്വം ഇപ്രകാരം പ്രകൃതിയുടെ സ്വാധീനത്തിലാണെന്ന തിരിച്ചറിവാണ് നരവംശ ശാസ്ത്രത്തെ പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെടുത്തിയത്. പ്രകൃതി മനുഷ്യന് ആസ്വദിക്കാനുള്ളതാണെന്ന പാശ്ചാത്യ മതവിശ്വാസത്തിന്റെ പേരില്‍ പ്രകൃതിയുടെ മേല്‍ മറ്റ് ജീവികള്‍ക്കൊന്നുമില്ലാത്ത അവകാശം മനുഷ്യന് സ്വയം ഏറ്റെടുത്തതിനെ ചോദ്യം ചെയ്യുന്ന പുതിയ കാഴ്ചപ്പാട് ഘടനാവാദ പ്രേരിതമാണ്. അനേകലക്ഷം ജീവിവര്‍ഗ്ഗങ്ങളുടെ ആവാസകേന്ദ്രമാകുന്ന ഈ പ്രകൃതിയിലെ കേവലമൊരു ജീവിവര്‍ഗ്ഗം മാത്രമാകുന്ന മനുഷ്യന് സ്വന്തം ആസക്തിയുടെ തൃപ്തിക്കായി പ്രകൃതിയെ മൊത്തം ദൂഷിതമാകുന്ന അവസ്ഥ ആത്മഹത്യാപരമാണെന്ന പാരിസ്ഥിതിക വിജ്ഞാനം ഇതിന്റെ ഫലമാണ്.
ഘടനാവാദത്തിന്റെ ഉപയോഗം ഏറ്റവും ഫലപ്രദമായി ഭവിച്ചത് ഭൗതിക ശാസ്ത്രഗവേഷണ രംഗത്താണ്. ശാസ്ത്രം പ്രപഞ്ചത്തെ പല ഖണ്ഡങ്ങളാക്കി ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം മുതലായ ശാസ്ത്ര ശാഖകള്‍ക്ക് പ്രത്യേക വിഷയങ്ങളാക്കുന്നു. എന്നാല്‍ ഘടനാ വാദം ഈ പ്രത്യേക വിഷയങ്ങളെ തമ്മില്‍ കോര്‍ത്തിണക്കി പഠിക്കാന്‍ പ്രേരിപ്പിച്ചു. ബയോകെമിസ്ട്രി, ബയോഫിസിക്സ്, പരിസ്ഥിതി ശാസ്ത്രം, നാനോ സയന്‍സ് മുതലായ പുതിയ വൈജ്ഞാനിക ശാഖകള്‍ ഉണ്ടായത് ഇത്തരം പഠനത്തിന്റെ ഫലമായിട്ടാണ്.
ഘടനാവാദം സാഹിത്യത്തില്‍
ഒരു ഗ്രന്ഥത്തിലെ ഘടനയെന്നത് അതിലെ മുഖ്യപ്രമേയവും അതിനെ പിന്താങ്ങുന്ന ഉപപ്രമേയങ്ങളും ചേര്‍ന്നതാണെന്നാണ് ഘടനാവാദത്തിന്റെ കാഴ്ചപ്പാട്. അതിനാല്‍ ഗ്രന്ഥത്തിലെ വാക്കുകളുടെ അര്‍ത്ഥം വാക്യത്തിന്റെ സാരത്തോടും, വാക്യങ്ങളുടെ സാരം ഖണ്ഡികകളുടെ സാരത്തോടും, ഖണ്ഡികകളുടെ സാരം ഗ്രന്ഥത്തിലെ പ്രധാന പ്രമേയത്തോടും ബന്ധപ്പെടുത്തിവേണം നിരൂപണം നടത്തേണ്ടതെന്നാണ് ഘടനാവാദത്തിന്റെ നിലപാട്. ഒരു ഗ്രന്ഥകാരന് അവതരിപ്പിക്കുന്ന പ്രമേയത്തോടും തന്റെ ഉദ്ദേശ്യത്തോടും നീതി പുലര്‍ത്തുന്നതിന് ഇത്തരം പുനര്‍വായനയാണ് ആവശ്യം.
എന്നാല്‍ ഘടനകളുടെയെല്ലാം മേല്‍ക്കോയ്മ തകര്‍ത്ത് ഘടകങ്ങളെ വേര്‍തിരിച്ച് സ്വതന്ത്രമാക്കുകയെന്നതാണ് ദറിദയുടെ പ്രഖ്യാപിത പദ്ധതി. ഭാഷാശാസ്ത്രത്തില്‍ ഇത് ഉത്തരഘടനാവാദം (poststructuralsim) എന്നറിയപ്പെടുന്നു. ഇതുപ്രകാരം ദറിദ ആദ്യം ഭാഷയെ അതീന്ദ്രിയ തത്ത്വത്തില്‍ നിന്ന് അടര്‍ത്തിമാറ്റുന്നു. പിന്നീട് ഗ്രന്ഥകാരന്റെ ഉള്‍ക്കാഴ്ചയില്‍ നിന്ന് ഗ്രന്ഥത്തെ വേര്‍പെടുത്തുന്നു. ഇപ്രകാരം ഗ്രന്ഥത്തെ പുനര്‍വായനയുടെ അഴിച്ചുപണിക്കായി സ്വതന്ത്രമാക്കുന്നു. ഗ്രന്ഥകാരന്റെ താല്പ്പര്യമുള്ക്കൊള്ളുന്ന മുഖ്യ ആശയത്തെ നിഷ്പ്രഭമാക്കുന്നതോടെ ഗ്രന്ഥത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആശയങ്ങളെല്ലാം മുഖ്യ ആശയത്തിന്റെ മേല്ക്കോയ്മയില് നിന്നു മുക്തമാകുന്നു. ഇതോടെ ഗ്രന്ഥത്തില്‍ തികച്ചും വ്യതിരിക്തമായ ആശയങ്ങള്‍ വ്യാഖ്യാനമെന്ന വ്യാജേന കൂട്ടിവായിക്കുന്നു.
അടുത്തതായി ദറിദ വാക്കുകളുടെ മേലുള്ള വാക്യത്തിന്റെ ആധിപത്യത്തെ എതിര്‍ക്കുന്നു. ഇവിടെ സൊസൂറിന്റെ ഘടനാവാദത്തോടൊപ്പം വൈയ്യാകരണന്മാരുടെ അഖണ്ഡവാദമാണ് ചോദ്യം ചെയ്യപ്പെടുന്നത്. അര്‍ത്ഥ വിനിമയത്തില്‍ ദറിദ വാക്കുകളെ അടിസ്ഥാന ഘടകങ്ങളാക്കുകയും, അവയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഭാഷയെ ഘടകങ്ങളാക്കുകയും ഘടകങ്ങളെ അടിസ്ഥാനമാക്കുകയും ചെയ്യുന്ന വ്യവച്ഛേദക രീതിയാണ് ഉത്തരഘടനാ വാദത്തിന്റേത്. ദറിദയുടെ ഈ ക്രമഭംഗം ഉന്നം വയ്ക്കുന്നത് ഭര്‍ത്തൃഹരിയുടെ വാക്യപദീയത്തിലെ ശബ്ദബ്രഹ്മത്തെയും അഖണ്ഡവാദത്തെയും എതിര്‍ക്കുകയെന്നതാണ്.
ഇപ്രകാരം മുഖ്യപ്രമേയത്തില്‍ നിന്നടര്‍ത്തി, ഗ്രന്ഥകാരന്റെ ഉദ്ദേശ്യത്തില്‍ നിന്ന് അകറ്റി ഗ്രന്ഥത്തിന്റെ വാക്കുകളോ വാക്യങ്ങളോ ഖണ്ഡികകളോ വിലയിരുത്തപ്പെടുന്നത് ഭാഗികവും വികലവുമായ വിമര്‍ശനമാകുന്നതാണ്. ഗ്രന്ഥത്തിന്റെ ശരിയായ വിലയിരുത്തല്‍ ആകുന്നില്ല. മറിച്ച് വ്യാഖ്യാതാവിന്റെ മുന്‍വിധി കാരണം പക്ഷപാതപരമായ വിമര്‍ശനത്തിലൂടെ ഗ്രന്ഥത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. ഇന്ന് ഭാരതീയ ഇതിഹാസങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്ന ഇത്തരം വെല്ലുവിളികള്‍ കേരളത്തില്‍ പക്ഷപാതപരമായ വിമര്‍ശനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. മാര്‍ക്സിസവും കള്‍ച്ചറല്‍ മാര്‍ക്സിസവും പഠിച്ച ഇരാവതി കാര്‍വെ, എം.ടി.വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ രാഷ്ട്രീയാവബോധത്തോടുകൂടിത്തന്നെയാണ് ദറിദയുടെ പദ്ധതിയെ ഉപയോഗപ്പെടുത്തിയത്. എന്നാല്‍ മറ്റ് പല കലാസാഹിത്യകാരന്മാരും ഇത് പുതിയ ശൈലിയെന്ന വിശ്വാസത്താല്‍ ഇവരെ പിന്തുടരുന്നവരാണ്.
(തുടരും)
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: