തൃശൂർ: തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംഘടിപ്പിക്കുന്ന തൃശൂർ പൂരം പ്രദർശനത്തിന് തുടക്കമായി. 62ാം പൂര പ്രദർശനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും റവന്യൂ മന്ത്രി കെ. രാജനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനം നടത്തിയെങ്കിലും ഏപ്രിൽ രണ്ടിന് മാത്രമാകും സ്റ്റാളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുക.
തൃശൂർ പൂരത്തിന് മുന്നോടിയായി സാംസ്കാരിക നഗരി അണിഞ്ഞൊരുങ്ങുകയാണ്. പൂര നടത്തിപ്പിനും സംഘാടനത്തിനും ആവശ്യമായ ചെലവുകൾ കണ്ടെത്തുന്നതിനാണ് അര നൂറ്റാണ്ടിലേറെയായി പ്രദർശനം സംഘടിപ്പിക്കുന്നത്. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനുമതിയോടു കൂടിയാണ് പൂരപ്രദർശനം നടക്കുന്നത്. 62ാമത് പൂരപ്രദർശനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും റവന്യൂ മന്ത്രി കെ. രാജനും ചേർന്ന് നിർവഹിച്ചു.
ഓരോ പൂരാസ്വാദകനുമാണ് തൃശൂർ പൂരം നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഈ ഉത്സവകാലം ഏറ്റവും ഭംഗിയാകട്ടെ എന്ന് ആശംസിക്കുന്നതായും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മേയർ എം.കെ. വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രി ആർ. ബിന്ദു, പി. ബാലചന്ദ്രൻ എംഎൽഎ, കൊച്ചിൻ ദേവസ്വം ബോർഡ് നിയുക്ത പ്രസിഡന്റ് കെ. രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പ്രദർശനം മേയ് അവസാന വാരത്തിൽ സമാപിക്കും വിധമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണ ദിനങ്ങളിൽ പ്രവേശന ടിക്കറ്റിന് 40 രൂപയും പൂരത്തിന്റെ 3 ദിവസം 50 രൂപയുമാണ് നിരക്ക്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് കിഴക്കേ ഗോപുരത്തിന് സമീപത്തെ പ്രദർശന നഗരിയിൽ 180 സ്റ്റാളുകളും എഴുപതോളം പവലിയനുകളുമാണ് തയ്യാറാക്കുക. മെയ് 6നാണ് തൃശൂർ പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: