കോഴിക്കോട്: രാഷ്‌ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച നേതാവിനെയാണ് അഹല്യാ ശങ്കറിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം അനുശോചിച്ചു. വനിതകള്‍ രാഷ്‌ട്രീയരംഗത്ത് വരാന്‍ മടിച്ച കാലഘട്ടത്തിലാണ് അഹല്യാ ശങ്കര്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. തീരദേശ മേഖലയില്‍ മാത്രമല്ല കേരളത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും നിരവധി വനിതകളെ പൊതുരംഗത്തിറക്കാന്‍ അവരുടെ നേതൃത്വത്തിന് കഴിഞ്ഞു. മാതൃകാപരമായ കുടുംബജീവിതവും അനുകരണീയമായ പൊതുജീവിതവുമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. വനിതകളുടെ വിദ്യാഭ്യാസ- സാമ്പത്തിക, സാമൂഹ്യ ശാക്തീകരണത്തിനായി നിരവധി പദ്ധതികള്‍ക്ക് അവര്‍ നേതൃത്വം നല്കി. കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു.
മാതൃകാ പൊതുപ്രവര്‍ത്തക: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് അഹല്യാശങ്കറിന്റെ ഓര്‍മകള്‍ പ്രതിനിധാനം ചെയ്യുന്നത് സ്ത്രീശക്തിയുടെയും നേതൃമികവിന്റെയും സമര്‍പ്പണത്തിന്റെയും പ്രോജ്ജ്വല ചരിത്രമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ജനസംഘം പ്രവര്‍ത്തകയായി പൊതുരംഗത്ത് എത്തിയ അവര്‍ മഹിളാമോര്‍ച്ചയുടെയും ബിജെപിയുടെയും വിവിധ ചുമതലകള്‍ വഹിച്ചു. നിരവധി നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുവേണ്ടി മത്സരരംഗത്തിറങ്ങി ശക്തമായ പോരാട്ടം കാഴ്ചവച്ചു. അഹല്യാ ശങ്കറിന്റെ സുദീര്‍ഘമായ പൊതുജീവിതം സമരങ്ങളും പോരാട്ടങ്ങളും കൊണ്ട് മുഖരിതവും പ്രത്യയശാസ്ത്ര സമര്‍പ്പണം കൊണ്ട് മാതൃകയുമായി മാറിയെന്നും ജോര്‍ജ് കുര്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദേശീയപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടം: പി.കെ. കൃഷ്ണദാസ്
ന്യൂദല്‍ഹി: ജനസംഘത്തിന്റെയും ബിജെപിയുടെയും അമരത്തെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമായിരുന്നു അഹല്യാ ശങ്കറെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. അഹല്യശങ്കറിന്റെ വിയോഗം കേരളത്തിലെ ദേശീയപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ്. നിരവധി ജനകീയ പോരാട്ടങ്ങളില്‍ അവര്‍ പാര്‍ട്ടിയെ നയിച്ചു. ജനസംഘത്തിന്റെ കോഴിക്കോട് അഖിലേന്ത്യാ സമ്മേളനത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്ന അഹല്യേടത്തി 1980ല്‍ മുംബൈയില്‍ നടന്ന ബിജെപി രൂപീകരണയോഗത്തിലും പങ്കെടുത്തു. നാല് പതിറ്റാണ്ടുകാലം ജനസംഘത്തിന്റെയും ബിജെപിയുടേയും വിവിധ ചുമതലകളില്‍ പ്രവര്‍ത്തിക്കുകയും നിരവധി തെരഞ്ഞെടുപ്പുകളില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവയ്‌ക്കുകയും ചെയ്തു. സംഘടനയ്‌ക്കുള്ളിലും മാതൃസമാനമായ വാത്സല്യവും സ്നേഹവും അവര്‍ പ്രകടിപ്പിച്ചിരുന്നതായും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: