ടി.വി. ഉണ്ണികൃഷ്ണന്‍
ബിജെപി മേഖലാ ട്രഷറര്‍
മയ്യഴി പുഴയുടെ തീരത്ത് നിന്ന് കോഴിക്കോട്ടെ കടലോര ഗ്രാമത്തിലേക്ക് എത്തിയ അഹല്യാ ശങ്കര്‍ നിറഞ്ഞ സ്‌നേഹത്തിന്റെ മാതൃസാന്നിദ്യമായിരുന്നു. 1960കളിലാണ് അവര്‍ കോഴിക്കോട്ടെത്തിയത്. പണിക്കര്‍ റോഡിലെ വീട് കടലിന് ഏറെ അടുത്തായിരുന്നു. ക്ഷോഭിക്കുന്ന കടല്‍ത്തീരത്ത്, ശാന്തമായി, സ്‌നേഹം തിരതല്ലുന്ന കൊച്ചു കടലായി അവര്‍ മാറി. മനസില്‍ ആശയത്തിന്റെ തെളിമ. പ്രവര്‍ത്തനത്തില്‍ സുതാര്യതയുടെ വെണ്മ. നിലപാടില്‍ കടലിന്റെ കരുത്ത്. ഇതായിരുന്നു അഹല്യാ ശങ്കര്‍.
വീട്ടിലെത്തുന്നവരെ സ്‌നേഹപൂര്‍വം സ്വീകരിക്കുന്ന വീട്ടമ്മ. പ്രായാധിക്യവും ശാരീരിക അസ്വസ്ഥതകളും അലട്ടിയപ്പോഴും തന്റെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെകുറിച്ച് അന്വേഷിച്ചിരുന്ന നേതാവ്. നേരിട്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഫോണ്‍വിളിയിലൂടെ അവര്‍ പ്രവര്‍ത്തകരുടെ അടുത്തെത്തി. ഓര്‍മ്മയും സൗഹൃദവും പുതുക്കി.
വിദ്യാഭ്യാസത്തിന് ശേഷം തന്റെ സഹോദരിയുടെ കോഴിക്കോട് കാമ്പുറത്തെ വീട്ടില്‍ താമസമാക്കിയ അഹല്യാ ശങ്കര്‍ പിന്നീട് നഴ്‌സിങ് അസിസ്റ്റന്റായി പരിശീലനം നേടി. കോഴിക്കോട്ടെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്തു. വക്കീല്‍ ഗുമസ്തനായിരുന്ന എന്‍.പി. ശങ്കരനെ വിവാഹം ചെയ്തതിലൂടെയാണ് മയ്യഴിക്കാരി കോഴിക്കോടിന്റെ മരുമകളായത്. പിന്നീട് ജോലി ഉപേക്ഷിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലാണ് പിറന്നതെങ്കിലും പിന്നീട് ദേശീയ പ്രസ്ഥാനത്തിന്റെ അമരത്തെത്തി. വിദ്യാഭ്യാസ കാലത്ത് മാഹി എം.എം. സ്‌കൂളിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യത്തെ മത്സരം.
1967ല്‍ കോഴിക്കോട് നടന്ന ജനസംഘത്തിന്റെ 14-ാമത് ദേശീയ സമ്മേളനത്തിന്റെ റാലിയിലാണ് ആദ്യമായി ജനസംഘം പതാകയുമേന്തി ഭര്‍ത്താവിനൊപ്പം പങ്കെടുത്തത്.
തോല്‍ക്കുമെന്നറിയാമായിരുന്നിട്ടും പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. സംഘടനാ വികാസത്തിനുള്ള അവസരങ്ങളായി അവര്‍ തെരഞ്ഞെടുപ്പുകളെ മാറ്റി. ബേപ്പൂരില്‍ മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അടല്‍ജി വന്നതും പ്രസംഗിച്ചതും അവരുടെ രാഷ്‌ട്രീയ ജീവിതത്തിലെ മറക്കാത്ത ഓര്‍മയായി മാറി.
1980ല്‍ മുംബെയില്‍ നടന്ന ബിജെപി രൂപീകരണ യോഗത്തില്‍ പങ്കെടുത്ത കേരളത്തിലെ വനിതാ നേതാക്കളിലൊരാളാണ് അഹല്യാ ശങ്കര്‍. മലബാറുകാര്‍ക്ക് അഹല്യാശങ്കര്‍ അഹല്യേടത്തിയാണെങ്കില്‍ തിരുവിതാംകൂര്‍കാര്‍ക്ക് അഹല്യേച്ചിയുമായി. നൂറുകണക്കിന് യുവതികളെ ബിജെപിയുടെ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ ആ ധീര നേതൃത്വത്തിന് കഴിഞ്ഞു.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയായ ഡോ. റേച്ചല്‍ മത്തായിക്കൊപ്പം നയിച്ച വിലക്കയറ്റ വിരുദ്ധ യാത്ര അഹല്യാ ശങ്കറിന്റെ പൊതുപ്രവര്‍ത്തന രംഗത്തെ ആദ്യത്തെ സംസ്ഥാന യാത്രയായിരുന്നു. സംസ്ഥാനമൊട്ടൊക്കും യാത്ര ചെയ്ത് പ്രവര്‍ത്തകരുമായി നേരിട്ടു ബന്ധം സ്ഥാപിച്ച വനിതാ നേതാവായിരുന്നു. സംഘര്‍ഷ മേഖലകളില്‍ നേതാവിന്റെ കരുത്തോടെയും അമ്മയുടെ സ്‌നേഹത്തോടെയും അവര്‍ പാഞ്ഞെത്തി. കണ്ണൂരിലും, കോഴിക്കോടിന്റെയും വിവിധ ഭാഗങ്ങളിലേയും വീടുകളില്‍ അവര്‍ കണ്ണീരൊപ്പാനെത്തി. മാറാടിന്റെ മണ്ണില്‍ കൂട്ടക്കൊല അരങ്ങേറിയപ്പോള്‍ അവര്‍ സാന്ത്വനമായും പ്രതിഷേധമായും നിലകൊണ്ടു.
വനിതകള്‍ പൊതുരംഗത്തേക്ക് കടന്നുവരാന്‍ മടിച്ചിരുന്ന കാലത്താണ് അഹല്യാ ശങ്കര്‍ ദേശീയതയുടെ കൊടിയുമേന്തി സമാജത്തിലേക്കിറങ്ങിയത്. ഒ. രാജഗോപാല്‍, കെ.ജി.മാരാര്‍, കെ. രാമന്‍പിള്ള, സി.കെ. പദ്മനാഭന്‍, പി.പി. മുകുന്ദന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. കോഴിക്കോട് ജില്ലയില്‍ യു. ദത്താത്രയറാവു, കെ.സി. ശങ്കരന്‍, സി.എം. കൃഷ്ണനുണ്ണി, കെ. കൃഷ്ണന്‍ മാസ്റ്റര്‍, സി. പ്രഭാകരന്‍, അഡ്വ.പി. മോഹന്‍ദാസ്, എ.കെ. ശങ്കരമേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പൊതുവേദിയില്‍ രാഷ്‌ട്രീയ നേതാവായ അവര്‍ വീട്ടിലെത്തുന്നവര്‍ക്ക് സ്‌നേഹമുള്ള വീട്ടമ്മയായിരുന്നു. പരാതിയും പരിഭവുമില്ലാതെ തന്റെ ആദര്‍ശത്തിന്റെ ഗരിമക്ക് വേണ്ടി അവസാന നിമിഷം വരെ അവര്‍ പ്രവര്‍ത്തിച്ചു. അവരുടെ രാഷ്‌ട്രീയ സ്ഥൈര്യവും സമരവീര്യവും പ്രതിബദ്ധതയും എക്കാലത്തും ആവേശവും പ്രചോദനവുമാണ്. പുതിയ തലമുറയ്‌ക്ക് അവരുടെ ജീവിതവും പ്രവര്‍ത്തനവും മഹത്തായ സന്ദേശമാണ് നല്കുന്നത്. രാഷ്‌ട്രീയരംഗത്തെ പുതുതലമുറയ്‌ക്ക് അവരില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: