കെ.പി. ശ്രീശന്
ബിജെപി ദേശീയ സമിതി അംഗം
കേരളത്തില്‍ ബിജെപിക്ക് അടിത്തറ പാകാന്‍ അഹോരാത്രം അദ്ധ്വാനിച്ച മുന്നിരനേതാവിനെയാണ് അഹല്ല്യാ ശങ്കറിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. നെഞ്ചേറ്റിയ പ്രത്യയശാസ്ത്രത്തില്‍നിന്ന് കടുകിട വ്യതിചലിക്കാത്തപ്പോഴും എതിരാളികളും ആദരവോടെ കണ്ട സവിശേഷ വ്യക്തിത്വമുണ്ടായിരുന്നു ‘അഹല്യേടത്തി’ക്ക്. അസുഖം ബാധിച്ച് കിടപ്പിലാവുംവരെ പൊതുപ്രവര്‍ത്തനത്തില്‍ സജീവം. 1967 ല്‍ കോഴിക്കോട്ട് നടന്ന ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തോടെയാണ് രാഷ്ടീയത്തില്‍ സക്രിയയായത്. ആ സമ്മേളനത്തില്‍ അഖിലേന്ത്യാ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചത് പൊതു ജീവിതത്തിലെ അവിസ്മരണീയ മുഹൂര്ത്തമായിരുന്നവെന്ന് ‘ജന്മഭൂമി’ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞതോര്‍ക്കുന്നു.
1980ല്‍ ബോംബെ സമ്മേളനത്തില്‍ ബിജെപി രൂപം കൊള്ളുമ്പോഴും കേരളത്തില്‍നിന്നു പങ്കെടുത്ത പ്രമുഖ നേതാക്കളില്‍ അഹല്യേടത്തിയുണ്ടായിരുന്നു. തുടര്‍ന്ന് പ്രസ്ഥാനത്തിന്റെ പ്രയാണത്തിലെ എല്ലാക്കയറ്റിറക്കങ്ങളിലും അഹല്യാ ശങ്കര്‍ നിറഞ്ഞുനിന്നു.
പൊതുപ്രവര്‍ത്തന രംഗത്ത് സ്ത്രീ സാന്നിദ്ധ്യം നന്നേ കുറവായിരുന്ന കാലത്താണ് സാധാരണ കുടുംബത്തില്‍ നിന്ന് അഹല്യ രാഷ്ട്രീയത്തില്‍ വന്നത്. 1973 ല്‍ കോഴിക്കോട്ട് മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി. ദീപം ചിഹ്നത്തിലായിരുന്നു കന്നിയങ്കം. പിന്നീട് പലതവണ നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചു. പാര്ട്ടിക്കാരുടേതുമാത്രമല്ലാത്ത വോട്ടുകളും പരമാവധി സമാഹരിക്കാനും തുടര്‍ച്ചയായി വോട്ടു വിഹിതം കൂട്ടാനും അവര്‍ക്കായി.
പോഷക സംഘടനകള്‍ക്ക് വേണ്ടത്ര വേരോട്ടമില്ലാത്ത കാലഘട്ടത്തിലാണ് അവര്‍ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷയായത്. ഇടത് സംഘടനകളുടെ ആധിപത്യം നിലനിന്നിരുന്ന കാലത്ത് ആ ദൗത്യം അത്ര എളുപ്പമായിരുന്നില്ല. മഹിളാ മോര്‍ച്ചയ്ക്ക് ഭാരവാഹികളെ കണ്ടെത്തുകപോലും എളുപ്പമായിരുന്നില്ല. നിരന്തരം യാത്രചെയ്തും അദ്ധ്വാനിച്ചും മഹിളാ മോര്‍ച്ചയ്ക്ക് അവര്‍ മേല്‍വിലാസമുണ്ടാക്കി. അതോടെയാണ് സംസ്ഥാന വ്യാപകമായി ജില്ലകളില്‍ അറിയപ്പെടുന്ന മഹിളാ നേതാക്കന്മാര് ഉയര്‍ന്നു വരുന്നത്. കഴിവും കാര്യപ്രാപ്തിയുമുള്ള ഒരു പുതു നേതൃനിരയെ ചുമതലയേല്‍പ്പിച്ചാണ് അവര്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മാറിയത്.
സ്ത്രീകള്‍ക്കെതിരെ എവിടെ അതിക്രമമുണ്ടായാലും പ്രതികരിക്കാനും പ്രതിരോധിക്കാനും അഹല്യാ ശങ്കറിന്റെ സാന്നിദ്ധ്യം ഉറപ്പായിരുന്നു ഒരുകാലത്ത്. ബിജെപിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പല സമരമുഖങ്ങളിലും അഹല്യാ ശങ്കര്‍ മുന്നില്‍ നിന്നു. മാറാട് കലാപകാലത്ത് അമ്മമാരുടെ കണ്ണീരൊപ്പാന്‍ അവര്‍ ഓടിയെത്തി. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഇത്തരം കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാനും അവര്‍ മുന്നിലുണ്ടാവുമായിരുന്നു. പാര്‍ട്ടിയിലെ സൗമ്യസാന്നിദ്ധ്യമായ അവര്‍ വികാരഭരിതയും ആവശ്യമെങ്കില്‍ രോഷാകുലയാകുന്നതും ചില സന്ദര്‍ഭങ്ങളില്‍ കണ്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ ഉന്നത പദവിയിലെത്തിയപ്പോഴും അവര്‍ വന്ന വഴി മറന്നില്ല. തീരദേശ മേഖലയിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരമുയര്‍ത്താനായി രൂപം കൊണ്ട വേദവ്യാസ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും അവര്‍ സമയം കണ്ടെത്തി.
എം. ദേവകിയമ്മ, ടി.പി. വിനോദിനിയമ്മ, അഹല്യാശങ്കര്‍ മൂവരും ദേശീയനേതാക്കള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. എല്‍.കെ. അദ്വാനി. വാജ്പേയ്, രാജ്മാതാ വിജയരാജെ സിന്ധ്യ തുടങ്ങിയവര്‍ വിജയ സാദ്ധ്യതയില്ലെന്നറിഞ്ഞിട്ടും അഹല്യാ ശങ്കറിന്റെ തെരഞ്ഞുടുപ്പു യോഗങ്ങളില്‍ പലതവണ പ്രചരണത്തിനായെത്തി .’ We sow the seeds for the future to reap until then , all this suffering must be endured for the sake of the country’. വര്‍ഷങ്ങള്‍ക്കു മുമ്പ് മഞ്ചേരി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഫറോക്കില്‍ നടന്ന പൊതുയോഗത്തില്‍ സംബന്ധിക്കാനെത്തിയ അടല്‍ജിയുടെ ഈ വാക്കുകള്‍ തനിക്ക് എക്കാലവും പ്രചോദനം നല്‍കുന്നതാണെന്ന് അഹല്യാശങ്കര്‍ കോഴിക്കോട് നടന്ന ഒരു അനുമോദന യോഗത്തില്‍ പറഞ്ഞതോര്‍ക്കുന്നു. ബെംഗളൂരുവില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ മഹിളാ പ്രവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശിക്കവെ അന്ന് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന എല്‍.കെ. അദ്വാനി അഹല്യാശങ്കറിന്റെ പ്രവര്‍ത്തനങ്ങളെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചത് പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു.
അടിയന്തരാവസ്ഥ എക്കാലത്തെയും പരീക്ഷണ കാലഘട്ടമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരേ നടത്തിയ അപകടംപിടിച്ച രഹസ്യ പ്രചാരണങ്ങളില്‍, അവിശ്വസനീയമെന്നുതോന്നാം, തനിക്കായി നിശ്ചയിച്ച പ്രദേശത്ത് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതു വരെ ‘കുരുക്ഷേത്രം’ വിതരണം ചെയ്തത് അഹല്യാ ശങ്കറായിരുന്നു.
ചിരിക്കാന്‍ മറക്കുകയും മടിക്കുകയും ചെയ്യുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ അഹല്യാ ശങ്കര്‍ നിറപുഞ്ചിരിയുടെ അവതാരമായിരുന്നു. പാര്‍ട്ടിക്കാരുടെ മാത്രമല്ല അവര്‍ എല്ലാവരുടെയും അഹല്യേടത്തിയായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ വേര്‍പാട് പാര്‍ട്ടിക്കു മാത്രമല്ല പൊതുസമൂഹത്തിനും നഷ്ടമാണ്. പതിവുള്ള ഫോണ്‍വിളികളില്‍ ഞങ്ങള്‍ തമ്മിലുള്ള സംഭാഷണത്തില്‍ അധികവും പാര്‍ട്ടി പ്രവര്‍ത്തനത്തെക്കുറിച്ചും പരിപാടികളെക്കുറിച്ചും പഴയകാല പ്രവര്ത്തകന്മാരെക്കുറിച്ചുമെല്ലാമായിരുന്നു. പത്രത്തില്‍ വല്ല വിവാദ വാര്‍ത്തയും കണ്ടാല്‍ അതിന്റെ യാഥാര്ഥ്യമെന്തെന്നറിഞ്ഞേ അവര്‍ക്ക് മനസ്സമാധാനമുള്ളു. ഒടുവില്‍ വീട്ടുവിശേഷവും കൂടി അന്വേഷിച്ചേ സംസാരം അവസാനിപ്പിക്കൂ. പ്രവര്‍ത്തകരോടും അവരുടെ കുടുംബാംഗങ്ങളോടും അത്രമേല്‍ ആത്മാര്‍ത്ഥമായ ഹൃദയ ബന്ധമായിരുന്നു അഹല്യേടത്തിക്ക്.
ആരോഗ്യമനുവദിച്ച കാലമത്രയും പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച അവര്‍ കിടപ്പായ ശേഷം മരണം വരെയും പാര്ട്ടിക്കൊപ്പമുണ്ടായി. അവര്‍ കടന്നുപോവുമ്പോള്‍ അവശേഷിക്കുന്നത് മരണമില്ലാത്ത ഓര്‍മ്മകള്‍. അവ വരുംനാളുകളില്‍ പാര്‍ട്ടിക്ക് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജ്ജമാവണം. പാര്‍ട്ടിയിലെ എക്കാലത്തെയും മാതൃസഹജമായ സ്നേഹ സാന്നിദ്ധ്യത്തിനുമുന്നില് ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: