വാഷിങ്ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരെ വീണ്ടും കടുത്ത നടിപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ താത്കാലിക നിയമപരിരക്ഷ റദ്ദാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കുമെന്നും ഏകദേശം ഒരു മാസത്തിനുള്ളില്‍ അവരെ നാടുകടത്താന്‍ സാധ്യതയുണ്ടെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് കുടിയേറ്റക്കാര്‍ക്ക് അനുവദിച്ച രണ്ടുവര്‍ഷത്തെ പരോള്‍ അവസാനിപ്പിക്കുകയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അറിയിപ്പ്. അമേരിക്കയില്‍ സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ വ്യോമമാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാനും രണ്ടുവര്‍ഷം തങ്ങാനും ജോലി ചെയ്യാനും കഴിയുന്ന പ്രത്യേക പദ്ധതിയാണ് ട്രംപ് റദ്ദാക്കിയത്. ഇപ്രകാരം എത്തി വിസ കാലാവധി കഴിഞ്ഞെങ്കിലും ഇപ്പോഴും അമേരിക്കയില്‍ തങ്ങുന്ന നിരവധിപ്പേരുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
2022 ഒക്ടോബര്‍ മുതല്‍ അമേരിക്കയിലെത്തിയ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5,32,000 ആളുകള്‍ക്ക് ഉത്തരവ് ബാധകമാണ്. ഏപ്രില്‍ 24, അല്ലെങ്കില്‍ നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസങ്ങള്‍ക്ക് ശേഷം അവരുടെ നിയമപരിരക്ഷ നഷ്ടപ്പെടുമെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. പുതിയ നയം നിലവില്‍ യുഎസിലുള്ളവരെയും ഹ്യുമാനിറ്റേറിയന്‍ പരോള്‍ പ്രോഗ്രാമിന് കീഴില്‍ വന്നവരെയും ബാധിക്കും.
യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ ഉള്ള രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യുഎസില്‍ പ്രവേശിക്കാനും താത്കാലികമായി താമസിക്കാനും അനുമതി നല്കാന് പ്രസിഡന്റുമാര്‍ ദീര്‍ഘകാലമായി ഉപയോഗിച്ചിരുന്ന ഹ്യുമാനിറ്റേറിയന്‍ പരോള്‍ പ്രോഗ്രാമിന്റെ ദുരുപയോഗം അവസാനിപ്പിക്കാനുള്ള മുന്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ നിയമവിരുദ്ധമായി യുഎസില്‍ കഴിയുന്നവരെ നാടുകടത്തുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം, ട്രംപിന്റെ ഉത്തരവ് അനുസരിച്ച് കാമ്പസില്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കാനും മാസ്ക് നിരോധനം ഏര്‍പ്പെടുത്താനും കൊളംബിയ സര്‍വകലാശാല സമ്മതിച്ചു. ഇസ്രയേലിന്റെ ഗാസ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് സര്‍വകലാശാലക്കുള്ള ധനസഹായം ട്രംപ് ഭരണകൂടം നിര്‍ത്തലാക്കിയിരുന്നു. പിന്നാലെയാണ് സര്‍വകലാശാല ട്രംപിനനുകൂലമായി തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: