ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് സുപ്രീംകോടതി. സുതാര്യത ഉറപ്പാക്കുന്നതിനായാണ് സുപ്രീംകോടതിയുടെ അസാധാരണ നടപടി. ജസ്റ്റിസ് വര്‍മയുടെ പ്രതികരണം അടക്കമുള്ള റിപ്പോര്‍ട്ടാണ് വെബ്‌സൈറ്റിലുള്ളത്. കത്തിയ നോട്ട് കെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.
ജഡ്ജിയിലെ വസതിയിലെ ജീവനക്കാരടക്കം ഉപയോഗിക്കാനാകുന്ന മുറിയിൽ തീപ്പിടുത്തം ഉണ്ടായതിലും നോട്ടു കെട്ടുകൾ കണ്ടെത്തിയതിലും വിശദമായ അന്വേഷണം വേണമെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ നിയോഗിച്ചത്. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി സുപ്രീംകോടതി തുടർ നടപടി സ്വീകരിക്കുന്നത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്താനും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദ്ദേശിച്ചിട്ടുണ്ട്.
പണം കണ്ടെത്തിയതില്‍ തനിക്ക് പങ്കില്ലെന്നാണ് ജസ്റ്റിസ് വര്‍മയുടെ വാദം. ഒരാഴ്ച മുമ്പ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയതെന്നാണ് വിവരം. കത്തിയമര്‍ന്ന നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ വീഡിയോ കണ്ട് ഞെട്ടിയെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നുമാണ് ജസ്റ്റിസ് വര്‍മയുടെ വാദം.
പണം കണ്ടെത്തുന്ന സമയത്ത് താന്‍ ഭോപ്പാലിലായിരുന്നുവെന്നും മകളാണ് വിവരം പറഞ്ഞതെന്നുമാണ് വര്‍മയുടെ മറുപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളുമാണ് സുപ്രിംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: