ന്യൂഡൽഹി: ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം പുരസ്‌കാരത്തിന് ഛത്തീസ്ഗഡിലെ ഹിന്ദി കവിയും നോവലിസ്റ്റുമായ വിനോദ് കുമാർ ശുക്ല (88) അർഹനായി.11 ലക്ഷം രൂപയും വെങ്കലത്തിൽ തീർത്ത സരസ്വതീ ശില്പവും അടങ്ങിയതാണ് അവാർഡ്.
പുരസ്‌കാര ലബ്ധിയില്‍ സന്തോഷമെന്ന് വിനോദ് കുമാര്‍ ശുക്ല പ്രതികരിച്ചു. ജ്ഞാനപീഠം ലഭിച്ചതോടെ കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നു എന്നും ശുക്ല പ്രതികരിച്ചു.
കവിത, ചെറുകഥ, ഉപന്യാസം എന്നിവയിലൂടെ പ്രശസ്തനായ എണ്‍പത്തിയെട്ടുകാരനായ വിനോദ് കുമാര്‍ ശുക്ല ജ്ഞാനപീഠം ലഭിക്കുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള ആദ്യ സാഹിത്യകാരനാണ്. നേട്ടത്തിലൂടെ ജ്ഞാനപീഠം ലഭിച്ച 12 ഹിന്ദി എഴുത്തുകാരുടെ പട്ടികയിൽ ശുക്ലയും ഇടം നേടി.
1999-ൽ ദീവാർ മേ ഏക് ഖിർകീ രഹതി തി എന്ന നോവലിന് അദ്ദേഹം സാഹിത്യ അക്കാദമി അവാർഡിനർഹനായി . സംവിധായകൻ മണി കൗൾ സിനിമയാക്കി മാറ്റിയ നൗകർ കി കമീസ് എന്ന കൃതിയും (1979), സബ് കുച്ച് ഹോനാ ബച്ച രഹേഗ (1992) എന്ന കവിതാസമാഹാരവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്.
കഥാകൃത്തും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ പ്രതിഭ റേ അധ്യക്ഷയും മാധവ് കൗശിക്, ദാമോദർ മൗസോ, പ്രഭാ വർമ്മ, അനാമിക, എ കൃഷ്ണ റാവു, പ്രഫുൽ ഷിലെദാർ, ജാനകി പ്രസാദ് ശർമ്മ, ജ്ഞാനപീഠ ഡയറക്ടർ മധുസൂദനൻ ആനന്ദ് എന്നിവർ അംഗങ്ങളുമായ ജ്ഞാനപീഠ സെലക്ഷൻ കമ്മിറ്റിയാണ് ശുക്ലയെ അവാർഡിനായി തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: