അമരാവതി : തിരുമല തിരുപ്പതി ക്ഷേത്രത്തിന് സമീപത്ത് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്ന മുംതാസ് ഹോട്ടൽ നിർമ്മാണ പദ്ധതിക്ക് അനുമതി നിഷേധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. മുഖ്യമന്ത്രി അറിയിച്ചതനുസരിച്ച്, 35.32 ഏക്കർ സ്ഥലത്ത് നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഹോട്ടലിന്റെ അനുമതി ഇപ്പോൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചുവെന്നാണ്.
ഹോട്ടലിനോടുള്ള എതിർപ്പ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. തിരുമലയിലെ ഏഴ് കുന്നുകൾക്ക് സമീപം ഇത്തരത്തിലുള്ള വാണിജ്യ പ്രവർത്തനവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 12 ന് അലിപിരി ശ്രീവരിപടാലു എന്ന പുണ്യസ്ഥലത്തിന് സമീപം ഹോട്ടൽ നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധിച്ച് സന്യാസിമാരും പുരോഹിതന്മാരും നിരാഹാര സമരം നടത്തിയിരുന്നു.
2021 ൽ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സർക്കാർ ‘ടൂറിസം നയം 2020-2025’ പ്രകാരം ഡെവലപ്പർമാർക്ക് പ്രോത്സാഹനങ്ങളോടെ ഒരു വലിയ ടൂറിസം പദ്ധതി നിർദ്ദേശിച്ചുകൊണ്ട് ഒരു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഒബ്‌റോയ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മുംതാസ് ഹോട്ടൽസ് ലിമിറ്റഡിന് 250 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിൽ 100 ‘ആഡംബര വില്ലകൾ’ ഉൾക്കൊള്ളുന്ന ഒരു സമുച്ചയം വികസിപ്പിക്കുന്നതിനായി 20 ഏക്കർ ഭൂമിയും അനുവദിച്ചു കൊടുക്കുകയാണുണ്ടായത്.
അതേ സമയം മറ്റൊരു വിഷയത്തിൽ തിരുമല ക്ഷേത്രത്തിൽ ഹിന്ദുക്കളെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ എന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മറ്റ് മതങ്ങളിൽ നിന്നുള്ള വ്യക്തികൾ നിലവിൽ അവിടെ ജോലി ചെയ്യുന്നുണ്ടെങ്കിൽ അവരെ മറ്റ് ജോലികളിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: