തിരുവനന്തപുരം: നഗരം മാലിന്യത്തില്‍ മുങ്ങുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വച്ഛഭാരത് പദ്ധതിയിലൂടെ നല്‍കുന്ന കോടിക്കണക്കിന് രൂപ ദുര്‍വ്യയമാണ് ഭരണസമിതി ചെയ്യുന്നത്. ദുര്‍ഗ്ഗന്ധം കൊണ്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണപക്ഷം വിളിച്ചുചേര്‍ത്ത സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു നഗരത്തിലെ മാലിന്യ നീക്കം പരാജയപ്പെട്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയത്.
ജൈവ-അജൈവ മാലിന്യ നീക്കത്തിന് നിശ്ചയിച്ചിട്ടുള്ള ഏജന്‍സികള്‍ക്ക് മാസങ്ങളായി പണം നല്‍കുന്നില്ല. അതിനാല്‍ അവര്‍ മാലിന്യം നീക്കം ചെയ്യുന്നില്ല. 2016 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ച കേന്ദ്രീകൃത മാലിന്യ സംസ്‌കരണ കേന്ദ്രം നടപ്പാക്കാന്‍ പോലും നഗരസഭയ്‌ക്കായില്ല. ജലസ്രോതസുകള്‍ കയ്യേറുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നില്ല. പുഴകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന വാണിജ്യസ്ഥാപനങ്ങളുടെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദുചെയ്യുമെന്നും പറഞ്ഞിരുന്നു. നഗരത്തിലെ 11 വലിയ തോടുകള്‍ വന്‍കിട കച്ചവടക്കാര്‍ പലയിടങ്ങളിലായി കയ്യേറി പുഴകളുടെ ഒഴുക്ക് തടസപ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ല. ഉപയോഗശൂന്യമായ പദ്ധതികള്‍ നടപ്പാക്കി കേന്ദ്രം നല്‍കുന്ന തുക പാഴാക്കുകയാണെന്നും അജൈവമാലിന്യം നഗരത്തില്‍ നിറയുന്നതിനാല്‍ തെരുവുനായ്‌ക്കളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതായും ബിജെപി ആരോപിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍, തിരുമല അനില്‍, അശോക് കുമാര്‍, കരമന അജിത് തുടങ്ങിയവര്‍ സംസാരിച്ചു.
കോര്‍പറേഷന്‍ പരിധിയിലെ 47 കലാലയങ്ങളില്‍ രണ്ടെണ്ണം മാത്രമേ ഹരിത കലാലയമായി പ്രഖ്യാപിക്കാനുള്ളൂവെന്ന് ഭരണപക്ഷം വാദിച്ചു. 124 പൊതു സ്ഥലങ്ങള്‍, 221 വിദ്യാലയങ്ങള്‍ എന്നിവയില്‍ ഭൂരിഭാഗവും ഹരിതമായെന്നാണ് കോര്‍പറേഷന്റെ കണക്ക്. 30ന് മാലിന്യ മുക്ത നവ കേരള പ്രഖ്യാപനം നടത്തുന്നതിനാണ് ഭരണപക്ഷം സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: