ഇരട്ടത്താപ്പാണ് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ മുഖമുദ്ര. പാര്‍ട്ടി താത്പര്യം അടിസ്ഥാനമാക്കി ജനങ്ങളെ തങ്ങള്‍ക്ക് അഭിമതരും അനഭിമതരുമായി വേര്‍തിരിച്ച് രണ്ടുതരം നീതിയും പരിഗണനയുമാണ് നടപ്പാക്കി വരുന്നത്. ഇടതുപക്ഷം അധികാരത്തിലെത്തുമ്പോഴൊക്കെ ഇതുതന്നെയാണ് സംഭവിക്കാറുള്ളതെങ്കിലും ഇന്നത്തെ ഭരണ സംവിധാനത്തില്‍ അത് കൂടുതല്‍ കടുത്ത അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. തെരഞ്ഞെടുപ്പു വിജയം ആജീവനാന്ത ഭരണത്തിനുള്ള അധികാരമല്ല തരുന്നതെന്നും ഓരോ തെരഞ്ഞെടുപ്പും അഞ്ചുകൊല്ലത്തെ ഭരണകര്‍ത്താക്കളെയാണ് തീരുമാനിക്കുന്നതെന്നും സിപിഎമ്മും സര്‍ക്കാരും മറന്നു പോയെന്നു തോന്നുന്നു. ഇഷ്ടക്കാരെ തഴുകിയും മറ്റുള്ളവരെ ഞെരിച്ചും തന്‍കാര്യം നോക്കുന്ന ഗൂഢസംഘമായി ഇവിടുത്തെ ഭരണ സംവിധാനം മാറിയിരിക്കുന്നു. ജനക്ഷേമമല്ല, പാര്‍ട്ടി ക്ഷേമമാണ് സര്‍ക്കാരിനു പ്രധാനം. അതിന്റെ ഏറ്റവും വികൃതമായ മുഖം പുറത്തുവന്ന സംഭവമാണ് ഏതാനുംനാള്‍ മുന്‍പ് ഗുരുവായൂരില്‍ ഉണ്ടായത്.
ഇരട്ടത്താപ്പ് തന്നെയാണ് ഗുരുവായൂരിലെ തുളസിത്തറ വിവാദത്തില്‍ സര്‍ക്കാരും പൊലീസും കാണിച്ചതും തുടര്‍ന്നും കൈക്കൊണ്ടു പോരുന്നതും. അതിനെയാണ് ഹൈക്കോടതി കഴിഞ്ഞദിവസം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഹൈക്കോടതിയുടെ ഇത്തരം വിമര്‍ശനങ്ങള്‍ പുതിയതല്ല. പല വിഷയങ്ങളിലും കോടതിക്ക് അതു ചെയ്യേണ്ടിവന്നിട്ടുണ്ട്. വിമര്‍ശിക്കുകമാത്രമല്ല, എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നതിനും വ്യക്തമായ നിര്‍ദേശങ്ങളും കോടതിയുടെ പരാമര്‍ശങ്ങളില്‍ ഉണ്ടാകാറുണ്ട്. പക്ഷേ, അതൊന്നും തങ്ങള്‍ക്കു ബാധകമല്ല എന്ന മട്ടിലാണ് സര്‍ക്കാരിന്റെ പോക്ക്. എല്ലാത്തിനും മുകളിലാണു തങ്ങളെന്ന ധാര്‍ഷ്ട്യമാണ് ഭരിക്കുന്നവര്‍ക്ക്. പവിത്ര ഇടമായി ഹൈന്ദവ വിശ്വാസികള്‍ കരുതുന്ന സ്ഥലമാണ് ഗുരുവായൂര്‍. അത്രതന്നെ പവിത്രമാണ് ഹൈന്ദവര്‍ക്ക് തുളസിയും തുളസിത്തറയും. ഇവ രണ്ടുമാണ് അവിടെ അപമാനിക്കപ്പെട്ടത്. ഗുരുവായൂരിലെ ഒരു തുളസിത്തറയില്‍, പറയാനും എഴുതാനും അറപ്പു തോന്നുന്ന പ്രവൃത്തികള്‍ ചെയ്ത അബ്ദുല്‍ ഹക്കിം എന്ന ഹോട്ടലുടമയെ സംരക്ഷിക്കാനും, അയാളുടെ പ്രവൃത്തി പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന ആര്‍. ശ്രീരാജിനെ പ്രതിയാക്കാനും പൊലീസ് കാണിച്ച ഉത്സാഹം കാര്യങ്ങളുടെ പോക്ക് എങ്ങനെയെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. സംഭവത്തിന്റെ വീഡിയോ നവമാധ്യത്തില്‍ പോസ്റ്റ് ചെയ്തു എന്നതിന്റെ പേരിലാണ് ശ്രീരാജിനെ അറസ്റ്റു ചെയ്തു ജയിലിലടച്ചത്. വൃത്തികേടു കാണിച്ചയാളെ, മനോരോഗി എന്ന വിശേഷണം ചാര്‍ത്തി വെറുതേ വിടുകയും ചെയ്തു.
മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതാണ് ശ്രീരാജിനെതിരായ കുറ്റം. എങ്കില്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തിയ ഹക്കിം എങ്ങനെ കുറ്റക്കാരനല്ലാതായി? അയാളുടെ ആ പ്രവര്‍ത്തിയാണല്ലോ ശ്രീരാജിന്റെ വീഡിയോയ്‌ക്ക് അധാരം. ഹൈന്ദവ വിശ്വാസത്തിനും വികാരത്തിനും ഇടതുപക്ഷ സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ വിലയില്ലെന്ന വ്യക്തമായ പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ പൊലീസ് നല്‍കിയിരിക്കുന്നത്. ശ്രീരാജിനു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നേരത്തെ ജനങ്ങളും ഉന്നയിച്ച സംശയങ്ങളാണ്. ഹക്കിം മനോരോഗിയാണെന്നു തോന്നുന്നില്ലെന്നു നിരീക്ഷച്ച കോടതി, അഥവാ മനോരോഗിയാണെങ്കില്‍ അത്തരമൊരാള്‍ക്കു ഹോട്ടല്‍ നടത്താന്‍ എങ്ങനെ അനുവാദം കിട്ടി എന്ന ചോദ്യം ഉന്നയിക്കുന്നു. അയാള്‍ എങ്ങനെ വാഹനമോടിക്കുന്നു എന്നും കോടതി ചോദിച്ചു.
ഇതു രണ്ടും സമൂഹത്തിനു ഭീഷണിയാണ്. കൃത്യമായ ചിന്തയില്‍, ഇതിനു രണ്ടിനും ലൈസന്‍സ് നല്‍കിയ ഭരണ സംവിധാനംതന്നെ പ്രതിക്കൂട്ടിലാകേണ്ടതാണ്. പക്ഷേ, ആ തെറ്റിനെ സാധൂകരിക്കുന്ന നിലപാടാണ് ആ വ്യക്തിയെ കുറ്റവിമുക്തനായിക്കണ്ട സര്‍ക്കാരും പൊലീസും ചെയ്തിരിക്കുന്നത്. ഇത് എന്തുതരം നീതിയാണെന്നു ചോദിച്ചിട്ടു കാര്യമില്ല. ഇത് ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇവിടെ ഇതൊക്കെ നടക്കും. ഇവിടെ ഭരണം കയ്യാളുന്നതു സര്‍ക്കാരല്ല, പാര്‍ട്ടിയാണ്. അഭിമതരേയും അനഭിമതരേയും പാര്‍ട്ടി തീരുമാനിക്കും. അതിനനുസരിച്ചു പാര്‍ട്ടിനയം രൂപപ്പെടുത്തും. അതു പാര്‍ട്ടിയുടെ കാര്യം. പക്ഷേ, അപകടകരമായ ഒരു യാഥാര്‍ഥ്യം ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ചില കാര്യങ്ങള്‍, അത് എത്ര നികൃഷ്ടമായാലും, ചെയ്യാന്‍ ചിലര്‍ക്കു സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണ് ഈ നിലപാടിലൂടെ. പാര്‍ട്ടിക്കും സര്‍ക്കാരിനും അനഭിമതരായ ചിലവിഭാഗങ്ങളുടെ വിശ്വാസത്തേയും ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ധ്വംസിക്കാനും ആക്രമിക്കാനുമുള്ള ലൈസന്‍സ്, അഭിമതരായ ചിലര്‍ക്കു നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: