ബെംഗളൂരു: മണിപ്പൂര്‍ വിഷയത്തില്‍ ആര്‍എസ്എസ് ശാശ്വത സമാധാനം നിലനിര്‍ത്താനുള്ള പ്രയത്നത്തിലാണെന്ന് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ. സമാധാനവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിന് സംഘം മണിപ്പൂരില്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ അഖില ഭാരതീയ പ്രതിനിധിസഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിനിധിസഭ നടക്കുന്ന ചെന്നനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.
മെയ്തേയ്, കുക്കി വിഭാഗങ്ങളുടെ നേതൃത്വത്തെ ഒരുമിച്ചുചേര്‍ക്കാനും ചര്‍ച്ചയിലൂടെ പൊതുധാരണ സൃഷ്ടിക്കാനുമാണ് സംഘം ശ്രമിക്കുന്നത്. ഇതിനായി ഇംഫാലിലും ഗുവാഹത്തിയിലും ദല്‍ഹിയിലും ഇതിനകം യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ഇരു വിഭാഗങ്ങളിലെയും നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അക്രമങ്ങള്‍ക്കിരകളായി അഭയാര്‍ത്ഥികളായവര്‍ക്കായി ആര്‍എസ്എസ് നേതൃത്വത്തില്‍ നൂറ് അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
ഇരുപത് മാസമായി മണിപ്പൂര്‍ അസ്വസ്ഥമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് സമുദായങ്ങള്‍ തമ്മില്‍ അവിശ്വാസവും ശത്രുതയും ഉടലെടുത്തു. വ്യാപകമായ അക്രമസംഭവങ്ങള്‍ മൂലം ജനങ്ങള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതടക്കമുള്ള രാഷ്‌ട്രീയവും ഭരണപരവുമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിന് ധാരാളം സമയം ഇനിയുമെടുക്കുമെന്നും മുകുന്ദ ചൂണ്ടിക്കാട്ടി.
സൗഹാര്‍ദ്ദത്തിന്റെയും വിശ്വാസത്തിന്റെയും സ്വാഭാവികമായ അന്തരീക്ഷം ഉയര്‍ന്നുവരണം. അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ആര്‍എസ്എസും സംഘത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകളും. അക്രമത്തിനിരയായ ജനങ്ങള്‍ക്ക് ആശ്വാസവും സഹായവും നല്കുന്നതിന് ഈ സംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. സംഘര്‍ഷത്തിലേര്‍പ്പെടുന്ന സമുദായങ്ങളിലുള്‍പ്പെട്ടവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും അവരിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ക്ഷമിക്കുകയും ഒപ്പം സഹകരിക്കുകയും ചെയ്യുകയാണ് വേണ്ടത്. നീണ്ട കാലമെടുക്കുമെന്ന ബോധ്യത്തോടെതന്നെ യോജിപ്പിനായുള്ള ശ്രമങ്ങളെല്ലാം തുടരുകയാണ്, അദ്ദേഹം പറഞ്ഞു.
സാഹോദര്യവും സാമൂഹിക ഐക്യവും തകര്‍ക്കുന്ന സമീപനങ്ങളില്‍ നിന്ന് മണിപ്പൂരിലെ എല്ലാ സമുദായങ്ങളും മാറിനില്‍ക്കണമെന്നതാണ് ആര്‍എസ്എസിന്റെ അഭ്യര്‍ത്ഥന. അവിശ്വാസവും ആശങ്കകളും മുതലെടുത്ത് ദേശീയ ഐക്യവും അഖണ്ഡതയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പല ശക്തികളും സജീവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ഭാഷ, അതിര്‍ത്തി നിര്‍ണയങ്ങള്‍, തെക്ക്, വടക്ക് എന്ന വിഭാഗീയ വിചാരങ്ങള്‍ തുടങ്ങി ധാരാളം വിഘടന അജണ്ടകള്‍ അവര്‍ മുന്നോട്ടുവയ്‌ക്കുന്നു. പ്രത്യേകിച്ച് ഭാരതത്തിന്റെ തെക്കുഭാഗത്തെ സംസ്ഥാനങ്ങളില്‍ ഇതിനുള്ള ശ്രമം പ്രകടമാണ്.
ഡീലിമിറ്റേഷന്‍ സംബന്ധിച്ച വിഷയങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സംഘത്തിന് കൂടുതലായൊന്നും പറയാനില്ല. ഇത് സംബന്ധിച്ച് രൂപയുടെ ചിഹ്നം നീക്കുന്നതും ഭാഷാവിവാദങ്ങളുയര്‍ത്തുന്നതുമടക്കം ദക്ഷിണ സംസ്ഥാനങ്ങളിലുയരുന്ന പ്രശ്നങ്ങള്‍ പലതും രാഷ്‌ട്രീയ പ്രേരിതമാണ്. സംഘം നീതിക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും യോജിപ്പോടെ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് മുകുന്ദ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: