ഇംഫാൽ : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂർ പോലീസും സുരക്ഷാ സേനയും വിവിധ ജില്ലകളിലെ സെൻസിറ്റീവ് പ്രദേശങ്ങളിൽ നിരവധി റെയ്ഡുകൾ നടത്തുകയും വൻതോതിലുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു. മണിപ്പൂർ പോലീസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ഇംഫാൽ വെസ്റ്റ് ലാംസാങ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അപുൻലോക് കനാലിൽ നടത്തിയ തിരച്ചിലിൽ ഒരു മാഗസിൻ ഉള്ള ഒരു എസ്‌എൽആർ റൈഫിൾ, ഒരു പിസ്റ്റൾ, 10 വെടിയുണ്ടകൾ, രണ്ട് എച്ച്‌ഇ ഗ്രനേഡുകൾ , രണ്ട് സൈനിക ഹെൽമെറ്റുകൾ, രണ്ട് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, നാല് പ്രാദേശികമായി നിർമ്മിച്ച ഇരുമ്പ് ബുള്ളറ്റ് പ്രൂഫ് പ്ലേറ്റുകൾ, രണ്ട് ബാവോഫെങ് വയർലെസ് ഹാൻഡ്‌സെറ്റുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
കൂടാതെ തൗബൽ ജില്ലയിലെ യാരിപോക്ക് ഗ്വാറോക്ക് പ്രദേശത്ത് നിന്ന് രണ്ട് എസ്എൽആറുകളും 20 വെടിയുണ്ടകളും കണ്ടെടുത്തു. കാങ്‌പോക്പി ജില്ലയിലെ കാങ്‌ചുപ്പ് പോലീസ് സ്റ്റേഷൻ പ്രദേശത്ത് നിന്ന് രണ്ട് റൈഫിളുകൾ, മൂന്ന് കാട്രിഡ്ജുകൾ , ഒരു റൈഫിൾ , ഒരു പ്രാദേശികമായി നിർമ്മിച്ച പിസ്റ്റൾ , ഒരു എയർ പിസ്റ്റൾ , ഒരു പോംപി തോക്ക്, 9 കാട്രിഡ്ജുകൾ, അഞ്ച് ബാവോഫെങ് റേഡിയോ സെറ്റുകൾ, മൂന്ന് റേഡിയോ സെറ്റ് ചാർജറുകൾ എന്നിവ പട്ബംഗ് ഗ്രാമത്തിൽ നിന്ന് കണ്ടെടുത്തു.
ജിരിബാം ജില്ലയിലെ ഉച്ചത്തോൾ മായൈ ലെയ്കായിൽ നടത്തിയ തിരച്ചിലിൽ 100 സ്റ്റാർഡൈൻ-901 സ്ഫോടകവസ്തുക്കൾ (12.5 കിലോഗ്രാം), 20 വെടിയുണ്ടകൾ, രണ്ട് പ്ലാസ്റ്റിക് ബാഗുകൾ എന്നിവയും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റ് മണിപ്പൂരിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
മാർച്ച് 8 മുതൽ മണിപ്പൂരിൽ മണിപ്പൂരിലെ എല്ലാ റോഡുകളിലും ജനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കണമെന്ന് അമിത് ഷാ സുരക്ഷാ സേനയ്ക്ക് നിർദ്ദേശവും നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക