World

ആസ്ത്രേല്യയില്‍ അമേരിക്കയുടെ മുന്തിരി കെട്ടിക്കിടക്കുന്നു; കോഴിമുട്ട അയയ്‌ക്കാതെ ഫിന്‍ലാന്‍റ്; സോയബീന്‍ ഇറക്കാതെ ചൈന; വ്യാപാരയുദ്ധം മുറുകുന്നു

ആസ്ത്രേല്യയുടെ തുറമുഖങ്ങളില്‍ അമേരിക്കയില്‍ നിന്നെത്തിയ ബീഫും മുന്തിരിയും പഴങ്ങളും കെട്ടിക്കിടക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധം കാരണം ആസ്ത്രേല്യ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തുന്നതിന് പല രീതികളില്‍ തടസ്സം സൃഷ്ടിക്കുകയാണ്.

Published by

വാഷിംഗ്ടണ്‍: ആസ്ത്രേല്യയുടെ തുറമുഖങ്ങളില്‍ അമേരിക്കയില്‍ നിന്നെത്തിയ ബീഫും മുന്തിരിയും പഴങ്ങളും കെട്ടിക്കിടക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധം കാരണം ആസ്ത്രേല്യ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തുന്നതിന് പല രീതികളില്‍ തടസ്സം സൃഷ്ടിക്കുകയാണ്.

ചൈനയാകട്ടെ അമേരിക്കയുടെ സോയബീന്‍സ് ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്. അമേരിക്കയില്‍ നിന്നുള്ള ദ്രവീകരിച്ച ഇന്ധനത്തിന്റെ ഇറക്കുമതി കഴിഞ്ഞ 40 ദിവസങ്ങളായി ചൈന നിര്‍ത്തിവെച്ചിരിക്കുകയാണ്. ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന സോയബീന്‍സ്, ഗോതമ്പ്, ഇറച്ചി, പരുത്തി തുടങ്ങിയ ഉള്‍പ്പെടുന്ന 2100 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചൈന ചുമത്തി. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന മൂന്ന് കമ്പനികളുടെ ഇറക്കുമതി ലൈസന്‍സ് ചൈന റദ്ദാക്കി. ഇത് അമേരിക്കയിലെ കൃഷിക്കാര്‍ക്കും ബിസിനസുകാര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.

അമേരിക്കയ്‌ക്ക് ആവശ്യമായ അവശ്യസാധനങ്ങള്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നല്കാതിരിക്കുന്നതും തിരിച്ചടിയാകുന്നു. അമേരിക്കയ്‌ക്ക് ആവശ്യമായ മുട്ട ഫിന്‍ലാന്‍ഡ് നല്‍കാതിരിക്കുന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്. നീണ്ടുനിന്ന പക്ഷിപ്പനി യുഎസിലെ പതിനായിരക്കണക്കിന് കോഴികളുടെ കൂട്ടമരണത്തിലാണ് അവസാനിച്ചത്. ഇതോടെ രാജ്യത്ത് മുട്ടയുടെ വിലയില്‍ വലിയ കുതിപ്പുണ്ടായി. ട്രംപ് അധികാരമേറ്റ് ആദ്യ ദിവസം തന്നെ മുട്ട വില കുറയ്‌ക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍, ട്രംപ് സർക്കാറിന്റെ ഭരണം ഒരു മാസം പിന്നിടുമ്പോൾ മുട്ട വിലയില്‍ 59 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷിപ്പനിയുടെ കാലത്ത് ഒരു ഡസന്‍ മുട്ടയ്‌ക്ക് 8 ഡോളര്‍ എന്ന എക്കാലത്തെയും റിക്കോര്‍ഡ് വിലയാണ് ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ഒരു ഡസന്‍ മുട്ടയുടെ വില 6 ഡോളറാണെന്ന് ട്രെയ്ഡിംഗ് എക്കോണോമിക്സ് കണക്കുകൾ പറയുന്നെങ്കിലും മാര്‍ക്കറ്റില്‍ മുട്ടയ്‌ക്ക് ഉയർന്ന വിലയാണ് ഈടക്കുന്നത്.

മറ്റൊന്ന് അമേരിക്കയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന ചരക്കുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തുന്നതിനാല്‍ അവയുടെ വില അമേരിക്കയില്‍ കുതിച്ചുയരുകയാണ്. ഇക്കൂട്ടത്തില്‍ അമേരിക്കക്കാര്‍ ആശ്രയിക്കുന്ന മറ്റുരാജ്യങ്ങളില്‍ നിന്നുള്ള കാറുകള്‍ക്ക് വില കൂടിയത് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. യുഎസും മെക്സിക്കോയും കാനഡയും തമ്മില്‍ വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചതിനാല്‍ കാറുകളുടെ വില ഉയരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം നികുതി കൂട്ടുന്നതോടെ പുറത്ത് നിന്നെത്തുന്ന കാറുകള്‍ക്ക് 4000 ഡോളര്‍ മുതല്‍ 10000 ഡോളര്‍ വരെ വില ഉയരും.

ലോകമെമ്പാടും അമേരിക്കയും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതോടെ ചരക്ക് നീക്കം താളം തെറ്റുകയും മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം ഉറ്റുനോക്കുകയുമാണ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലൂമിനിയത്തിനും 25 ശതമാനം ചുങ്കം ഏര്‍പ്പെടുത്തിയതോടെയാണ് അമേരിക്കയും മറ്റു രാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം തുടങ്ങിയത്. അമേരിക്കയെ മഹത്തായ രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം വരെ ചുങ്കം ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്‍റ് ഒരു ഏറ്റുമുട്ടലിന്റെ പാത തുറന്നതോടെ ചൈനയും യൂറോപ്യന്‍ രാജ്യങ്ങളും അതേ നാണയത്തില്‍ തിരിച്ചടിക്കാനൊരുങ്ങിയതാണ് തലവേദനയാകുന്നത്.

രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയിലൂടെ കടന്നുപോവുകയാണ് ട്രംപിന്റെ രണ്ടാം ഭരണം. പല ദിശകളിലായി മുറുകുന്ന വ്യാപാരപ്രതിസന്ധിയുടെ കുരുക്ക് എങ്ങിനെയാണ് ട്രംപ് അഴിക്കുക എന്നത് വലിയ ചോദ്യമായി മാറുകയാണ്. യുഎസും യൂറോപ്പും തമ്മില്‍ ചരിത്രത്തിലാദ്യമായി പല കാര്യങ്ങളിലുമുള്ള വിയോജിപ്പ് മറ നീക്കി പുറത്ത് വരികയാണ്. മറ്റ് രാജ്യങ്ങള്‍ യുഎസിനെ പറ്റിക്കുകയാണെന്ന ട്രംപിന്റെ വാക്കുകൾക്ക് പിന്നാലെ മിക്ക രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്കും യുഎസ് നികുതി ചുമത്തിത്തുടങ്ങി. ഇതോടെ യൂറോപ്പ്, യുഎസില്‍ നുന്നുമുള്ള അകല്‍ച്ചയ്‌ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക