News

വീണാജോര്‍ജ് വഞ്ചനയുടെ ആള്‍രൂപം: ജെ.പി നദ്ദ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണയുടെ ആരോപണം നാടകം: കെ.സുരേന്ദ്രന്‍

Published by

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോര്‍ജിന്റെ ആരോപണം നാടകമാണെന്നും വീണാജോര്‍ജ് വഞ്ചനയുടെ ആള്‍രൂപമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ക്യൂബന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ദില്ലിയിലെത്തിയത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യയാത്രയായിരുന്നു അത്. അത് മറയ്‌ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നത്. ഇത്തരം നാടകങ്ങള്‍ വീണാ ജോര്‍ജിന് പുത്തരിയല്ല. ഇതിന് മുമ്പ് കുവൈത്തിലേക്ക് യാത്രാ അനുമതി ലഭിക്കാതെ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചുവെന്ന് പറഞ്ഞ് ബഹളം വെച്ചത് മലയാളികള്‍ മറന്നിട്ടില്ല. വിദേശത്ത് ദുരന്ത മുഖത്ത് കേന്ദ്രസര്‍ക്കാരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നിരിക്കെ അധികാരദുര്‍വിനിയോഗം നടത്താനായിരുന്നു അന്ന് മന്ത്രി ശ്രമിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് മുന്‍പേ അനുമതി തേടണം എന്ന് അറിയാത്തയാളല്ല സംസ്ഥാന ആരോഗ്യമന്ത്രി. എന്നിട്ടും കൂടിക്കാഴ്ചയ്‌ക്കുള്ള കത്ത് വൈകി നല്‍കിയത് മന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. സംസ്ഥാന മന്ത്രിയുടെ അലംഭാവത്തെ തുറന്നു കാണിക്കേണ്ട പ്രതിപക്ഷമായ കോണ്‍ഗ്രസ് അവരെ പിന്തുണയ്‌ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അടുത്ത ആഴ്ച വീണയെ കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിച്ച ജെപി നദ്ദ പക്വമായ നിലപാടാണ് സ്വീകരിച്ചത്. ആശാവര്‍ക്കര്‍മാരുടെ സമരത്തെ അവഗണിക്കുകയാണ് വീണാ ജോര്‍ജും സര്‍ക്കാരും ചെയ്യുന്നത്. സമരക്കാരുമായുള്ള ചര്‍ച്ചയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത ആരോഗ്യമന്ത്രി സംസ്ഥാനത്തിന് നാണക്കേടാണ്. സംസ്ഥാന വിഷയമാണ് ആരോഗ്യം എന്നിരിക്കെ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സമരക്കാരുടെ ആവശ്യം പരിഗണിക്കാതെ തയ്യാറാകാതെ കേന്ദ്രത്തിനെ പഴിചാരാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by