കൊച്ചി: നിങ്ങളൊക്കെ ‘ജന്മഭൂമി’ കൊടുക്കുന്ന റിപ്പോര്‍ട്ട് അതേപടി കൊടുക്കുന്നവരാണോ? സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ രോഷത്തോടെയുള്ള പ്രതികരണമാണിത്. ദല്‍ഹിയിലെ ”അപ്പോയിന്മെന്റ് നാടകം” പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചു. കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയെ കാണാന്‍ തലേന്ന് രാത്രി വൈകി മാത്രം അപേക്ഷ നല്‍കിയ വിവരം ”ജന്മഭൂമി ഓണ്‍ലൈന്‍” ഇന്നലെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് വിവിധ ദൃശ്യമാധ്യമങ്ങളും സമാന വാര്‍ത്ത സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതിരെയായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ രോഷം.
ഇന്നലെ തന്നെ ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നാണ് ഇന്ന് രാവിലെ കേരളത്തില്‍ മടങ്ങിയെത്തിയ വീണാ ജോര്‍ജ്ജിന്റെ പ്രതികരണം. അപ്പോയിന്മെന്റ് ലഭിച്ചാല്‍ കാണും, ഇല്ലെങ്കില്‍ റെപ്രസന്റേഷന്‍ ലെറ്റര്‍ നല്‍കും, വീണാ ജോര്‍ജ്ജ് പറഞ്ഞു. അത്രയും പ്രാധാന്യമേ ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യമന്ത്രിയും കാണുന്നുള്ളു എന്ന് വ്യക്തമാക്കുന്ന വാക്കുകളാണിത്. ചില ആശമാര്‍ മാത്രമേ സമരത്തിലുള്ളൂവെന്നും എസ് യു സിഐ നേതൃത്വത്തിലാണ് സമരമെന്നും ആവര്‍ത്തിച്ച വീണാ ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസിനെതിരെയും ഭീഷണി മുഴക്കി.
ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് തുക കൂട്ടി നല്‍കുമെന്ന് വാഗ്ദാനം നല്‍കുന്നില്ലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.
ദല്‍ഹി യാത്രയ്‌ക്ക് സ്പീക്കറുടെ അനുമതി തേടിയത് മാര്‍ച്ച് 12നാണെങ്കിലും ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ കേന്ദ്രആരോഗ്യമന്ത്രിയുടെ അപ്പോയിന്‍മെന്റ് ആവശ്യപ്പെട്ട് കത്ത് തയ്യാറാക്കിയത് മാര്‍ച്ച് 18ന് മാത്രമാണ്. ഈ കത്ത് 19ന് ദല്‍ഹി കേരളാ ഹൗസിലേക്ക് അയക്കുകയും റസിഡന്റ് കമ്മീഷണര്‍ കേന്ദ്രആരോഗ്യ മന്ത്രാലയത്തിലേക്ക് അപ്പോയിന്മെന്റ് അപേക്ഷ നല്‍കുന്നത് 19ന് രാത്രി മാത്രവുമാണ്. മാര്‍ച്ച് 20ന് ക്യൂബന്‍ ഉപപ്രധാനമന്ത്രി തല സംഘത്തെ കാണാനായി മുന്‍കൂട്ടി നിശ്ചയിച്ച യാത്രയായിരുന്നു. ആശാസമരം നടക്കുന്നതിനാല്‍ ജെ.പി നദ്ദയെ കാണാനുള്ള അപേക്ഷ പേരിന് നല്‍കുക മാത്രമാണ് സംസ്ഥാന ആരോഗ്യമന്ത്രി ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വിവരങ്ങളെല്ലാം. ബിജെപി ദേശീയ അധ്യക്ഷനും രാജ്യസഭാ നേതാവും കേന്ദ്രആരോഗ്യമന്ത്രിയും എന്ന നിലയില്‍ മൂന്നു ചുമതലകള്‍ നിര്‍വഹിക്കുന്ന ജെ.പി നദ്ദയുടെ ഓഫീസുമായി അപ്പോയിന്മെന്റിനായി തുടര്‍ ഇടപെടലുകളും സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഓഫീസ് നടത്തിയിരുന്നില്ല എന്നതാണ് വാസ്തവം. കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ചയ്‌ക്ക് അനുമതി നല്‍കിയില്ലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നടത്തിയ നീക്കങ്ങള്‍ ജന്മഭൂമി ഇടപെടലോടെ പൊളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: