കൊച്ചി: ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും മുന്നില്‍ ഇരട്ടത്താപ്പ് കളിക്കുകയാണോ എന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
ആനകളുടെ ക്ഷേമം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട സ്വമേധയാ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഈ ചോദ്യം ഉന്നയിച്ചത്. ഉത്സവ ഘോഷയാത്രകളില്‍ ആനകള്‍ക്കിടയില്‍ ഒരു പ്രത്യേക ദൂരം നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം ഉള്‍പ്പെടെ ബെഞ്ചിന്റെ ചില ഉത്തരവുകള്‍ സുപ്രീം കോടതി മുമ്പ് സ്റ്റേ ചെയ്തിരുന്നു. കേരളത്തില്‍ നിലവിലെ സാഹചര്യം സുപ്രീംകോടതിയില്‍ ശരിയായി അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച ബെഞ്ച്, സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
‘കോടതികളില്‍ ഇരട്ടത്താപ്പ് കളിക്കുന്നത് അംഗീകരിക്കാനാവില്ല. സുപ്രീംകോടതിയില്‍ വെളിപ്പെടുത്താത്ത വസ്തുതകള്‍ ദയവായി ഞങ്ങളുടെ മുന്നില്‍ അവതരിപ്പിക്കരുത്, ഇത് ഇവിടുത്തെ ജഡ്ജിമാരുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന ഉത്തരവുകളും അഭിപ്രായങ്ങളും ഉണ്ടാക്കും,’ ബെഞ്ച് അഭിപ്രായപ്പെട്ടു. കൂടുതല്‍ വാദം കേള്‍ക്കുന്നതിന് ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: