ബത്തേരി: തനിക്കെതിരെ എടുത്ത അനേകം കള്ളക്കേസുകളുടെ കൂട്ടത്തില്‍ ഒരു കേസ് മാത്രമാണ് ബത്തേരി കേസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനൊപ്പം ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം എടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് മുസ്ലിംലീഗ് നേതാവ് കൊടുത്ത് സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസാണ്. പോലീസ് അതിന് വേണ്ട ഒത്താശ ചെയ്തു. സര്‍ക്കാര്‍ മുസ്ലിംലീഗുമായി ചേര്‍ന്ന് ഉണ്ടാക്കിയ കേസാണിതെന്ന് എല്ലാവര്‍ക്കും അറിയാം. രണ്ട് തവണ കോടതി കുറ്റപത്രം മടക്കിയ കേസാണിത്. വ്യാജ കേസിനെ ബിജെപി നിയമപരമായി നേരിടും. മഞ്ചേശ്വരം കേസ് പോലെ തന്നെ ഈ കേസും കോടതി ചവറ്റുകൊട്ടയില്‍ എറിയും. എല്ലാ കേസുകളിലും കോടതിയുടെ മുമ്പില്‍ സത്യം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൂരല്‍മല പുനരധിവാസം പൂര്‍ണമായും പാളിയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പുനരധിവാസത്തിന് ആദ്യം രണ്ട് എസ്റ്റേറ്റ് എന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ അത് ഒന്നാക്കിയിരിക്കുകയാണ്. ഇപ്പോള്‍ അതുമില്ല എന്നതാണ് അവസ്ഥ. സര്‍ക്കാര്‍ പുനരധിവാസത്തിന് ഒരു തയാറെടുപ്പും നടത്തിയില്ല. വയനാട്ടില്‍ ക്യാമ്പ് ചെയ്ത മന്ത്രിസഭാ ഉപസമിതി എന്താണ് ചെയ്തതെന്ന് മനസിലാകുന്നില്ല. ഹൈക്കോടതി പറഞ്ഞ പോലെ കൈയില്‍ പണമുണ്ടായിട്ടും ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. 1,000 സ്‌ക്വയര്‍ഫീറ്റില്‍ എന്ത് വീടാണ് ഉണ്ടാക്കുക. ദുരന്തത്തില്‍ നിന്ന് തട്ടിപ്പ് നടത്തുകയാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ ഇനിയാവില്ല. പുനരധിവാസത്തിന് സഹായിക്കാന്‍ തയാറായവരെ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ തന്നെ പ്രശ്‌നം പരിഹരിക്കാമായിരുന്നു.
ഇത്രയും കഴിവുകെട്ട സര്‍ക്കാര്‍ വെറെ എവിടെയുമുണ്ടാകില്ല. ആശാവര്‍ക്കര്‍മാരുടെ സമരത്തെ സിപിഎം അപമാനിക്കുകയാണ്. ഇത്രമാത്രം തൊഴിലാളി വിരുദ്ധമായ ഒരു പാര്‍ട്ടി വേറെയില്ല. സ്ത്രീകള്‍ നടത്തുന്ന സമരത്തെ അവഹേളിക്കുകയാണ് സര്‍ക്കാര്‍. ആശകള്‍ക്ക് പിന്തുണയുമായി ബിജെപി ഈ മാസം 27,28 തീയതികളില്‍ രാപകല്‍ സമരം നടത്തും.
ശശി തരൂര്‍ ഒരു സത്യം പറഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. അതിനോടുള്ള അസഹിഷ്ണുതയാണ് നെഹ്‌റു കുടുംബം കാണിക്കുന്നത്. രാഹുല്‍ ഗാന്ധി ഏറ്റവും വലിയ ഭാരതവിരുദ്ധനാണ്. അര്‍ബന്‍ നക്‌സലായ രാഹുലിനുള്ള മറുപടിയാണ് ശശി തരൂര്‍ പറഞ്ഞത്. ഇവിഎമ്മിനെതിരെ വിദേശത്ത് പോയി ചോദ്യം ചെയ്യുകയാണ് രാഹുല്‍ ചെയ്യുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളെ അദ്ദേഹത്തിന് പുച്ഛമാണ്. മതഭീകരവാദികളുടെ കൈയിലെ ചട്ടുകമാണ് രാഹുല്‍ ഗാന്ധിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: