തിരുവനന്തപുരം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജിന് നാളെ തലസ്ഥാനത്ത് പൗര സ്വീകരണം നല്‍കും. വൈകിട്ട് 5ന് കോട്ടയ്‌ക്കകം ലെവി ഹാളിലാണ് പൗരസ്വീകരണം. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. ജുനാ ആഘാഡയിലെ മാതാ അവന്തികാ ഭാരതി, മറ്റ് സംന്യാസ ശ്രേഷ്ഠര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പൊതുപരിപാടിക്കുശേഷം സംന്യാസിശ്രേഷ്ഠര്‍ പൊതുജനങ്ങള്‍ക്ക് അനുഗ്രഹദര്‍ശനം നല്‍കും. ദശനാമി സമ്പ്രദായത്തിലെ ജൂനാ അഘാഡയുടെ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണഭാരതത്തില്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാളികാപീഠം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് ആനന്ദവനം ഭാരതി മഹാരാജിന്റെ സന്ദര്‍ശനം.
ഇത്തവണത്തെ കുംഭമേളയില്‍ അഭിഷിക്തനായ സംന്യാസിവര്യനാണ് മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജ്. ചുമതലയേറ്റശേഷം ആദ്യമായാണ് മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജ് തിരുവനന്തപുരത്തെത്തുന്നത്. ഇന്ന് തിരുവനന്തപുരത്തെത്തുന്ന സംന്യാസി സംഘത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആഥിത്യം അരുളുമെന്നും സ്വാമി രാജവൈദ്യന്‍ മോഹന്‍ലാല്‍, റാണി മോഹന്‍ദാസ്, വി.പി.അഭിജിത്ത്, ജയശ്രീ ഗോപാലകൃഷ്ണന്‍, അഡ്വ.കേശവീയം.എസ്.ഷിബുകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 9.30 ന് സ്വാമി ആനന്ദവനം ഭാരതി മഹാരാജും സംന്യാസിസംഘവും വെങ്ങാനൂര്‍ പൗര്‍ണ്ണമിക്കാവ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും. കുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ നിന്ന് ശേഖരിച്ച തീര്‍ത്ഥജലം കൊണ്ട് ദേവിക്ക് അഭിഷേകം നടത്തും. 21ന് രാവിലെ 8ന് ക്ഷേത്ര നട തുറന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഉച്ചയ്‌ക്ക് 12 മണിക്ക് തന്നെ നട അടയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: