സമരാത്രിന്ദിവേകാലേ
വിഷുവദ്വിഷുവം ച തത്
എന്നാണ് വിഷുവിനെപ്പറ്റി ‘അമരകോശ’ത്തില്‍ പറയുന്നത്. അതായത്, പകലും രാത്രിയും തുല്യമായിരിക്കുന്ന ദിവസമാണ് വിഷു, വിഷുവം, വിഷുവത്ത് എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. ഏകദേശം രണ്ടു സഹസ്രാബ്ദം മുമ്പ് വരാഹമിഹിരാചാര്യന്‍ പഞ്ചാംഗ ഗണിതം പുതുക്കിയ കാലത്ത് ക്രാന്തിവൃത്തം നാലുഡിഗ്രിയില്‍ മേടമാസത്തില്‍ അശ്വതി നക്ഷത്രത്തില്‍ ആയിരുന്നു വിഷു വന്നിരുന്നത്. എന്നാല്‍ രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തില്‍ രാപ്പകലുകള്‍ തുല്യമാകുന്നത് ഇന്നാണ്(1200 മീനം 6 ന് അഥവാ 1946 ഫാല്‍ഗുനം 29 ന്). സൂര്യസ്ഥിത നക്ഷത്രം ഉത്തൃട്ടാതി ഒന്നാം പാദം.
തിരുവനന്തപുരത്ത് ഇന്ന് ഉദയം രാവിലെ 6.29ന്. അസ്തമനം വൈകിട്ട് 6.29ന്. കോട്ടയത്ത് ഇന്ന് ഉദയവും അസ്തമനവും 6.31 ന്. കൊച്ചിയില്‍ ഉദയാസ്തമയങ്ങള്‍ 6.32 ന്. കോഴിക്കോട് ഉദയവും അസ്തമയവും 6.34 ന്. പ്രാദേശികമായി ഉദയാസ്തമയങ്ങളില്‍ നേരിയ വ്യത്യാസം ഉണ്ടെങ്കിലും കേരളത്തില്‍ എങ്ങും പകലും രാത്രിയും കൃത്യം 12 മണിക്കൂര്‍ അഥവാ 30 നാഴിക.
ജ്യോതിശാസ്ത്രപരമായ യഥാര്‍ത്ഥ വിഷു ദിനവും നാം പാരമ്പര്യപരമായി ആഘോഷിക്കുന്ന വിഷുദിനവും തമ്മില്‍ 25 ദിവസത്തെ വ്യത്യാസം! ഈ വ്യത്യാസത്തിന്റെ കാരണമറിയാന്‍ അല്പം ജ്യോതിഷ പരിജ്ഞാനം കൂടിയേ തീരൂ.
ഭൂമിയുടെ വാര്‍ഷിക ചലനം കൊണ്ട് സൂര്യനു തെക്കു നിന്ന് വടക്കോട്ടും വടക്കു നിന്ന് തെക്കോട്ടും ഗതിമാറ്റം ഉണ്ടാകുന്നതായി നമുക്ക് തോന്നുന്നു. തെക്കു നിന്ന് വടക്കോട്ടുള്ള സൂര്യ സഞ്ചാരത്തെ ഉത്തരായനം എന്നും വടക്കു നിന്ന് തെക്കോട്ടുള്ളതിനെ ദക്ഷിണായനം എന്നും വിളിക്കുന്നു.
ദക്ഷിണായനത്തില്‍ പകലിനു ദൈര്‍ഘ്യം കുറഞ്ഞും രാത്രിക്കു നീളം ഏറിയുമിരിക്കും, ഉത്തരായനത്തില്‍ പകല്‍ ഏറിയും രാത്രി കുറഞ്ഞും.
ഉത്തരായനം തുടങ്ങി മൂന്നു മാസം കഴിയുമ്പോഴും ദക്ഷിണായനം തുടങ്ങി മൂന്നു മാസം കഴിയുമ്പോഴും സൂര്യന് നേര്‍കിഴക്ക് ഉദിക്കുകയും ആ രണ്ടു ദിനങ്ങളിലും രാപ്പകലുകള്‍ തുല്യമാവുകയും ചെയ്യും.
ഇതില്‍ ദക്ഷിണായനത്തില്‍ രാപ്പകലുകള്‍ തുല്യമാകുന്ന ദിനത്തെ ശരത് വിഷുവം (Automnal Equinox) എന്നും ഉത്തരായനത്തില്‍ രാപ്പകലുകള്‍ തുല്യമാകുന്ന ദിനത്തെ വസന്ത വിഷുവം (Vernal Equinox) എന്നും പറയും. ഇതില്‍ ആചാരപരവും വിശ്വാസപരവുമായ പ്രാധാന്യം വസന്ത വിഷുവിനാകയാല് പണ്ടു മുതലേ വിഷു ആഘോഷം ഉത്തരായന വിഷുവത്തില്‍ ആയിരുന്നു. വസന്താരംഭത്തോടെ പുതുവര്‍ഷം കണക്കാക്കുന്ന പഞ്ചാംഗ ഗണനയില്‍ വസന്ത വിഷുവിന് പ്രാമുഖ്യം കൈവരുന്നത് സ്വാഭാവികം. ഈ പ്രാധാന്യം കണക്കിലെടുത്ത് വസന്ത വിഷുവത്തിനെ മഹാവിഷുവം എന്നും വിളിക്കാറുണ്ട്.
ഭാരത സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന ശക വര്‍ഷം തുടങ്ങുന്നതും ജ്യോതിഷ പ്രധാനമായ ‘പ്രഭവാദി’ സംവത്സരങ്ങള്‍ ആരംഭിക്കുന്നതും വസന്ത വിഷു ദിനത്തില്‍ ആണ്. ഇപ്പോഴും പ്രസക്ത ജ്യോതിശാസ്ത്ര നിര്‍ദ്ദേശാങ്കങ്ങള്‍ ആയ വിഷുവാംശവും ഖഗോളരേഖാംശവും കണക്കാക്കുന്നതും വസന്ത വിഷുവിനെ ആരംഭമാക്കിത്തന്നെയാണ്.
സൂര്യന് സഞ്ചരിക്കുന്നതായി തോന്നുന്ന വീഥിയുടെ ഇരു ഭാഗത്തുമായി എട്ടു ഡിഗ്രി വീതം വരുന്ന ഒരു സാങ്കല്പിക ബെല്റ്റിനുള്ളിലൂടെ ആണ് ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നത്. ഈ സാങ്കല്‍പ്പിക ബെല്‍റ്റിനെ സോഡിയാക് (zodiac) അഥവാ ക്രാന്തിപ്രദേശം എന്നു വിളിക്കുന്നു. ഈ ക്രാന്തിപ്രദേശത്തെ 27 നക്ഷത്ര മേഖലകള്‍ അടങ്ങുന്ന 12 രാശികള്‍ ആയി തിരിച്ചിരിക്കുകയാണ്.
എന്നാല്‍ ആധുനികകാലത്ത് ജ്യോതിശാസ്ത്രവും പരമ്പരാഗത ജ്യോതിഷവും രാശിചക്രത്തിന്റെ കാര്യത്തില്‍ സായന രാശിചക്രം അഥവാ ട്രോപ്പിക്കല്‍ സോഡിയാക്ക്, നിരയന രാശിചക്രം അഥവാ സൈഡീരിയല്‍ സോഡിയാക്ക് എന്ന രണ്ടു ഭിന്നാഭിപ്രായമാണ് പുലര്‍ത്തുന്നത്. സായന രാശിചക്രത്തിന്റെ ഇപ്പോഴത്തെ ആരംഭബിന്ദു മീനം രാശിയില്‍ അഞ്ചു ഡിഗ്രിയില്‍ (ഉത്തൃട്ടാതി നക്ഷത്രത്തില്‍) ആണെങ്കില്‍ നിരയന രാശിചക്രത്തിന്റെ ആരംഭബിന്ദു മേടം രാശിയില്‍ പൂജ്യം ഡിഗ്രിയില്‍ (അശ്വതി നക്ഷത്രത്തില്‍) ആണ്. ഇവ തമ്മിലുള്ള വ്യത്യാസമാണ് അയനാംശം എന്നറിയപ്പെടുന്നത്.
വരാഹമിഹിരാചാര്യന്‍ പഞ്ചാംഗ ഗണിതങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ രാശിചക്രത്തിന്റെ ആരംഭം മേടം രാശിയില്‍ ആയിരുന്നെങ്കില്‍ 1,740 വര്‍ഷം കൊണ്ട് ഇത് മീനരാശിയിലേക്ക് പിന്നാക്കം പോന്നിരിക്കുന്നു.
ക്രാന്തിവൃത്തത്തില്‍ നിന്നും ഒരു വര്‍ഷം ശരാശരി 50.22 സെക്കന്‍ഡ് എന്ന രീതിയിലാണ് വിഷുവദ് ബിന്ദു പിന്നോട്ടു മാറുന്നത്. ഭൂചക്രണാക്ഷം (Axis of rotation of Earth) ക്രാന്തിവൃത്താക്ഷത്തോട് (Axis of Ecliptic) 23.5 ഡിഗ്രി ചെരിവില്‍ കോണീയാകൃതിയില് ആണ് ചക്രണം ചെയ്യുന്നതെന്നതാണ് ഇതിനു കാരണം. ഈ കോണീയ ചക്രണത്തിനുള്ള കാരണമാവട്ടെ സൂര്യനും ചന്ദ്രനും ഭൂമിയുടെ ചക്രണാക്ഷത്തിനുമേല് വ്യത്യസ്ത തോതില്‍ ചെലുത്തുന്ന ഗുരുത്വാകര്‍ഷണ ബലവുമാണ്.
ഏകദേശം പതിനായിരം വര്‍ഷം കഴിയുമ്പോള്‍ ഇത് തുലാം രാശിയില്‍ ആവുമെന്നും 25,806.45 വര്‍ഷം കഴിയുമ്പോള്‍ വീണ്ടും മേടം രാശിയില്‍ തിരിച്ചെത്തുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വര്‍ഷം തോറും മാറിമാറി വരുന്ന സൂര്യസമ്പാതം അനുസരിച്ച് വസന്തഋതുവിലെ പ്രഥമ ദിനം വിഷുദിനം ആയി കണക്കാക്കണമെന്ന് സായന രാശിചക്രവാദികള് പറയുന്നു. എന്നാല്‍ ഭാരതീയ പഞ്ചാംഗങ്ങള്‍ നക്ഷത്രപ്രധാനമായ സൈഡീരിയല്‍ സോഡിയാക്ക് അവലംബമാക്കുന്നതിനാല് രാപ്പകലുകള്‍ തുല്യമല്ലാതിരുന്നിട്ടും, പരമ്പരാഗതമായ രീതിയില്‍ മേടമാസാരംഭം തന്നെ വിഷു ദിനമായി ആഘോഷിക്കുന്നു. നാം ആഘോഷിക്കുന്ന വിഷുദിനത്തില്‍ നിന്ന് യഥാര്‍ത്ഥ വിഷുദിനം 25 ദിവസത്തോളം പിന്നോട്ട് പോയതിനാലാവാം കണിക്കൊന്നകള്‍ നേരത്തേ പൂത്തുലയുന്നതും പഴയ കാലവര്‍ഷക്കണക്കുകള്‍ ഇപ്പോള്‍ തെറ്റുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: