റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. വെന്റിലേറ്റർ സഹായമില്ലാതെ മാർപാപ്പ ശ്വസിക്കുന്നെന്ന് വത്തിക്കാൻ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞുവെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ചികിത്സയുടെ ഭാഗമായ ഫിസിയോതെറാപ്പി ഇനിയും തുടരും.
ഏകദേശം ഒരു മാസത്തിലധികമായി അദ്ദേഹം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഫെബ്രുവരി 14 ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുളള ആദ്യ ചിത്രം വത്തിക്കാന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ചിത്രത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പർപ്പിൾ നിറത്തിലുള്ള നോമ്പുകാല ആരാധനാക്രമ വസ്ത്രം ധരിച്ച് ആശുപത്രി ചാപ്പലിലെ ഒരു അൾത്താരയ്‌ക്ക് മുന്നിൽ വീൽചെയറിൽ ഇരിക്കുന്നത് കാണാം.
തന്റെ സൗഖ്യത്തിനായി ഒരുപാടു കുട്ടികൾ പ്രാർഥിക്കുന്നുണ്ടെന്നും ആശുപത്രിക്കു മുന്നിൽ അവരെത്തിയത് തന്നോടുള്ള അടുപ്പത്തിന്റെ അടയാളമാണെന്നും മാർപാപ്പ ഞായറാഴ്ച സന്ദേശത്തിൽ അനുസ്മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിച്ചു വരുന്നതായി വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു.
ഭരണകാര്യങ്ങളിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫുമായി ആശുപത്രി മുറിയിൽ വെച്ച് ചർച്ച ചെയ്ത് വേണ്ട നിർദേശങ്ങളും മാർപാപ്പ നൽകുന്നുണ്ടെന്നുളള വിവരങ്ങളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: