മട്ടാഞ്ചേരി: സംസ്ഥാനത്തെ സുരക്ഷിത കടല്‍ തീരങ്ങളുടെ പട്ടികയില്‍ നിന്നും ഫോര്‍ട്ടുകൊച്ചി ബീച്ച് പുറത്തേയ്‌ക്ക്. വിവിധ ട്രാവല്‍ ബ്ലോഗുകളും ടുറിസം ഏജന്‍സികളും പ്രസിദ്ധീകരിക്കുന്ന ബീച്ച് പട്ടികയിലാണ് കൊച്ചിതീരം പത്താം സ്ഥാനത്ത് നിന്നും പിന്തള്ളപ്പെട്ട കാര്യമുള്ളത്. ട്രിപ്പ് അഡ്‌സേര്‍ അടക്കമുള്ള ആഗോള ടൂര്‍ ഗൈഡ് ബ്ലോഗുകളിലും ഇക്കാര്യമുണ്ട്. ടൂറിസം വെബ് സൈറ്റിലെ സംസ്ഥാനത്തെ തീരങ്ങളുടെ പട്ടികയിലും കൊച്ചി തീരം തഴയപ്പെട്ടതാണ് ഏറെ ആശങ്കയുണര്‍ത്തുന്നത്.
സുരക്ഷിതത്വം, ശുചിത്വം, സാമൂഹ്യ പ്രതിബദ്ധത, സംരക്ഷണം തുടങ്ങിയ ഘടകങ്ങളാണ് കൊച്ചി തീരത്തിന് തിരിച്ചടിയായത്. വിദേശ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു ചരിത്രസ്മൃതികളുറങ്ങുന്ന കൊച്ചി കടപ്പുറം. ചീനവലകളും വള്ളങ്ങളും വലവീശുകാരും വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. മാലിന്യ കൂമ്പാരങ്ങളും സാമൂഹ്യ വിരുദ്ധരുടെയും ശല്യവും സുരക്ഷ ഭീഷണിയുമെല്ലാം തിരിച്ചടിയായി മാറി. മലീമസമായ ബീച്ച് വിദേശികള്‍ ശുചീകരണം നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.
സീറോ വേസ്റ്റ് തീരം പദ്ധതിയടക്കം ഒട്ടേറെ ശുചിത്വ പരിപാടികള്‍ കോടികള്‍ ചെലവിട്ട് നടപ്പിലാക്കിയെങ്കിലും അതെല്ലാം കടലില്‍ കായം കലക്കും പോലെയായെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിവര്‍ഷം പതിനയ്യായിരത്തിലേറെ വിദേശ വിനോദ സഞ്ചാരികളെത്തിയിരുന്ന കൊച്ചിതീരത്ത് കഴിഞ്ഞ വര്‍ഷമെത്തിയത് പതിനായിരത്തില്‍ താഴെ മാത്രമായിരുന്നു. 300 ല്‍ ഏറെ കച്ചവടക്കാരാണ് കൊച്ചി തീരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: