പെരുമ്പാവൂർ : പണയം വെച്ച സ്വർണാഭരണങ്ങൾ തിരികെ എടുത്ത് നൽകാതെ കബളിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പട്ടിമറ്റം ചേലക്കുളം നാത്തേക്കാട്ട് വീട്ടിൽ കുഞ്ഞുമുഹമ്മദ് (55) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പോഞ്ഞാശ്ശേരി സ്വദേശിനിയായ പരാതിക്കാരിയുടെ മരുമകളുടെ കയ്യിൽ നിന്നും സ്വർണാഭരണങ്ങൾ പണയം വയ്‌ക്കാൻ ഇയാൾ വാങ്ങിക്കുകയായിരുന്നു. പ്രതിയുടെ ബന്ധുവിന് ഗൾഫിൽ പോകുന്നതിന് ലോൺ ലഭിക്കുമ്പോൾ തിരികെ എടുപ്പിച്ച് നൽകാം എന്ന് പറഞ്ഞാണ് സ്വർണാഭരണങ്ങൾ വാങ്ങിയത്.
തുടർന്ന് സ്വർണ്ണം തിരികെ ചോദിച്ചപ്പോൾ പണയ ഉരുപ്പടികൾ എടുപ്പിക്കുവാൻ പണമില്ലെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. അതേ തൂക്കത്തിൽ സ്വർണ്ണം നൽകുകയാണെങ്കിൽ പണയം വെച്ച ഉരുപ്പടികൾ എടുത്ത് നൽകാമെന്ന് പ്രതി പറഞ്ഞു.
പിന്നീട് അതേ തൂക്കത്തിലുള്ള സ്വർണാഭരണങ്ങൾ പരാതിക്കാരി നൽകി. ആകെ 75 ഗ്രാം സ്വർണ്ണമാണ് ഇയാൾ കൈക്കലാക്കിയത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ റ്റി.എം.സൂഫി, എസ് ഐ എസ്.ശിവപ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: