മുംബൈ : ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്‌ക്ക് ഇന്ത്യക്കാരെ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് ആവാഹിച്ച ജാപ്പനീസ് ബ്രാൻഡ് രാജ്യത്തിനായി സമർപ്പിച്ച നിസാൻ X-ട്രെയിൽ വില അല്‍പം കൂടുതലും വില്‍പനയുടെ കാര്യത്തില്‍ അല്‍പം പിന്നിലും ആണെങ്കിലും ആഡംബര കാര്‍ ഉപയോക്താക്കളെ മോഹിപ്പിക്കുന്ന കാര്‍ ആണ്. ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് രാജകീയമായാണ് നിസാൻ X-ട്രെയിൽ രണ്ടാംവരവ് നടത്തിയത്. ഫുള്‍സൈസ് എസ് യുവിയില്‍ ടൊയോട്ട ഫോര്‍ച്യുണറിന് പല രീതികളിലും നിസ്സാന്‍ എക്സ് ട്രെയില്‍ വെല്ലുവിളി ഉയര്‍ത്തുന്നു.
പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന X-ട്രെയിലിന് 63.60 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 13.7 കിലോമീറ്റർ മൈലേജാണ് നിസാൻ X-ട്രെയിലിൽ അവകാശപ്പെടുന്നത്. ഈ ആഡംബര ഫുള്‍ സൈസ് എസ് യു വിയില്‍ മറ്റ് എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനോട് കൂടി മാത്രമാണ് എക്സ് ട്രെയില്‍ വരുന്നത്.
വില്‍പന എണ്ണത്തില്‍ കുറവാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും ആഡംബര കാര്‍ ഉപയോക്താക്കള്‍ ആരാധിക്കുന്ന മോഡല്‍ ആണിത്. കഴിഞ്ഞ ആറ് മാസത്തില്‍ 16 യൂണിറ്റുകളേ മാത്രമേ വിൽക്കാൻ കഴിഞ്ഞുള്ളൂ.
2025 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിൽപ്പനയുടെ അഭാവം വരും മാസങ്ങളിൽ മറികടക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്. നിർമാണ നിലവാരത്തിലെല്ലാം ഫുൾ-സൈസ് എസ്‌യുവി വേറെ ലെവലാണ്. നിരവധി നൂതന സുരക്ഷാ സവിശേഷതകളാൽ സമ്പന്നവുമാണ് ഈ കാര്‍ .
ഏഴ് എയർബാഗുകൾ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, 360-ഡിഗ്രി ക്യാമറ എന്നിവയെല്ലാം വണ്ടിയിലുണ്ട്. ധാരാളം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള ഡാർക്ക് തീമിലാണ് X-ട്രെയിലിന്റെ അകത്തളം പണികഴിപ്പിച്ചിരിക്കുന്നത്.
ഇതുകൂടാതെ ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ഫോൺ ചാർജർ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, പനോരമിക് സൺറൂഫ്, കീലെസ് എൻട്രി ആൻഡ് ഗോ, ഡ്രൈവ് മോഡുകൾ, ഓട്ടോ-ഹോൾഡ് ഫംഗ്ഷൻ, ക്രൂയിസ് കൺട്രോൾ, രണ്ടാമത്തെ വരിയിൽ 40/20/40 സ്പ്ലിറ്റ്-ഫോൾഡിംഗ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ, മൂന്നാമത്തെ വരിയിൽ 50/50 സ്പ്ലിറ്റ്-ഫോൾഡിംഗ്, റിക്ലൈനിംഗ് ഫംഗ്ഷനുകൾ എന്നിവയും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
നിസാന്റെ 7-സീറ്റർ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത് 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ്.
ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം പോലുള്ള ഇന്ധനക്ഷമത കൈവരിക്കാനുള്ള ടെക്‌നിക്കുകളും ഈ ഫോറിൻ എസ്‌യുവിയിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: