ബംഗളൂരു: ഈ മുന്‍ സൈനികന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരുടെ യും നെഞ്ചുപിടയും. കിഡ്നി ട്രാന്‍സ്പ്ലാന്റിനു വേണ്ടി ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്ന പല്ലശന പഞ്ചായത്തിലെ ശശികുമാരനെന്ന ഈ മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് സഹായത്തിനു വേണ്ടി യാചിക്കുന്നത്.
ആശുപത്രിയില്‍ കൂടെ നില്‍ക്കാനും കൂടെ പോകാനും ആരുമില്ലാത്ത അവസ്ഥയിലാണ്. ചികിത്സക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ റിട്ട. സൈനികന്. ജീവിതത്തിന്റെ നീണ്ട 18 വര്‍ഷക്കാലം മാതൃരാജ്യത്തിനു വേണ്ടി വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ച ഈ പട്ടാളക്കാരന്റെ ജീവിതത്തില്‍ കരി നിഴല്‍ പടരുന്നത് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു. ശരീരത്തിന് അസ്വസ്ഥതകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ പ്രകടമായിരുന്നുവെങ്കിലും സര് വീസില് തുടരുമ്പോള്‍ സ്വന്തം ശരീരം ശ്രദ്ധിച്ച് വിശ്രമിക്കാന്‍ ഈ സ്വരാജ്യ സ്നേഹിക്കു മനസുവന്നില്ല. 2006 ല്‍ ജോലിയില്‍ നിന്നു വിരമിച്ച ശേഷം വിദ ഗ്ധ പരിശോധന നടത്തുമ്പോഴേക്കും ശശികുമാരന്റെ രോഗം മൂര്‍ധന്യത്തില്‍ എത്തിയിരുന്നു. ഇരുവൃക്കകളും തകരാറിലായ ഈ 54 കാരന്റെ ജീവന് ഡയാലിസിസിലൂടെയാണ് ഇത്രയും കാലം നിലനിര്‍ത്തിയത്. ഇനി വൃക്ക മാറ്റിവെക്കല്‍ അല്ലാതെ മറ്റു പോംവഴിയില്ലാത്തതിനാല്‍ ബാംഗ്ലൂര്‍ ആശുപത്രിയില്‍ ഒരു മാസത്തോളമായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
മുന്‍ സൈനികര്‍, മറ്റു സുഹൃത്തുക്കള്‍ ഇവരുടെയെല്ലാം സഹായംകൊണ്ട് ഇത്രയും കാലം പിടിച്ചുനിന്നെങ്കിലും ഒന്നിനു പിറകെ ഒന്നായി വരുന്ന അനുബന്ധ രോഗങ്ങളുടെ ചികിത്സ അനന്തമായി നീണ്ടുപോകാന്‍ കാരണമായി. വൃക്കദാതാവ്, ശസ്ത്രക്രിയ, മറ്റ് ആശുപത്രി ചിലവ് ഉള്‍പ്പെടെ ഏകദേശം 40 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടിവരുമെന്നാണ് ശശികുമാരനെ ചികിത്സിക്കുന്ന ആശുപത്രി അധികൃതര്‍ അറിയിച്ചത്.
രക്തബന്ധമുള്ള വക്കദാതാവാണെങ്കില് മാത്രമേ മിലിട്ടറി ഇസിഎച്ച്എസ് നിയമപ്രകാരം സൗജന്യ ചികിത്സാ അനുകൂല്യങ്ങള്‍ക്ക് വ്യവസ്ഥയുള്ളൂ. എന്നാല്‍ രക്തബന്ധത്തില്‍ ദാതാവായി ആരുമില്ലാത്തത് ഈ മുന്‍ മിലിറ്ററി ഉദ്യോഗസ്ഥനെ ഏറെ ദുരിതത്തിലാക്കിയിരിക്കുന്നു. ഭാര്യയും ഒരു മകളുമുണ്ടെങ്കിലും അവര്‍ ഇദ്ദേഹവുമായി അകന്നു കഴിയുകയാണ്. കാര്‍ഗില്‍ ഓപ്പറേഷന് വിജയ് ബഹുമതി കിട്ടിയ ഈ രാജ്യസ്നേഹിയായ പട്ടാളക്കാരനു സംസാരിക്കാന്‍ പോലും സാധിക്കാത്ത ഗുരുതരാവസ്ഥയിലാണെങ്കിലും ജീവിതം തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹം. കുടുംബവിഹിതമായി കിട്ടിയ ഭൂമി വില്പനക്ക് വെച്ചിട്ടുണ്ടെങ്കിലും അത് വിറ്റാല്‍ കിട്ടുന്ന സംഖ്യ വളരെ കുറവായിരിക്കും. മാസങ്ങളായി സഹായം തേടി അലയുന്ന ഈ മുന്‍ സൈനികനെ കനിവുള്ളവര്‍ കൈവിടരുതേ:
ഫോണ്‍ 9606210122.
പ്രതികരിക്കാൻ ഇവിടെ എഴുതുക: