കൊച്ചി: ലഹരി ഉപയോഗവും വില്പനയും സര്‍വവ്യാപകമായ കേരളത്തില്‍ കേവലം പോലീസ് നടപടി കൊണ്ട് മാത്രം ലഹരിയെ നിര്‍മാര്‍ജനം ചെയ്യാമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന് പറഞ്ഞു. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമ, നഗര വ്യത്യാസമില്ലാതെ, പ്രായ, ലിംഗ ഭേദമില്ലാതെ, സര്‍വമനുഷ്യരിലേക്കും മാരകലഹരികള്‍ എത്തിക്കുന്ന ഏജന്‍സികളുടെ ഉറവിടം കണ്ടെത്താനാവാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ വഴിമുട്ടി നില്ക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല ജനകീയ സമിതികള്‍ ഉണ്ടാക്കി പൊതുജന, പോലീസ്, മറ്റു ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ലഹരിയെ നിര്‍മാര്‍ജനം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസ് ജാഗ്രതയുടെ ഫലമായി മാത്രം കഴിഞ്ഞ ഒരു മാസം കൊണ്ട് 3000 ത്തിലധികം ലഹരി കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നു പറയുമ്പോള്‍ നാം മനസിലാക്കേണ്ടത് ലഹരി എത്രമാത്രം ആഴ്ന്നിറങ്ങിയിരിക്കുന്നു എന്നതാണ്. ടൂറിസത്തിന്റെ മറവില്‍ കേരളത്തിന്റെ കടല്‍ത്തീരം ലഹരിയുടെ പിടിയില്‍പ്പെടാതെ നോക്കാനുള്ള ജാഗ്രതയും ഉത്തരവാദിത്തവും പൊതുസമൂഹത്തിനുണ്ട്. അതുകൊണ്ട് തന്നെ ലഹരിവിരുദ്ധ കൂട്ടായ്മയില്‍ മത്സ്യപ്രവര്‍ത്തക സമൂഹവും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി. പീതാംബരന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആഴക്കടല്‍ മണല്‍ഖനനം പരിസ്ഥിതി ആഘാതപഠനത്തിന് ശേഷം മാത്രമേ നടത്തൂ എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം പ്രമേയത്തിലൂടെ സ്വാഗതം ചെയ്തു.
മത്സ്യപ്രവര്‍ത്തക സംഘം മണല്‍ഖനനത്തില്‍ ആശങ്ക അറിയിച്ചു കൊണ്ടുള്ള വിശദമായ നിവേദനം നേരത്തേ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നല്‍കിയിരുന്നു. അതിനുകൂടി കിട്ടിയ അംഗീകാരമാണെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, വൈസ് പ്രസിഡന്റ് കെ. ശിശുപാലന്, ട്രഷറര്‍ കെ.ജി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: