ഷില്ലോങ്: അന്താരാഷ്്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെ നേരിടും. രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ച സൂപ്പര്‍ താരം സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ബൂട്ട് അണിയുന്ന മത്സരം കൂടിയാണ് ഇത്. നോര്‍ത്ത് ഈസ്റ്റ് നഗരമായ ഷില്ലോങ്ങിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് പോരാട്ടം. 40കാരനായ സുനില്‍ ഛേത്രി മാര്‍ച്ച് ആദ്യവാരം അന്താരാഷ്്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചിരുന്നു. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. പിന്നീട് തീരുമാനം മാറ്റുകായിരുന്നു. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് ഛേത്രി. 151 മത്സരങ്ങളില്‍നിന്ന് 94 ഗോളുകള്‍ അദ്ദേഹത്തിനുണ്ട്.
അതുപോലെ ഇപ്പോള്‍ പുരോഗമിക്കുന്ന ഐഎസ്എല്ലില്‍ ലീഡിങ് ഗോള്‍ സ്കോറര്‍ കൂടിയാണ് 12 ഗോളുകള്‍ നേടിയ ഛേത്രി.
2027ലെ എഎഫ്സി യോഗ്യതാ പോരാട്ടങ്ങളില്‍ 25ന് ബംഗ്ലാദേശിനെ നേരിടാനിരിക്കുന്ന ഇന്ത്യക്ക് മികച്ച മുന്നൊരുക്കം കൂടിയാണ് ഇന്നത്തെ മത്സരം. ഗ്രൂപ്പ് സിയില്‍ ബംഗ്ലാദേശ്, ഹോങ്കോങ്, സിംഗപ്പുര്‍ എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം ലാലിയന്‍സുവാല ചാങ്തെ പരിക്കിനെത്തുടര്‍ന്ന് കളിക്കില്ല.
ഇരുടീമും തമ്മില്‍ ഇതുവരെ 21 മത്സരങ്ങളില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്. അതില്‍ 15 മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പം നിന്നു. 2021ലെ സാഫ് കപ്പിലായിരുന്നു അവസാന ഏറ്റുമുട്ടിയത്. അന്ന് സുനില്‍ ഛേത്രി, മാന്‍വീര്‍ സിങ് എന്നിവരുടെ ഗോള്‍ മികവില്‍ 3-1ന് ജയിച്ചു.
മാലദ്വീപിനെതിരേ കളിക്കുന്ന ഇന്ത്യന്‍ ടീം
അമരീന്തര്‍ സിങ്, ഗുര്‍മീത് സിങ്, വിശാല്‍ കൈത്, ആശിഷ് റായ്, ബോറിസ് സിംഗ് തങ്ജാം, ചിംഗ്ലെന്‍സന സിംഗ് കോണ്‍ഷാം, ഹമിംഗ്തന്‍മാവിയ, മെഹ്താബ് സിംഗ്, രാഹുല്‍ ഭേക്കെ, റോഷന് സിംഗ് നൗറെം, സന്ദേശ് ജിംഗന്, സുഭാഷിഷ് ബോസ്, ആഷിക് കുരുണിയന്, ആയുഷ് ദേവ് ഛേത്രി, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ബ്രിസണ്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റണ്‍ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സുരേഷ് സിംഗ് വാങ്ജാം, സുനില്‍ ഛേത്രി, ഫാറൂഖ് ചൗധരി, ഇര്ഫാന് യാദ്വാദ്, മന്‍വീര്‍ സിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: