Kerala

മുനമ്പം ഭുമിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡ്; ജുഡീഷ്യൻ കമ്മിഷൻ നിയമനം റദ്ദാക്കി ഹൈക്കോടതി

Published by

കൊച്ചി: മുനമ്പം ജുഡീഷ്യൻ കമ്മിഷൻ നിയമനം റദ്ദാക്കി ഹൈക്കോടതി. കമ്മിഷൻ നിയമത്തിൽ പൊതുതാത്പര്യമില്ലെന്ന് കോടതി വ്യക്തമാക്കി. വഖഫ് സംരക്ഷണ സമിതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബിച്ചു കുര്യൻ തോമസ് വിധി പറഞ്ഞത്. ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ വഖഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡാണെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് വ്യക്തമാക്കി.

മുനമ്പത്തെ ഭൂമി വഖഫ് ബോർഡിൻ്റേതാണെന്ന് നേരത്തേ തന്നെ സിവിൽ കോടതികൾ കണ്ടെത്തിയിട്ടുള്ളതാണ്. ഈ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിലുള്ളതുമാണ്. ഈ സാഹചര്യത്തിൽ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കാൻ ജുഡീഷ്യൽ കമ്മിഷന് അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വഖഫ് ഭൂമിയിൽ ജൂഡിഷ്യൽ കമ്മിഷന് എന്താണ് കാര്യമെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ചോദിച്ചത്. 104 ഏക്ക‍ർ ഭൂമി വഖഫ് ആണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയതാണെന്നും ജുഡീഷ്യൽ കമ്മീഷനെ വെച്ച് ഇതിന്റെ സാധുത സർക്കാരിന് എങ്ങനെ പരിശോധിക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങൾ കമ്മീഷൻ പരിശോധിക്കുന്നില്ലെന്ന് സർക്കാ‍ർ മറുപടി നൽകി.

മനസിരുത്തിയാണോ സർക്കാർ കമ്മീഷനെ നിയമിച്ചതെന്ന് സംശയമുണ്ടെന്നും കമ്മീഷന്റെ പരിശോധനാ വിഷയങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്നും കോടതി നിർദേശിച്ചു. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ ഇല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുനമ്പത്ത് വസ്തുതാ അന്വേഷണം മാത്രമാണ് നടത്തുന്നത്.ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന് അധികാരമില്ല. വസ്തുത സര്‍ക്കാരിന് മുന്നില്‍ എത്തിക്കാനാണ് ജുഡീഷ്യല്‍ കമ്മിഷനെ വച്ചതെന്ന് സംസ്ഥാന സര്‍ക്കാർ പറയുന്നു

മുനമ്പത്ത് ഭൂമി കൈവശം വച്ചവരുടെ താല്‍പര്യ സംരക്ഷണമാണ് കമ്മിഷന്‍ പരിശോധാവിഷയമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ അവകാശമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by