കഴിഞ്ഞ ദിവസം കാണാനിടയായ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കുകയാണ്.
”സാഹിത്യ അക്കാദമിയുടെ മേളയില്‍ പങ്കെടുക്കാനാണ് ദല്‍ഹിയില്‍ പോയത്. ഒരു മാര്‍ക്കറ്റില്‍ വച്ച് മൂന്ന് കുട്ടികളുമായി ഒരു സംഭാഷണം ഉണ്ടായി. മൂത്ത പെണ്‍കുട്ടിക്ക് 12-15 വയസും ഇളയവള്‍ക്ക് 8-10 ഉം ഉണ്ടാവണം. മൂന്നാമത്തേത് കൈക്കുഞ്ഞാണ്. വളരെ പാവപ്പെട്ടവരാണ്. കേരളത്തില്‍ ഇത്രയും പാവപ്പെട്ടവര്‍ ഉണ്ട് എന്ന് തോന്നുന്നില്ല. അവര്‍ ഒരു ജ്യൂസ് കടയുടെ മുമ്പില്‍ നില്‍ക്കുകയാണ്. ജ്യൂസ് കുടിക്കാന്‍ ആഗ്രഹത്തോടെ നില്‍ക്കുകയാണ് എന്ന് എനിക്ക് തോന്നി. ഞാന്‍ കടക്കാരനോട് അവര്‍ക്ക് ഓരോ ജ്യൂസ് കൊടുക്കാന്‍ പറഞ്ഞു. അപ്പോള്‍ പെണ്‍കുട്ടികള്‍ പറഞ്ഞു. ‘ഒന്ന് മതി.’ അതെന്താ എന്ന് ഞാന്‍ ചോദിച്ചു. മൂത്തവള്‍ പറഞ്ഞു. ‘ഇവള്‍ക്ക് ഒരു ജ്യൂസ് കിട്ടി. ഇനി എനിക്ക് കിട്ടിയാല്‍ മതി.’ അതായത് കടക്കാരന് ഒരെണ്ണം വില വാങ്ങാതെ കൊടുത്തിരിക്കുന്നു. അതു മൂത്തവള്‍ ഇളയവള്‍ക്ക് കൊടുത്തു. തനിക്ക് കിട്ടുമോ എന്ന ആശയില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ പ്രത്യക്ഷപ്പെട്ടത്. അവര്‍ എന്നോട് കൃത്യമായ വസ്തുത പറയുകയായിരുന്നു. ഒരാള്‍ കുടിച്ചു. ഇനി ഒരെണ്ണം മതി. അത്ര മാത്രമേ അവരുടെ ആവശ്യം ഉണ്ടായിരുന്നുള്ളൂ. ‘ഇവന് ജ്യൂസ് കൊടുക്കണ്ടേ?’ ഞാന്‍ കുഞ്ഞിനെ നോക്കി ചോദിച്ചു. ‘അവന് ജ്യൂസ് കുടിക്കാറില്ല.’ അവര്‍ പറഞ്ഞു. മൂത്തവള്‍ അല്പം കഴിച്ചിട്ട് ഗ്ലാസ് കുഞ്ഞിന്റെ ചുണ്ടില്‍ വച്ചു. അവന് തല കുലുക്കി. അവള് അനിയത്തിക്ക് നീട്ടി. അവള് ഒരിറക്ക് കുടിച്ച് ഗ്ലാസ് തിരിച്ചുകൊടുത്തു. ‘അഭിവാദ്യം.’ ഞാന്‍ നിശബ്ദമായി പറഞ്ഞു. ‘നന്ദി.’
അരവിന്ദേട്ടന് ഏറ്റവും പ്രിയങ്കരനായിരുന്ന ‘കറിയാച്ചന്’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന പോള്‍ സഖറിയാ എഴുതിയ പോസ്റ്റ് ആണിത്. ഈ വാക്കുകള്‍ കേട്ടുകഴിഞ്ഞ നിങ്ങളുടെ മനസും ഹൃദയവും കരുണയാല്‍, സ്നേഹത്താല്‍ ആര്ദ്രമായിരിക്കും. ഓരോരുത്തരുടെയും സഹജ പരിമിതികള്‍ക്കപ്പുറം നിങ്ങളുടെ ഹൃദയം മന്ത്രിക്കുന്നു. ‘ഇതാണ് ശരി.
എന്തുകൊണ്ടാണ് നിങ്ങളുടെ ഹൃദയം അങ്ങനെ പറയുന്നത്? നിങ്ങളുടെ മനുഷ്യഭാവം ഉണര്‍ന്നിട്ടുണ്ടെങ്കില്‍, നിങ്ങള്‍ നാരായണഗുരു പറഞ്ഞ വാക്കുകള്‍ കേട്ടിട്ടുണ്ടാവും. എങ്കില്‍ അങ്ങനെയേ തരമുള്ളൂ. എന്താണ് ഗുരു പറഞ്ഞത്? ‘അരുളുള്ളവനാണ് ജീവി’. ജീവിയും ജീവിതവും. അതാണ് പരമ സത്യം. കലയെക്കുറിച്ചു അരവിന്ദേട്ടന് പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുകയാണ്. ”ശക്തവും ആര്‍ദ്രവുമായ മാനവികതയെ സൃഷ്ടിക്കുകയാണ് കലയുടെ, സിനിമയുടെ ധര്‍മ്മം.”
എന്താണ് മാനവികത? ഉത്തരം പറയാന്‍ നല്ല മലയാളം അറിഞ്ഞാല്‍ മതി. കുമാരനാശാന് പാടുന്നു. ”സ്നേഹമാണഖിലസാരമൂഴിയില്‍” അതേ, മാനവികതയെ പുണരുന്ന സ്നേഹ ദര്‍പ്പണങ്ങളായിരുന്നു അരവിന്ദേട്ടന്റെ ഓരോ സിനിമകളും. ‘വാസ്തുഹാര’ പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് ഇതാണ്. ‘വാസ്തുഹാര, ഒരു സ്നേഹാദര്പ്പണം’. കളവംകോടത്ത് നാരായണഗുരു സ്ഥാപിച്ച കണ്ണാടിപ്രതിഷ്ഠ പോലെ.
എന്താണ് കല? എന്താണ് സിനിമ? വലിയ ഉത്തരങ്ങള്‍ വേണ്ടുന്ന ചെറിയ ചോദ്യങ്ങള്‍. കലയുടെ ധര്‍മ്മത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കുഞ്ഞുണ്ണിമാഷ് പറഞ്ഞ ഒരു കാര്യമാണ് ഞാന്‍ ഓര്‍ക്കുക. ”കല എല്ലാത്തിനെയും ഒരുമിപ്പിക്കുന്നു. ഭേദചിന്ത അകറ്റി ഏകത്വത്തിലേക്ക് കല നമ്മെ നയിക്കുന്നു.” ഈശ്വരസാക്ഷാല്‍ക്കാരത്തിന്, ഇക്കാലത്ത് ഭക്തിയേക്കാള്‍ ഉചിതമായ മാര്‍ഗം കലയുടേതാണ് എന്നുപോലും മാഷ് പറയുന്നുണ്ട്. കലയില്ലെങ്കില്‍ കലഹം എന്നും.
ഇന്ന് നമ്മള് വളര്‍ത്തേണ്ടത് അനുകമ്പയും സഹാനുഭൂതിയും സ്നേഹവുമാണ്. മാനവസംസ്കാരത്തിന്റെ വളര്‍ച്ചയില്‍ തീര്‍ച്ചയായും ഇത്തരത്തിലുള്ള മൂല്യബോധ നിര്‍മ്മിതി സാധ്യമാക്കുന്ന കലാപ്രവര്‍ത്തനമാണ് ആവശ്യം. എന്നാല്‍ നമ്മളോരോരുത്തരും മനുഷ്യരാശിയുടെ ദീനരോദനങ്ങള്‍ കേള്‍ക്കാതെ, കാണാതെ വീണ്ടും വീണ്ടും മുഖം തിരിക്കുന്നു. നമ്മളോരോരുത്തരും അനുകമ്പയറ്റ സഹാനുഭൂതി മറഞ്ഞ ഹൃദയത്തിനുടമകളായി മാറിയിരിക്കുന്നു.
ഒരുകാലത്ത് മതങ്ങളായിരുന്നു സ്നേഹപ്രമാണത്തെക്കുറിച്ച് ഉത്ഘോഷിച്ചുകൊണ്ടിരുന്നത്. ക്രിസ്തുമതം പറയുന്നു ‘ദൈവം സ്നേഹമാണ്’. ഋഗ്വേദം പറയുന്നു, ‘ആത്മാവിന്റെ ആദിബീജം സ്നേഹമാണ്’. ബുദ്ധമതം കരുണയെപ്പറ്റി പറയുന്നു. ഇസ്ലാം മതം സമാധാനത്തെപ്പറ്റി പറയുന്നു എന്നാല്‍ ഇന്നോ? നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്നുപറഞ്ഞിടത്ത്, അന്യമതവിരോധമാണ് ചിലര്‍ പറയുന്നത്. ഏതൊരുവന് തന്നില്‍തന്നെ എല്ലാത്തിനെയും കാണുന്നുവോ, എല്ലാത്തിലും തന്നെയും കാണുന്നുവോ അവന് യാതൊന്നിനെയും വെറുക്കുന്നില്ല എന്ന് ഉപനിഷത്തില്‍ പറയുന്നു.
പക്ഷെ ചിലര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ ചില മത പുരോഹിതരും പുറകിലല്ല. ഇത് തന്നെയാണ് പൊതുവില്‍ രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെല്ലാം കാണുന്നത്. സ്വാര്‍ത്ഥതയും വിദ്വേഷവും കൂടിവരുന്ന സമൂഹത്തില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ എന്തിനതിശയിക്കണം?
ഇവിടെയാണ് സിനിമയും മറ്റു കലകളുമെല്ലാം സ്നേഹദര്പ്പണങ്ങളായി മാറുന്നത്. ഉത്തരായനം മുതല്‍ വാസ്തുഹാര വരെ നീണ്ട അരവിന്ദേട്ടന്റെ ചലച്ചിത്ര സപര്യയില്‍ തന്റെ സിനിമകളിലൂടെ, മനുഷ്യര്‍ക്കിടയില്‍ നഷ്ടമാകുന്ന കരുണയും ആര്‍ദ്രതയും സ്നേഹവും എങ്ങനെ വീണ്ടെടുക്കാം എന്നദ്ദേഹം പറയുന്നു.
അതുതന്നെയാണ് ഒരു യഥാര്‍ഥ കലാകാരന്റെ കടമയും. കലയെപ്പറ്റി ആന്ദ്രേയ് തര്‍ക്കോവിസ്കി ഇങ്ങനെ പറയുന്നു.
‘Art, as I said earlier, affetcs a person’s emotions, not his reason. Its function is, as it were, to turn and loosen the human soul, making it receptive to good.’
അതേ, കല നമ്മുടെ വൈകാരികതയിലാണ് സാധീനം ചെലുത്തുക. യുക്തിയെയല്ല. മനുഷ്യന്റെ ആത്മാവിനെ മഥിച്ചു മയപ്പെടുത്തി, നന്മയെ സ്വീകരിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് കലയുടെ ധര്‍മ്മം.
ചിന്തകളും, അവയുടെ പകര്‍ന്നു കൊടുക്കലുകളും, സംവാദങ്ങളും, അന്വേഷണങ്ങളും പരീക്ഷണങ്ങളും അതിലൂടെ മാനവപുരോഗതിയും സാധ്യമാക്കുന്നതിനാല്‍, ഭാഷയാണ്, ഒരു സമൂഹത്തിന്റെ പുരോഗതിയെ പ്രകടമായി നിയന്ത്രിക്കുന്ന ഘടകം. ഒരു സമൂഹത്തില്‍, വ്യക്തികള്‍ക്ക്, വസ്തുതകള്‍ അറിയാനും അവയെ ശരിയായ രീതിയില്‍ പരിശോധിച്ചു മനസ്സിലാക്കാനും അവരുടെ മാതൃഭാഷയാണ് ഉത്തമം. അതുകൊണ്ടാണ് നവലോകത്തില്‍ സമൂഹങ്ങള്‍ മാതൃഭാഷയിലൂടെ സ്വയം അറിയപ്പെടുന്നത്. അതുകൊണ്ടാണ് തമിഴര്‍ക്ക് തമിഴും, ബംഗാളികള്‍ക്കു ബംഗാളിയും, മലയാളികള്‍ക്ക് മലയാളവും ജീവല്പ്രധാനമാകുന്നത്.
ഭാഷയിലൂടെ നേടുന്ന വിദ്യാഭ്യാസവും അതിലൂടെ സ്വായത്തമാക്കുന്ന അറിവും വ്യക്തിയുടെ സാംസ്കാരിക ഉന്നമനത്തിന് കാരണമാകുന്നു. ഈ സാംസ്കാരികോന്നമനമാണ് സാമൂഹിക നന്മയ്ക്ക് കാരണമാകുന്നത്.
ഇവിടെയാണ് സിനിമയെ മാനവരാശിയുടെ ആകവേയുള്ള മാതൃഭാഷയായി ഞാന്‍ കാണുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ കലയാണ് സിനിമ എന്ന് ആദ്യമായി പ്രഖ്യാപിച്ചത് ലെനിന് ആയിരുന്നു. ‘തന്റെ കണ്ടുപിടുത്തത്തിന് വലിയ ഭാവിയൊന്നും ഇല്ല’ എന്ന് വിചാരിച്ച ലൂമിയര്‍ സഹോദരന്മാരുടെ ചിന്തകളെയും മറികടന്ന്, ഇരുപത്തൊന്നാം നൂറ്റാണ്ടിലും സിനിമ സജീവമായ ഒരു സാംസ്കാരിക പ്രവര്‍ത്തനമായും കലാപ്രവര്‍ത്തനമായും നിലനില്ക്കുന്നു.
പ്രകാശത്തെ ഉപാധിയായി സ്വീകരിച്ച്, അതിനെ ‘നിഴലും വെളിച്ചവും’ എന്ന ദ്വന്ദഭാവത്തെ ഉപയോഗപ്പെടുത്തി സൃഷ്ടിക്കുന്ന ഒരു കലാപ്രവര്‍ത്തനമാണ് സിനിമ എന്ന് നമുക്കറിയാം. 2009- ല്‍ ഏതാണ്ട് ലോകജനസംഖ്യയുടെ അത്രയുംതന്നെ ആളുകള്‍ സിനിമ കണ്ടു എന്നുള്ളത് അദ്ഭുതകരമാണ്. ഏതാണ്ട് ആറ് ബില്യണ്‍ ആളുകള്‍ ആ വര്‍ഷം സിനിമ കണ്ടു. അക്കാലത്തെ ലോകജനസംഖ്യ ആകട്ടെ 6.5 ബില്യണ്‍ ആയിരുന്നു. കൂടാതെ ഏതാണ്ട് രണ്ട് ബില്യണ്‍ ആളുകള്‍ ഡിവിഡികള്‍ വാങ്ങിയവരുണ്ട്. അതിലുമുപരിയായി ടെലിവിഷനില്‍ സിനിമ കണ്ടവര്‍ പിന്നെയും നിരവധി പേര്. ഇന്നിപ്പോള്‍, ഇന്റര്‍നെറ്റിന്റെ വഴികളില്‍ സിനിയ കാണുന്നവര്‍ അതിലുമേറെ വരും. തീര്‍ച്ചയായും ഒരു സമൂഹത്തിന്റെ സംസ്കാര നിര്‍മ്മിതിയില്‍ സിനിമക്കുള്ള പങ്ക് വളരെ വലുതാണ്. ഇരുപതാം നൂറ്റാണ്ടുവരെ ‘മിത്തോളജി’ (പുരാണേതിഹാസങ്ങള്‍) എപ്രകാരമാണോ സംസ്കാരത്തിന്റെ നിര്‍മിതിയില്‍ ഒരു ചാലകശക്തിയായി പ്രവര്‍ത്തിച്ചത് അപ്രകാരത്തില്‍, ഇന്ന് ഇമേജൊളജി ആണ് സംസ്കാരത്തിന്റെ നിര്‍മ്മിതിയില്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നത് എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
ഭരതനാട്യത്തെക്കുറിച്ച് അരവിന്ദേട്ടന് ചെയ്ത ഒരു ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിന് (കല്ലാര്‍, പൊന്മുടി പ്രദേശങ്ങളില്‍ പോയി – കാട്ടിനുള്ളില്‍, മലമുകളില്‍ എല്ലാം- സൂര്യപ്രകാശം എങ്ങിനെ വിന്യസിക്കപ്പെടുന്നു, മേഘങ്ങള്‍ ആകാശത്തു രചിക്കുന്ന ചിത്രങ്ങള്‍ ഇവയൊക്കെ പകര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം). യാത്ര തുടങ്ങിയപ്പോള്‍, ഒരു ഹോളിവുഡ് ഛായാഗ്രാഹകന്റെ ഇന്‍ര്‍വ്യൂ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പത്രപേജ് അരവിന്ദേട്ടന് എന്റെ കയ്യില്‍ തന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു ”സണ്ണി തീര്‍ച്ചയായും ഇത് വായിക്കണം.”
ഓടിച്ചൊന്നു മറിച്ചു നോക്കിയപ്പോള്‍ അത് വില്മോസ് സിഗ്മോണ്ട് എന്ന പ്രസിദ്ധ ക്യാമറാമാന്റെ ഇന്റര്‍വ്യു ആണെന്ന് മനസ്സിലായി. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത Close Encounters Of The Third Kind’ എന്ന ചലച്ചിത്രത്തിനുവേണ്ടി അദ്ദേഹം ചെയ്ത ഛായാഗ്രഹണമാണ് പെട്ടെന്ന് എന്റെ മുന്നില്‍ തെളിഞ്ഞുവന്നത്. എന്തിനായിരിക്കും ഒരു ഹോളിവുഡ് ക്യാമറാമാന്റെ അഭിമുഖം എന്നോട് വായിക്കുവാന്‍ അരവിന്ദേട്ടന് നിര്‍ബന്ധിച്ചത് എന്നോര്‍ത്ത് ഞാന്‍ തെല്ലൊന്ന് അമ്പരന്നു. ചിത്രീകരണം കഴിഞ്ഞു വീട്ടില്‍ വന്ന് സാവധാനം ആ അഭിമുഖം വായിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ സിനിമയിലെ ചിത്രനിര്മിതിയെക്കുറിച്ചുള്ള വലിയ രഹസ്യവും സത്യവും മനസ്സിലാക്കി. വില്മോസ് സിഗ്മോണ്ട് പറയുന്നു ‘ഒരു ചിത്രത്തിനും അതിന്റെ അര്‍ത്ഥത്തെക്കാള്‍ മികവാര്‍ന്ന സൗന്ദര്യം ഉളവാക്കുവാന്‍ കഴിയുകയില്ല. ഒരു ഫ്രെയിമിനുള്ളില്‍ ആകവേ ഉള്‍ക്കൊണ്ടിരിക്കുന്ന അര്‍ത്ഥത്തെ മനസ്സിലാക്കാന്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സത്യത്തെയും സൗന്ദര്യത്തെയും ആധാരമാക്കിയേ സാധിക്കുകയുള്ളൂ. വളരെക്കാലം മുന്നേ ഗോദാര്‍ദിന്റെ ”Cinema is Truth 24 times per second എന്ന വാക്കുകള്‍ ഞാനൊന്നു മാറ്റി പറയുകയുണ്ടായി അതിപ്രകാരമാണ്- ”Cinema is Love 24 times per second.”. ഗൊദാര്‍ദിന്റെ സുഹൃത്തും ഗ്രന്ഥകാരനുമായ ഡോണാള്‍ഡ് റിച്ചിയോടു എറണാകുളത്തു നടന്ന ഐഎഫ്എഫ്കെയുടെ സമയത്ത് ഞാന്‍ ഇക്കാര്യം പറയുകയുണ്ടായി. എന്റെ മുഖത്തേക്ക് ഉറ്റുനോക്കികൊണ്ടു അദ്ദേഹം ഇങ്ങിനെ പറഞ്ഞു ”താങ്കളുടേത് കൂടുതല്‍ മികവുള്ളതാണ്’. പിന്നീട് 2001-ല്‍ ഗൊദാര്‍ദ്’ ഇന്‍ പ്രെയ്സ് ഓഫ് ലവ്’ എന്ന തന്റെ ചിത്രം പു
റത്തിറക്കി. അതിലദ്ദേഹം എന്റെ പ്രസ്താവത്തോട് അനുകൂലിക്കുന്നും ഉണ്ട്. അതെ, ‘ഒരു നിമിഷത്തിലെ 24 സ്നേഹത്തുടിപ്പുകളാണ് സിനിമ.’ അരവിന്ദേട്ടന്റെ സിനിമകളും എന്നെന്നും പ്രശോഭിതമാകുന്ന സ്നേഹത്തുടിപ്പുകളാണ്.
എന്റെ ചാച്ചന്റെ മരണശേഷം കുടുംബക്കല്ലറയിലെ ഫലകത്തില്‍ എഴുതിവയ്ക്കുവാന്‍ ഒരു വാചകം തിരഞ്ഞെടുക്കുവാന്‍ എന്റെ സഹോദരങ്ങള്‍ എന്നെ ഏര്‍പ്പെടുത്തി. ഞാന്‍ തിരഞ്ഞെടുത്ത വാചകം ഇതാണ്:
‘God is light, and in him there is no darkness at all’ ദൈവം പ്രകാശമാണ്. അവനില്‍ തരിമ്പുപോലും അന്ധകാരമില്ല. അതെ ആ പ്രകാശത്തിന്റെ പ്രഭയില്‍ നമ്മള്‍ക്കും ഉള്ളം തെളിഞ്ഞു, ഓരോ ചെറുതിരികള്‍ തെളിക്കുവാന്‍ പങ്കാളികളാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: