തിരുവനന്തപുരം: സംസ്ഥാനം അനുഭവിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് വായ്‌പയെടുക്കുന്ന തുകയെങ്കിലും വിവേകപൂർവ്വം വിനിയോഗിക്കണമെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ.
സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെൻറിൽ നിരവധി പോരായ്‌മകൾ നിലനിൽക്കുമ്പോഴും ജനങ്ങളുടെ ആശ്വാസം മുൻനിർത്തി 5,990 കോടി രൂപ കൂടി വായ്‌പ എടുക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് കേരളത്തിലെ ജനങ്ങളുടെ പേരിൽ ധനമന്ത്രി നിർമ്മല സിതാരാമനോട് താൻ നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. രാഷട്രീയ പക്ഷപാതമില്ലാതെ ഏവരുടെയും വികസനവും ക്ഷേമവും ഉറപ്പാക്കുന്ന സബ്‌കാസാത്ത് സബ് കാ വികാസ് എന്ന തത്വം യാഥാർത്ഥ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഇതിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.
അതേ സമയം കേരളത്തിൽ ഒൻപത് വർഷമായി നടക്കുന്ന ഇടതു ഭരണത്തിന്റെ പാളിച്ചകൾ തിരിച്ചറിയേണ്ട സമയം കൂടിയാണിത്. ഇക്കാലമത്രയും മാറി മാറി നാടു ഭരിച്ച ഇടത് പാർട്ടികളും കോൺഗ്രസും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പരമാവധി ദുർബലപ്പെടുത്തുകയും സംസ്ഥാനത്തെ സാമ്പത്തിക തകർച്ചയുടെ വക്കിലെത്തിക്കുകയും മാത്രമാണ് ചെയ്തത്.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി കേന്ദ്രാനുമതിയോടെ എടുക്കുന്ന വായ്‌പയെങ്കിലും സംസ്ഥാന സർക്കാർ വിവേകത്തോടെയും കാര്യക്ഷമമായും വിനിയോഗിക്കണമെന്നും ആശാ പ്രവർത്തകർക്കും കെഎസ്ആർടിസി ജീവനക്കാർക്കും കേരളത്തിലെ ജനങ്ങൾക്കും മതിയായ ആശ്വാസം അതിലൂടെ ഉറപ്പാക്കണമെന്നും രാജീവ് ചന്ദ്രശേഖർ അഭ്യർത്ഥിച്ചു.
അന്താരാഷ്‌ട്ര തലത്തിൽ ദുർബലമായ അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നായിരുന്ന ഇന്ത്യ പ്രധാനമന്ത്രി മോദിക്കു കീഴിൽ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയായി ഉയർന്നിരിക്കുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ അതേ സമയം താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കേരളം മാറണം. കേരള രാഷ്‌ട്രീയത്തിൽ ഒരു മാറ്റമുണ്ടായാൽ അത് മാറുക തന്നെ ചെയ്യും. കാര്യക്ഷമതയുള്ള ഭരണത്തിന്റെ രാഷ്‌ട്രീയം കേരളത്തിന് ആവശ്യമാണെന്ന സത്യം ഇനിയെങ്കിലും നമ്മൾ തിരിച്ചറിയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: