News

മോദിയെന്ന പേരല്ല, ഇന്ത്യന്‍ ജനതയാണ് എന്റെ കരുത്ത്; പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖം പുറത്ത്

Published by

ന്യൂദല്‍ഹി: നരേന്ദ്രമോദി എന്ന പേരല്ല ഇന്ത്യന്‍ ജനതയാണ് തന്റെ കരുത്തെന്ന് പ്രധാനമന്ത്രി മോദി. ലോക നേതാക്കള്‍ക്ക് ഹസ്തദാനം നല്‍കുമ്പോള്‍ അത് മോദി നല്‍കുന്നതല്ല, 140 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി നല്‍കുന്നതാണ് എന്ന ബോധത്താലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. കഴിഞ്ഞ യുഎസ് സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ പോഡ് കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാനുമായി മോദി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖമാണ് പ്രസിദ്ധീകരിച്ചത്.
ഡൊണാള്‍ഡ് ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തിയാണ്. ഞാന്‍ വളരെ കര്‍ക്കശക്കാരനാണെന്ന ട്രംപിന്റെ പ്രസ്താവനയെപ്പറ്റി പ്രതികരിക്കില്ല, കാരണം ഞാന്‍ എന്റെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ചര്‍ച്ചകളില്‍ ഉന്നയിക്കുന്നത്. പാക്കിസ്ഥാന ഭരണാധികാരിയെ വരെ എന്റെ സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിച്ചിരുന്നു. സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതില്‍ ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് താനെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖമാണിത്. അമേരിക്കന്‍ പോഡ് കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാനുമായി മൂന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖമാണ് പ്രധാനമന്ത്രി നടത്തിയത്. താന്‍ നടത്തിയ ഏറ്റവും വത്യസ്തമാര്‍ന്നതും അവിസ്മരണീയവുമായ അഭിമുഖമാണ് മോദിയുമായി നടന്നതെന്ന് ലെക്‌സ് ഫ്രീമാന്‍ പറഞ്ഞു.

ഉപവാസത്തെപ്പറ്റിയും ആദ്യകാല ജീവിതത്തെപ്പറ്റിയും ഹിമാലയന്‍ യാത്രയെപ്പറ്റിയും സംന്യാസ ജീവിതത്തെപ്പറ്റിയുമെല്ലാം പ്രധാനമന്ത്രി ഫ്രിഡ്മാനുമായി മനസ്സുതുറന്നു. ആര്‍എസ്എസിനെപ്പറ്റിയും ഹിന്ദു ദേശീയതയെപ്പറ്റിയും ദീര്‍ഘനേരമാണ് മോദി വിശദീകരിക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്‌നങ്ങളും, ഉക്രൈന്‍ സംഘര്‍ഷവും ക്രിക്കറ്റ്, ഫുട്‌ബോള്‍ കളികളെപ്പറ്റിയും ചൈനയെപ്പറ്റിയും 2002ലെ ഗുജറാത്ത് കലാപത്തെപ്പറ്റിയും സംഭാഷണത്തിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by