മഞ്ചേരി: സാമൂഹ്യമാധ്യങ്ങളില്‍ തരംഗമായതും സംഗീതവേദിയില്‍ നിന്ന് പോലീസ് ഇറക്കിവിട്ടതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുമൊന്നും 11 കാരി ഗംഗയെ ബാധിക്കുന്നില്ല. അവള്‍ സംഗീതപഠനത്തിലും അവതരണത്തിലുമാണ്. വയലിനില്‍ മായാപ്രപഞ്ചം തീര്‍ത്ത ഗംഗാ ശശിധരന്‍ എന്ന ഗംഗക്കുട്ടി ഗുരുവായൂരിലാണ് ജനിച്ചതെങ്കിലും ഇപ്പോള്‍ മലപ്പുറം വെളിയങ്കോട്ടാണ് താമസം. നാലര വയസ് മുതല്‍ വയലിന്‍ പഠിക്കുന്നുണ്ട്. ഗുരുക്കന്മാരായ നിതിന്‍ എസ്. കാര്‍ത്തികേയന്‍, രാധിക പരമേശ്വരന്‍, സി.എസ്. അനുരൂപ് എന്നിവരുടെ ശിക്ഷണത്തിലാണ് ഗംഗ വയലിനില്‍ സംഗീത മധുരമൊരുക്കുന്നത്.
വയലിനിലൂടെ സംഗീതം ഉതിരുമ്പോള്‍ കുഞ്ഞു മുഖത്ത് വിരിയുന്ന നിഷ്‌കളങ്ക ഭാവങ്ങള്‍ സംഗീത ആരാധകരുടെ മനസിനെ പിടിച്ചെടുക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഗംഗയുടെ സംഗീതവും ഭാവപ്രകടനങ്ങളും വൈറലാവുകയാണ്. ഗുരുവായൂര്‍, വൈക്കം, കാസര്‍ഗോഡ്, ഏറ്റുമാനൂര്‍, കിടങ്ങൂര്‍, മള്ളിയൂര്‍, കൊച്ചി, ചെമ്പൈ സംഗീതോത്സവം എന്നിവയുള്‍പ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളിലെ വേദികളില്‍ ഗംഗ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മംഗലാപുരം, ഉഡുപ്പി, നാഗര്‍കോവില്‍, തഞ്ചാവൂര്‍, കുംഭകോണം, വീരളിമല, ദേവകോട്ട, മൈസൂര്‍, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങി കേരളത്തിന് പുറത്ത് നൂറിലധികം വേദികളും പിന്നിട്ടു. ഇതിനോടകം തന്നെ നിരവധി അവാര്‍ഡുകളും ഫെലോഷിപ്പുകളും തേടിയെത്തി. 2024ലെ സംഗീതത്തിനുള്ള ഷണ്‍മുഖാനന്ദ ഭാരതരത്‌ന ഡോ. എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്പ് ലഭിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ വിദഗ്ധനായ ഓടക്കുഴല്‍ വാദകന്‍ പത്മവിഭൂഷണ്‍ ഹരിപ്രസാദ് ചൗരസ്യയില്‍ നിന്ന് അവാര്‍ഡ് ലഭിച്ചത് അനുഗ്രഹമായി ഗംഗ കരുതുന്നു. അച്ഛന്‍ ശശിധരന്‍, അമ്മ കൃഷ്ണവേണി, സഹോദരന്‍ മഹേശ്വരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: