ന്യൂദല്‍ഹി: ജമ്മുകശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന, ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ ജമ്മുകശ്മീരില്‍ ഭീകരതയുടെ വേരറുക്കുന്നു. സംസ്ഥാനത്തെ കല്ലേറുകള്‍, അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം ഉള്‍പ്പെടെ ഭീകര പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ റിപ്പോര്‍ട്ടുകള്‍.
ജമ്മുകശ്മീരില്‍ സജീവമായ ഭീകരര്‍ വലിയ തോതില്‍ കുറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് 76 ഭീകരരേയുള്ളെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ 59 പേര് പാകിസ്ഥാനികളാണ്. ഭൂരിഭാഗവും ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയില്പ്പെട്ടവര്. 17 പേരാണ് നാട്ടുകാരായ ഭീകരര്‍. ഇതില്‍ മൂന്നു പേര് ജമ്മുവിലും 14 പേര് കശ്മീരിലുമാണ്.
2024ല്‍ സംസ്ഥാനത്ത് 91 ഭീകരരാണ് സജീവമായിരുന്നത്. 61 പേര് പാകിസ്ഥാനികളും 30 പേര് നാട്ടുകാരും. 2022ല്‍ ഉണ്ടായിരുന്ന 135 പേരില്‍ 85 പേര് പാക് ഭീകരരും 50 പേര് നാട്ടുകാരുമായിരുന്നു. 2022ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2023ല്‍ 48.35% കുറഞ്ഞു. 2023ല്‍ 72 ഭീകരരെ കൊന്നു. ഇതില്‍ 50 പേര് പാകിസ്ഥാനികളും 22 പേര് തദ്ദേശീയരുമായിരുന്നു. 2022ല്‍ 187 ഭീകരരെ വധിച്ചതില്‍ 57 പേര് വിദേശികളും 130 പേര് സ്വദേശികളുമായിരുന്നു.
തീവ്രവാദികളെ കണ്ടെത്തി കഥ കഴിക്കുന്നതില്‍ ശ്രദ്ധിച്ചതാണ് ഇതിനു കാരണം.
ജമ്മുകശ്മീരില്‍ നിന്നു ഭീകരത പിഴുതെറിയാനും സമാധാനമുറപ്പാക്കാനും പ്രതിബദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭീകര പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതോടെ വിനോദ സഞ്ചാരത്തില്‍ വന്‍കുതിച്ചുചാട്ടമാണ്. 2023ല്‍ 2.11 കോടി വിനോദ സഞ്ചാരികളാണ് സംസ്ഥാനത്തെത്തിയതെങ്കില് 2024ല്‍ 2.35 കോടിയായി. ഈ വര്‍ഷം കൂടുതല്‍ വിനോദ സഞ്ചാരികളെത്തുമെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: