യെമനിലെ ഹൂതി വിമതകേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് യുഎസ് നാവിക സേനയുടെ ആക്രമണം. യെമന്‍ തലസ്ഥാനമായ സനയിലെ ഹൂത്തി കേന്ദ്രങ്ങളിലേക്കാണ് മിസൈലുകള്‍ വീണത്. അതിശക്തമായ ബോംബിങ്ങില്‍ 21 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് യെമനിലെ വ്യോമാക്രമണം. യുഎസ് നേവിയുടെ ഹാരി എസ് ട്രൂമാന് യുദ്ധക്കപ്പലില്‍ നിന്നാണ് ആക്രമണം.

ചെങ്കടലിലൂടെയുള്ള കപ്പലുകളുടെ യാത്രയ്ക്ക് ഹൂത്തി ഭീകരര്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് യുഎസ് സൈനിക നടപടി. ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയ ശേഷം ഹൂത്തികള്‍ക്കെതിരായ ആദ്യ നടപടിയാണിത്. ഇറാന്റെ പിന്തുണയോടെ നടക്കുന്ന ഹൂത്തികളുടെ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
ഗാസ സംഘര്‍ഷ സമയം ചെങ്കടലിലൂടെയുള്ള അന്തരാഷ്ട്ര ഷിപ്പിംഗ് ഹൂത്തികള്‍ നിരന്തരം ആക്രമിച്ചിരുന്നു. ലോകത്തെ കടല്‍വഴിയുള്ള ചരക്ക് വ്യാപാരത്തിന്റെ പന്ത്രണ്ട് ശതമാനത്തെയാണ് ഇതു ബാധിച്ചത്. ഇതോടെ നിരവധി കമ്പനികള്‍ ആഫ്രിക്കന്‍ തീരം വഴിയാക്കി യാത്ര മാറ്റേണ്ടിവന്നിരുന്നു. ചെങ്കടല്‍ റൂട്ട് വീണ്ടും തുറന്നുകൊടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് യുഎസിന്റെ ആക്രമണം.
ശനിയാഴ്ച നടന്ന യുഎസ് ആക്രമണത്തില്‍ സാധാരണക്കാരും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടതെന്ന് ഹൂത്തികള്‍ പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: