മനുഷ്യജന്മമിതത്രേ പാരിലെ
മഹത്ത്വമേറിയതാം പുണ്യം
മികച്ച ജീവിതചിന്തകളെഴുതാന്‍
ലഭിച്ചതാണീ വരജന്മം!
അമൂല്യഖനിയാണദ്ഭുതശക്തിക –
ളൊളിഞ്ഞിരിക്കും നിധിപോലെ
അനന്തസൗഭഗസിദ്ധികളൊഴുകും
അനര്‍ഘവൈഭവമുള്ളോര്‍ നാം.
നമുക്കുചുറ്റും കറുത്തനിഴലുകള്‍
നിഗൂഢനനര്‍ത്തനമാടീടും
നിതാന്തജാഗ്രത്താവുക! നിത്യം
നിമേഷമാത്രയുമൊഴിയാതെ.
മഹാവിപത്തിന്‍ വിത്തുകള്‍ പാകാന്‍
മയക്കുസൂത്രവുമായെത്തും
ഒരിക്കലെങ്കിലുമൊന്നു നുണഞ്ഞാല്‍
മരിക്കുവോളമതേ വേണ്ടൂ.
പ്രലോഭനത്തിന്‍ വിഷമേല്‍ക്കാതെ
പ്രകോപനച്ചുഴി തീണ്ടാതെ
പ്രബുദ്ധമാനസചിന്താസരണിയെ
പ്രസാദഭൂമികയാക്കീടാം!
പ്രതിജ്ഞചെയ്യാം നിഷിദ്ധലഹരിയെ
പുകച്ചു നാടുകടത്തീടാം
പ്രഫുല്ലമാക്കാം ജീവിതമലരിന്‍
പ്രഭാവമുണ്ടു മദിച്ചീടാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: