India

സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിംകള്‍ക്ക് 4 ശതമാനം സംവരണം: പിന്നില്‍ രാഹുല്‍ഗാന്ധിയെന്ന് ബിജെപി

Published by

ന്യൂദല്‍ഹി: കര്‍ണ്ണാടക സര്‍ക്കാരിന്റെ നിര്‍മ്മാണ കരാറുകളില്‍ നാലു ശതമാനം മുസ്ലിം കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ രാഹുല്‍ഗാന്ധിയാണെന്ന് ബിജെപി ദേശീയ നേതൃത്വം. തെരഞ്ഞെടുപ്പുകളില്‍ നിരന്തരം പരാജയപ്പെട്ടിട്ടും കോണ്‍ഗ്രസ് നേതൃത്വം പാഠം പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ വിചിത്ര നടപടിയെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് എംപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് സ്വന്തം നിലയ്‌ക്ക് ഈ തീരുമാനം സ്വീകരിക്കാനുള്ള പ്രാപ്തിയില്ല. രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാവണം ഇത്തരം ഉത്തരവുകള്‍ പുറത്തിറക്കുന്നതെന്നും ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രി ആരോപിച്ചു.
വെറും വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്നത്. പ്രീണന രാഷ്‌ട്രീയം കൊണ്ടും വിഭജന രാഷ്‌ട്രീയം കൊണ്ടും രാജ്യം ഭരിക്കാമെന്നാണ് രാഹുല്‍ഗാന്ധി വിചാരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പുതിയ തലത്തിലേക്ക് കോണ്‍ഗ്രസ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് രാജ്യത്തിന് ഗുണകരമല്ല. മതാടിസ്ഥാനത്തിലുള്ള സംവരണം ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധമാണ്. രാഷ്‌ട്രീയമായും നിയമപരമായും കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സര്‍ക്കാര്‍ കരാറുകളില്‍ നാലുശതമാനം മുസ്ലിം കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കിക്കൊണ്ടുള്ള കര്‍ണ്ണാടക ക്യാബിനറ്റ് തീരുമാനം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. പ്രീണന രാഷ്‌ട്രീയം മാത്രമേ കോണ്‍ഗ്രസിന് അറിയൂ എന്ന് കേന്ദ്രനിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാളും പ്രതികരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by