കോഴിക്കോട്: അനുഭവത്തില്‍ പഠിക്കാത്ത മലയാളിക്കു മുന്നില്‍ തട്ടിപ്പിന്റെ ഭിന്ന മുഖങ്ങളുമായി ആട്, തേക്ക്, മാഞ്ചിയത്തിനു പിന്നാലെ ചന്ദനത്തോപ്പ് പദ്ധതിയുമായി പുതിയൊരു സംഘം വേരുറപ്പിക്കുന്നു. 1500 ഏക്കര്‍ ഭൂമിയില്‍ ചന്ദനത്തൈ നട്ട് ഗുണഭോക്താക്കള്‍ക്കു ചന്ദനത്തോപ്പ് സമ്മാനിക്കുന്നതാണ് പദ്ധതി. അഞ്ചു സെന്റ് പ്ലോട്ടുകളായി തിരിച്ച് ചന്ദനം നട്ടുവളര്‍ത്തി 15 വര്‍ഷം പരിപാലിച്ചു നല്‍കുമെന്നും കോടികള്‍ വരുമാനമുണ്ടാക്കാമെന്നും വാഗ്ദാനം ചെയ്താണ് സംഘം രംഗത്തുള്ളത്. മറയൂരില്‍ നിന്നുള്ള ലോകോത്തര ചന്ദനം പശ്ചിമഘട്ട താഴ്വരയില് നട്ടുവളര്‍ത്തി ചന്ദനത്തോപ്പാക്കി ഗുണഭോക്താക്കള്‍ക്കു സമ്മാനിക്കും. ഇതിനായി വയനാട്ടില്‍ രണ്ടേക്കറോളം ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ഒരു ചന്ദനത്തൈക്കു കാതലുണ്ടാകാന്‍ കുറഞ്ഞത് 30 വര്‍ഷം വേണം. നിലവില്‍ സ്വകാര്യവ്യക്തിക്കു ചന്ദനം നടാമെങ്കിലും മുറിച്ചുവില്ക്കാന് അവകാശം വനം വകുപ്പിനാണ്. നേരത്തേ വിലയുടെ 70% ഉടമയ്ക്കും 30% സര്‍ക്കാരിനുമായിരുന്നു. എന്നാല്‍ പുതിയ നയമനുസരിച്ച് മറയൂരില്‍ കൊണ്ടുപോയി വിറ്റ് ചെലവ് കഴിച്ചുള്ള തുക വനംവകുപ്പ് ഉടമയ്ക്കു നല്‍കും. ഇതു ലഭിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷം താമസമുണ്ടാകുമെന്നും ചന്ദനത്തിന്റെ ഗുണനിലവാരം കുറവാണെങ്കില്‍ അതിനെക്കാള്‍ താമസമുണ്ടാകുമെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു. ചന്ദനം സ്വകാര്യവ്യക്തികള്‍ക്കു വളര്‍ത്തി വില്‍ക്കാമെന്ന സര്‍ക്കാരിന്റെ പുതിയ നയമാണ് ആട്, തേക്ക്, മാഞ്ചിയത്തിനു പിന്നാലെ ചന്ദനത്തോപ്പു പദ്ധതിക്ക് തുടക്കമിടാന്‍ കാരണം. ഇത്തരം സംരംഭത്തിന് മറയൂര്‍ ചന്ദനം ഡിവിഷനുമായി ബന്ധമൊന്നുമില്ലെന്നും മറയൂരില്‍ നിന്ന് ഇവര്‍ ചന്ദനമരം വാങ്ങിയിട്ടില്ലെന്നും മറയൂര്‍ സാന്ഡല് ഡിവിഷന് റേഞ്ച് ഓഫിസര്‍ അബ്ജു കെ. അരുണ്‍ പറഞ്ഞു.
ആട്, തേക്ക്, മാഞ്ചിയം മുതല്‍ ഓരോ തട്ടിപ്പിനും തലവച്ചുകൊടുത്ത മലയാളി ചന്ദനത്തിന്റെ പിടിയില്‍പ്പെട്ടിരിക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥരും ബിസിനസുകാരും വിദ്യാസമ്പന്നരും ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ട്. ആട്, തേക്ക്, മാഞ്ചിയത്തിനു പിന്നാലെ ഒഡിഷയില്‍ ഔഷധത്തോട്ടവുമായി ഒരു സംഘമെത്തിയിരുന്നു. ബിസിനസില്‍ പങ്കാളിയാകുന്നവരുടെ പേരില്‍ ഒഡിഷയില്‍ ഔഷധത്തോട്ടം തയാറാക്കും. ലാഭ വിഹിതം വീതിച്ചു നല്‍കും. നെറ്റ്വര്‍ക്ക് വഴി ആളുകളെ ചേര്‍ത്താല്‍ ശൃംഖലയായി പണം അക്കൗണ്ടിലെത്തുന്ന മണി ചെയിന്‍ തട്ടിപ്പു രീതി തന്നെയാണ് ഒഡിഷയിലെ ഔഷധത്തോട്ടക്കാരും വിശ്വസിപ്പിച്ചത്.
എറണാകുളം സ്വദേശിയുടെ നേതൃത്വത്തില്‍ വയനാട്ടിലാണ് ചന്ദനമരത്തോപ്പ് തയാറാകുന്നത്. 1500 ഏക്കര്‍ ഭൂമിയെന്ന് പ്രചരിപ്പിക്കുന്നെങ്കിലും രണ്ടേക്കര്‍ മാത്രമാണ് ഇവിടെയുള്ളത്. ഇത് അഞ്ച് സെന്റ് പ്ലോട്ടാക്കി 12 ലക്ഷത്തിനു റജിസ്റ്റര്‍ ചെയ്തു നല്‍കും. 12 ലക്ഷം കൊടുത്തു സ്ഥലം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് 500 രൂപ കൊടുത്തു ബുക്ക് ചെയ്ത ശേഷം മറ്റൊരാള്‍ക്ക് മറിച്ചു നല്‍കാം. ബുക്ക് ചെയ്ത് 12 ലക്ഷത്തിന് മറിക്കാന്‍ സാധിച്ചാല്‍ 50,000 രൂപ കമ്മിഷന് ലഭിക്കും. തവണ വ്യവസ്ഥയിലും ഭൂമി സ്വന്തമാക്കാം. ഏതാനും മാസം മുമ്പത്തെ ഉദ്ഘാടനത്തിന് പഞ്ചായത്ത് ഭാരവാഹികളെ ക്ഷണിച്ചെങ്കിലും വിശ്വാസ്യതയില്ലാത്തതിനാല്‍ വിട്ടുനിന്നതായി മുള്ളങ്കൊല്ലി പഞ്ചായത്ത് അംഗം പി.കെ. ജോസ് പറഞ്ഞു. ആട്, തേക്ക്, മാഞ്ചിയത്തിന് സമാന രീതിയിലാണ് ചന്ദനത്തോപ്പ് പദ്ധതിയും മുന്നേറുന്നത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ഈ സംഘം യോഗം ചേര്‍ന്നു. വിശ്വാസ്യതയ്ക്കായി പ്രധാനമന്ത്രി, മുഖ്യമന്ത്രി, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവരുടെ സ്ലൈഡുകളും മറയൂര്‍ ചന്ദനത്തോട്ടത്തിന്റെ ദൃശ്യവും ഉപയോഗിക്കുന്നുണ്ട്. ചന്ദനത്തോപ്പിന് സായുധ സംഘത്തിന്റെ കാവലും വേട്ടനായ്ക്കളും സിസി ക്യാമറയുടെ സുരക്ഷിതത്വവും നല്‍കുമെന്നും വാഗ്ദാനമുണ്ട്. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖല കേന്ദ്രീകരിച്ചാണ് സംഘം വല വിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: