Kerala

ആശമാര്‍ക്കുപിന്നാലെ അങ്കണവാടിക്കാരും സെക്രട്ടേറിയറ്റ് നടയിലേക്ക് , സര്‍ക്കാര്‍ ഊരാക്കുടുക്കില്‍

Published by

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്കു പിന്നാലെ അങ്കണവാടി ജീവനക്കാരും സമരത്തിനിറങ്ങുന്നു. മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവബത്ത 5000 രൂപയാക്കുക, റിട്ടയര്‍മെന്റ് ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങി ആശാപ്രവര്‍ത്തകരുടേതിനു സമാന ആവശ്യങ്ങളാണ് ഇവരും ഉന്നയിക്കുന്നത്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് 17 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്‍ പറയുന്നത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണ ജോര്‍ജിന്‌റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണിത്. 2010 മുതല്‍ വിരമിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.യെങ്കിലും സംഘടനകള്‍ വഴങ്ങിയിട്ടില്ല. ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കണവാടി ജീവനക്കാര്‍ ധന, ആരോഗ്യ മന്ത്രിമാര്‍ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് മേഖലയിലെ സംഘടന ഭാരവാഹികളെ മന്ത്രി ചര്‍ച്ചയ്‌ക്ക് വിളിച്ചത്.
അതേസമയം വേതന വര്‍ദ്ധന ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ 33 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ്. അങ്കണവാടി ജീവനക്കാര്‍ കൂടി സെക്രട്ടേറിയേറ്റിനു മുന്നിലെത്തുന്നത് എങ്ങനെ കൈകാര്യം ചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by