മുംബൈ: കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്‍ഡസ് ഇന്‍ഡ് ഓഹരിയുടെ വിലയില്‍ 56 ശതമാനമാണ് ഇടിവുണ്ടായത് ആശങ്ക പരത്തുന്നുണ്ടെങ്കിലും റിസര്‍വ്വ് ബാങ്ക് രക്ഷയ്‌ക്കെത്തിയിരിക്കുകയാണ്. മിക്കവാറും യെസ് ബാങ്കിനെയും ആര്‍ബിഎല്ലിനെയും രക്ഷപ്പെടുത്തിയത് പോലെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെയും റിസര്‍വ്വ് ബാങ്ക് രക്ഷപ്പെടുത്തേണ്ടതായി വരും. ഈ പ്രതീക്ഷയുള്ളതിനാല്‍ ആഗോള ബ്രോക്കറേജ് കമ്പനിയായ സിഎല്‍എസ് എ ഇപ്പോഴും ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് മികച്ച റേറ്റിംഗ് ആയ “ഔട്ട് പെര്‍ഫോം” തന്നെയാണ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വിലയില്‍ 30 ശതമാനം ഇടിവുണ്ടായതാണ് ആശങ്ക പരത്തിയത്. ഒരു വര്‍ഷത്തിനിടെ 1576.35 രൂപ വരെ ഉയര്‍ന്ന ഓഹരിയാണ് ഇപ്പോള്‍ വെറും 672.65 രൂപയില്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഈ പ്രതിസന്ധി പരിഹരിക്കുമെന്നും അതിനാല്‍ 30 ശതമാനം വരെ ഓഹരിവിലയില്‍ ഉടന്‍ കുതിപ്പുണ്ടാകുമെന്നും നിക്ഷേപിക്കാന്‍ പറ്റിയ സമയമാണെന്നുമാണ് സിഎല്‍എസ് എ നല്‍കുന്ന ഉപദേശം.
സിഇഒയും ഡപ്യൂട്ടി സിഇഒയും നടത്തിയ ഇന്‍സൈഡര്‍ ട്രേഡിംഗ്
ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സിഇഒ ആയ സുമന്ത് കത്പാലിയ ബാങ്കിന്റെ ഓഹരിവില 1437 രൂപ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിച്ച് 118 കോടി സമാഹരിച്ചിരുന്നു. അതുപോലെ ബാങ്കിന്റെ ഡപ്യൂട്ടി സിഇഒ ആയ അരുണ്‍ ഖുരാന ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വില 1451 രൂപയില്‍ നില്‍ക്കുമ്പോള്‍ തന്റെ പക്കലുള്ള ഓഹരികള്‍ വിറ്റ് 70 കോടി സമാഹരിച്ചിരുന്നു. ബാങ്കിന്റെ അക്കൗണ്ടിംഗില്‍ 1,577 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് സിഇഒയ്‌ക്കും ഡപ്യൂട്ടി സിഇഒയ്‌ക്കും അറിയാമായിരുന്നു. ഇത് പുറത്തറിഞ്ഞ വലിയ ബഹളം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ അവര്‍ തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ഓഹരികള്‍ വിറ്റ് കാശാക്കുകയായിരുന്നു എന്ന ഗുരുതരമായ കുറ്റം ഇവരുടെ ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ അക്കൗണ്ടിംഗില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും അത് രഹസ്യമാക്കി വെച്ച് തങ്ങളുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റ് ലാഭമുണ്ടാക്കുന്നതിനെയാണ് ഇന്‍സൈഡര്‍ ട്രേഡിംഗ് എന്ന് വിളിക്കുന്നത്. ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ്.
വിദേശനിക്ഷേപകര്‍ ഓഹരികള്‍ വിറ്റപ്പോള്‍ ആഭ്യന്തരനിക്ഷേപകര്‍ വാങ്ങിക്കൂട്ടി
വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനുള്ളിലെ സാമ്പത്തിക പ്രശ്നം അറിഞ്ഞിട്ടാണെന്ന് പറയപ്പെടുന്നു അവരുടെ കൈവശമുണ്ടായിരുന്ന ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചിരുന്നു. എന്നാല്‍ ഈ ഓഹരി ഉയരുമെന്ന് കരുതി ഇന്ത്യയ്‌ക്കകത്തെ നിക്ഷേപകര്‍ ഇത് വാരിക്കൂട്ടി.
മോര്‍ഗന്‍ സ്റ്റാന്‍ലി ഉള്‍പ്പെടെ ആശങ്ക ഉയര്‍ത്തുന്നു
ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളാണ് യെസ് ബാങ്കിനെ പെട്ടെന്ന് പ്രതിസന്ധിയിലാക്കിയത്. ഇത്തരം സംഭവം ഇനി ആവർത്തിക്കില്ലെന്ന് പ്രമോട്ടർമാർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും ഓഹരിയിൽ അപകട സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് നിരീക്ഷകർ. ആർബിഐ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർക്ക് ഒരു വർഷത്തെ കാലാവധി മാത്രമാണ് നീട്ടി നൽകിയിരിക്കുന്നത്. കുറഞ്ഞത് മൂന്ന് വർഷത്തേക്കാണ് കാലാവധി നീട്ടിനൽകാറുള്ളത്.എന്തായാലും റിസര്‍വ്വ് ബാങ്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെ രക്ഷിച്ചെടുക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
നിരവധി ബ്രോക്കറേജുകൾ ഓഹരിയിൽ ജാഗ്രത വേണമെന്ന നിർദേശം നൽകിയതാണ് ആശങ്ക പരത്തിയിരിക്കുന്നത്. മോർഗൻ സ്റ്റാൻലി ഉൾപ്പെടെ ഓഹരിയിലെ നഷ്ട സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. റിസര്‍വ്വ് ബാങ്ക് ഏറ്റെടുത്താലും ബാങ്കിന് വിശ്വാസ്യത വീണ്ടെടുക്കാൻ വീണ്ടും സമയം വേണ്ടി വന്നേക്കും.
നേരത്തെ ബാങ്കുകൾക്ക് പണമൊഴുക്കിനായി (കാഷ് ഫ്ലോ) സ്വാപ്പിങ് അനുവദനീയമായിരുന്നു. ഇപ്പോൾ ഇതിന് നിയന്ത്രണങ്ങളുണ്ട്. എന്നാൽ കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വിദേശ വിനിമയ ഇടപാടുകളുമായി ബന്ധപ്പെട്ട ഹെഡ്ജിംഗ് ചെലവുകൾ ബാങ്ക് തെറ്റായാണ് കണക്കാക്കുന്നതെന്നാണ് പ്രധാന ആരോപണം.
നികുതിക്ക് ശേഷം 1,577 കോടി രൂപയുടെ അക്കൗണ്ടിംഗ് പൊരുത്തക്കേടാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിസര്‍വ്വ് ബാങ്ക് നിയമിച്ച ആഭ്യന്തര ഓഡിറ്റ് സമിതിയാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. 2024 ഡിസംബർ വരെയുള്ള ബാങ്കിന്റെ മൊത്തം ആസ്തിയുടെ ഏകദേശം 2.35 ശതമാനം വരും ഈ നഷ്ടം.
ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലെ ഓഹരിവിലയിലെ തകര്‍ച്ച മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്ക് നഷ്ടമുണ്ടാക്കിയിട്ടുണ്ട്. എല്‍ഐസി, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ തുടങ്ങിയ മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് നഷ്ടം. റിസര്‍വ്വ് ബാങ്ക് റഡാറില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വന്നതോടെ ഓഹരിവിലകള്‍ ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്. അങ്ങിനെയെങ്കില്‍ അല്‍പം കാത്തിരിക്കേണ്ടി വന്നാലും മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സുരക്ഷിതസ്ഥാനത്തേക്ക് മടങ്ങിയെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: