സിനിമാ അവസരങ്ങൾ അന്വേഷിച്ച് നടക്കുന്നവർ പലപ്പോഴും തട്ടിപ്പുകൾക്ക് ഇരയാകാറുണ്ട്. പുതുമുഖങ്ങളും ചെറിയ വേഷങ്ങളിൽ ദിവസക്കൂലിക്ക് അഭിനയിക്കുന്ന ആർട്ടിസ്റ്റുകളുമെല്ലാമാണ് ഇത്തരക്കാരുടെ ഇരകൾ. മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടി ഷൈനി സാറയ്‌ക്കും അടുത്തിടെ ഒരു അനുഭവമുണ്ടായി. സിനിമാ സൗഹൃദങ്ങൾ നിരവധി ഉണ്ടായിരുന്നതിനാൽ വിശദമായി അന്വേഷിച്ച് തട്ടിപ്പാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞതിനാൽ ഷൈനിക്ക് പണം നഷ്ടമായില്ല.
ജയിലർ 2വിൽ രജനികാന്തിന്റെ ഭാര്യ വേഷത്തിലേക്ക് സെലക്ടായി എന്ന് പറഞ്ഞാണ് ഷൈനിക്ക് അഞ്ജാതന്റെ കോൾ വന്നത്. പണം തട്ടാനുള്ള ശ്രമമാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ ഷൈനി തിരിച്ചറിഞ്ഞു. നടി മാലാ പാർവതി അടക്കമുള്ളവരുടെ സഹായങ്ങൾ അതിന് തനിക്ക് ലഭിച്ചിരുന്നുവെന്ന് വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഷൈനി സാറ പറഞ്ഞു
ഇത്തരത്തിൽ കാസ്റ്റിങ് കോൾ തട്ടിപ്പുകൾ നിരവധി നടക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞതിന്റെ പേരിൽ സോഷ്യൽമീഡിയയിൽ പരിഹസിച്ചുള്ള കമന്റുകൾ ലഭിക്കുന്നുണ്ടെന്നും എന്നിരുന്നാലും മറ്റാരും ഇത്തരം ചതിക്കുഴികളിൽ പെടരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഷൈനി പറഞ്ഞു. ഷൈനി സാറ സംഭവം വിവരിച്ച് പറഞ്ഞത് ഇങ്ങനെ…. കാസ്റ്റിങ് കോൾ കാണുമ്പോൾ എല്ലാത്തിനും അപ്ലൈ ചെയ്യുന്നൊരാളാണ് ഞാൻ. എന്റെ പ്രായത്തിലുള്ള കഥാപാത്രമല്ലെങ്കിൽ പോലും ഞാൻ അപ്ലൈ ചെയ്യാറുണ്ട്. ചിലർ പ്രതികരിക്കും മറ്റ് ചിലർ പ്രതികരിക്കില്ല. ജയിലർ 2 സിനിമയുടെ കാസ്റ്റിങ് കോൾ കണ്ട് അപേക്ഷിച്ചുവോ എന്നത് എനിക്ക് ഓർമയില്ല. പീയൂഷ് കാസ്റ്റിങ് ഏജന്റ്സി വഴി നിങ്ങൾ അപ്ലൈ ചെയ്തതിന്റെ റിപ്ലൈയാണ് എന്നാണ് അവർ പറഞ്ഞത്. വാട്സ് ആപ്പിൽ മെസേജ് വരികയാണ് ചെയ്തത്
ജയിലർ 2വുമായി ബന്ധപ്പെട്ട വിവരങ്ങളും എന്റെ സാലറിയും ഷൂട്ടിങിന് ആവശ്യമുള്ള ദിവസങ്ങളുമെല്ലാം അതിൽ അടങ്ങിയിരുന്നു. പാസ്പോർട്ടുണ്ടോയെന്നും ചോദിച്ചിരുന്നു. മലേഷ്യയിലും തമിഴ്നാട്ടിലും വെച്ചാണ് ഷൂട്ട് എന്നാണ് പറഞ്ഞത്. ആദ്യം രജനികാന്തിന്റെ മക്കളായി അഭിനയിക്കാനുള്ള കാസ്റ്റിങ് കോൾ ആയിരുന്നു ഇട്ടത്. അതുപോലെ ആർട്ടിസ്റ്റ് കാർഡ് ഉണ്ടോയെന്നത് അടക്കം നിരവധി ചോദ്യങ്ങൾ എന്നോട് ചോദിച്ചു.
ആർട്ടിസ്റ്റ് കാർഡില്ലെന്നും അമ്മ അസോസിയേഷനാണ് ഇവിടെയുള്ളതെന്നും അതിലും മെമ്പർഷിപ്പ് നിർബന്ധമല്ലെന്നും ഞാൻ മറുപടി കൊടുത്തു. അവരുടെ സാർ സുരേഷ് കുമാർ നാളെ പതിനൊന്നരയ്‌ക്ക് വിളിക്കുമെന്നും പറഞ്ഞു. പക്ഷെ പിറ്റേ ദിവസം അങ്ങനൊരു കോൾ വന്നില്ല. പ്രായം ഓക്കെ അല്ലാത്തതുകൊണ്ട് എന്നെ സെലക്ട് ചെയ്ത് കാണില്ലെന്നാണ് ഞാൻ കരുതിയത്.
വിളിക്കാമെന്ന് പറഞ്ഞിട്ടും വിളിച്ച് കാണാതെയായപ്പോൾ എനിക്ക് പറ്റിയ ഏതെങ്കിലും കഥാപാത്രമുണ്ടോയെന്ന് ചോദിച്ച് ഞാൻ മെസേജ് അയച്ചു. സാർ ബിസിയായിരുന്നതുകൊണ്ടാണ് വിളിക്കാതിരുന്നതെന്നും നാളെ വിളിക്കുമെന്നും മറുപടി വന്നു. അങ്ങനെ സുരേഷ് കുമാർ തന്നെ എന്നെ വിളിച്ചു. ഞാൻ അപ്പോൾ ഒരു ഫങ്ഷനിൽ പങ്കെടുക്കുകയായിരുന്നു. വീഡിയോ കോളിൽ വരാനാണ് ആവശ്യപ്പെട്ടത്. സാരിയുടുത്തിട്ട് വരണം രജനികാന്തിന്റെ ഭാര്യയുടെ റോളിലേക്കാണ് സെലക്ടായിരിക്കുന്നതെന്നും പറഞ്ഞു.
നേരത്തെ മറ്റെയാൾ പറഞ്ഞ കാര്യങ്ങളെല്ലാം ഇയാളും റിപ്പീറ്റ് ചെയ്തു. പത്ത് ലക്ഷം രൂപ സാലറി കിട്ടുമെന്നും പറഞ്ഞു. ഭാനി എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും റിട്ടേർഡ് ഐപിഎസ് ഓഫീസറാണെന്നും പറഞ്ഞു. ജയിലർ വണ്ണിൽ ഭാര്യ രമ്യ കൃഷ്ണനായിരുന്നില്ലേയെന്ന് ഞാൻ തിരികെ ചോദിച്ചു. എന്നാൽ ജയിലർ 2വിന്റെ കഥ വളരെ വ്യത്യസ്തമാണെന്നായിരുന്നു മറുപടി.
രജനി സാർ മാത്രമെ രണ്ടാം ഭാഗത്തിൽ ഉള്ളൂവെന്നും ബാക്കി കാസ്റ്റെല്ലാം ആദ്യത്തേതിൽ നിന്നും വ്യത്യസ്തമാണെന്നും പറഞ്ഞു. വീഡിയോ കോളിൽ വളരെ ഡീസന്റായിട്ടാണ് അയാൾ സംസാരിച്ചത്. ഷൂട്ടിന് വരുമ്പോൾ ഒപ്പം ഒരു ഗാർഡിയനെ കൊണ്ടുവരണം എന്നടക്കം പറഞ്ഞു. അതൊക്കെ കേൾക്കുമ്പോൾ നമ്മൾ സ്വാഭാവികമായും വിശ്വസിച്ച് പോകും. നിങ്ങൾ റോളിലേക്ക് കൺഫോമായാൽ ഇമെയിൽ അയക്കാമെന്നും പറഞ്ഞു.
മാത്രമല്ല സെലക്ടായാൽ 12500 രൂപ കൊടുത്ത് ആർട്ടിസ്റ്റ് കാർഡ് എടുക്കാൻ റെഡിയാണോയെന്നും അയാൾ ചോദിച്ചു. അവർ തന്നെ അതിന് സഹായിക്കാമെന്നും പറഞ്ഞു. അതിന് ഞാൻ സമ്മതം പറഞ്ഞു. സിനിമ സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണെന്നാണ് പറഞ്ഞത്. അതോടെ എനിക്ക് സംശയമായി. ആർട്ടിസ്റ്റിനെ കൺഫോം ചെയ്യുമ്പോൾ ഇയാൾ മാത്രം തീരുമാനമെടുത്താൽ മതിയോയെന്ന് തോന്നി. അതുപോലെ ആദ്യ ഭാഗം സംവിധാനം ചെയ്തത് നെൽസണാണ്.
പിന്നെ ഞാൻ കരുതി രജനി സാറിന്റെ തീരുമാനപ്രകാരം രണ്ടാം ഭാഗം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നതാകുമെന്ന് കരുതി. ഫ്രണ്ട്സിനോട് ഇക്കാര്യം ഞാൻ ഡിസ്കസ് ചെയ്തിരുന്നു. അവരും അവർക്ക് തോന്നിയ കാര്യങ്ങളൊക്കെ പറഞ്ഞു. നയൻതാരയും മഞ്ജു വാര്യരുമൊക്കെ ചെയ്ത ഭാര്യ റോളിലേക്ക് എന്നെ വിളിക്കുമോയെന്നൊക്കെ ഞാൻ ചിന്തിച്ചു. ഫ്രണ്ട്സിനോട് പറഞ്ഞപ്പോൾ ലോകേഷ് കനകരാജ് ആയതുകൊണ്ട് എന്ത് സംഭവിക്കാമെന്നാണ് അവർ പറഞ്ഞത്. അങ്ങനെ ഇരിക്കെ അയാളുടെ മെയിൽ വന്നു. സെലക്ടായി എന്നായിരുന്നു മെയിൽ.
അത് വളരെ പ്രൊഫഷണൽ ആയിരുന്നു. എന്നിട്ടും ഞാൻ അയാളുടെ അടുത്ത സ്റ്റെപ്പ് എന്താണെന്ന് നോക്കാമെന്ന് കരുതി ഇരുന്നു. അതിനിടയിൽ അയാൾ വീണ്ടും വിളിച്ചു. ആർട്ടിസ്റ്റ് കാർഡ് ഉടൻ എടുക്കണമെന്ന് പറഞ്ഞു. ഇരുപത് മിനിറ്റിനുള്ളിൽ കാർഡ് ശരിയാകുമെന്നും 12500 രൂപ അയക്കണമെന്നും പറഞ്ഞു. അതിനായി ഒരു ക്യുആർ കോർഡും തന്നു.
പക്ഷെ പണമില്ലെന്നും രണ്ട് ദിവസം സമയം വേണമെന്നും ഞാൻ പറഞ്ഞു. ഉള്ള പൈസ ഇപ്പോൾ അയച്ച് ബാക്കി നാളെ അയച്ചാൽ മതിയെന്നും അയാൾ പറഞ്ഞു. മൈന പടത്തിൽ പ്രവർത്തിച്ച സേതു എന്നൊരു സുഹൃത്ത് എനിക്കുണ്ട്. അദ്ദേഹത്തോട് കൂടി അന്വേഷിച്ചിട്ട് ഞാൻ പൈസ അയക്കാമെന്ന് അയാളോട് മറുപടി പറഞ്ഞു. സേതുവാണ് ലോകേഷ് കനകരാജുമായി പരിചയമുള്ളവരെ അറിയാമെന്ന് അയാളോട് പറയാൻ എന്നോട് പറഞ്ഞത്.
കൂടാതെ സ്ക്രീൻ ഷോട്ടുകൾ എടുത്ത് സൂക്ഷിക്കാനും പറഞ്ഞു. അതിനിടയിൽ ഞാൻ മാലാ പാർവതിയുമായിട്ടൊക്കെ ഈ വിഷയം സംസാരിച്ചിരുന്നു. കാരണം ആർട്ടിസ്റ്റ് കാർഡ് എന്നൊരു സംഭവം ഉണ്ടോയെന്ന് അറിയണമല്ലോ. അവരൊക്കെ തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുള്ളവരാണ്. മാലാ പാർവതിയും സേതുവുമെല്ലാം സ്ക്രീൻ ഷോട്ട് വെച്ച് അന്വേഷണം നടത്തി. അങ്ങനൊരു കാസ്റ്റിങ് നടക്കുന്നില്ലെന്ന് അപ്പോൾ മനസിലായി.
മാത്രമല്ല ജയിലർ 2വിന്റെ ഷൂട്ടിങ് തുടങ്ങി കഴിഞ്ഞു. മാലാ പാർവതിയാണ് ഇങ്ങനെ തട്ടിപ്പ് നടക്കുന്നത് പുറം ലോകം അറിയണമെന്നും അല്ലാത്ത പക്ഷം പലരും ഉൾപ്പെട്ട് പോകുമെന്നും പറഞ്ഞത്. അതോടെയാണ് നടന്നതെല്ലാം വിവരിച്ച് ഞാൻ വീഡിയോ ചെയ്തത്. വീഡിയോ കണ്ട് ജിനോയ് എന്ന ഒരു സംവിധായകൻ എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തിന് സമാനമായ അനുഭവം ഉണ്ടായതായി
പറഞ്ഞു. ബോംബൈയിൽ നിന്നും കാസ്റ്റിങ് കോൾ വന്നുവത്രെ.
വെബ് സീരിസിന് വേണ്ടിയായിരുന്നു. അവർ ഫോട്ടോയൊക്കെ അയച്ച് കൊടുത്തു. ദിവസം ഒരു ലക്ഷം രൂപ പ്രതിഫലം പറഞ്ഞു. അവരോടും 50000 രൂപ മുടക്കി ആർട്ടിസ്റ്റ് കാർഡ് എടുക്കാൻ ആവശ്യപ്പെട്ടു. അവൻ ഗൂഗളിൽ സർച്ച് ചെയ്തപ്പോൾ അവിടെ അഭിനയിക്കാൻ ആർട്ടിസ്റ്റ് കാർഡ് വേണമെന്ന് കണ്ടു. അതുകൊണ്ട് അവൻ കടം വാങ്ങി അമ്പതിനായിരം രൂപ അയച്ച് കൊടുത്തു. കാരണം സാലറി ഒരു ദിവസം ഒരു ലക്ഷം എന്നാണല്ലോ പറഞ്ഞതെന്നും അവൻ കരുതി
പക്ഷെ പൈസ അയച്ചുകൊടുത്തശേഷം യാതൊരു പ്രതികരണവും ഇല്ലായിരുന്നു. മാത്രമല്ല ഫോൺ സ്വിച്ച്ഡ് ഓഫുമായിരുന്നു. സരിൻ എന്ന പയ്യനാണ് പറ്റിക്കപ്പെട്ടത്. പലർക്കും ഇതേ പോലുള്ള അനുഭവമുണ്ട്. ചിലർ കമന്റ് ചെയ്തിരുന്നു എന്നും ഷൈനി സാറ പറയുന്നു. സെറ്റിൽ വെച്ച് കാണുന്ന പിള്ളേരോട് ചോദിക്കുമ്പോൾ അവർ പലരും കാസ്റ്റിങ് കോളിലൂടെ വരുന്നവരാണ്. പൈസ കൊടുത്താൽ കാസ്റ്റ് ചെയ്യാമെന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ പെട്ട് പോകരുതെന്ന് പിള്ളേരോടെല്ലാം ഞാൻ പറയാറുണ്ട്.
ജെനുവിനായിട്ടുള്ളവർ പൈസ വാങ്ങുകയില്ല. എത്ര എക്സൈറ്റിങ് ഓഫറാണ് വരുന്നതെങ്കിലും പ്രാക്ടിക്കലായി ചിന്തിച്ചശേഷം മാത്രമെ തീരുമാനമെടുക്കാവൂവെന്ന് സിനിമയിൽ അവസരങ്ങൾക്ക് ശ്രമിക്കുന്നവരോട് ഞാൻ പറയുന്നു. വലിയൊരു ഓഫർ തന്ന് എന്നെ പിടിക്കാനാണ് അയാൾ നോക്കിയത്. കോമൺസെൻസ് ഉപയോഗിച്ചതുകൊണ്ടും ഫ്രണ്ട്സിന്റെ സഹായം ലഭിച്ചതുകൊണ്ടും ഞാൻ അതിൽ നിന്നും രക്ഷപ്പെട്ടു. ഞാൻ പരാതിയൊന്നും കൊടുത്തിട്ടില്ല. ഞാൻ അനുഭവം പറഞ്ഞപ്പോൾ ഇങ്ങനൊരു സംഭവമില്ലെന്നും ഫെയിമിന് വേണ്ടി ഞാൻ പറഞ്ഞതാണെന്നും കമന്റുകൾ വന്നിരുന്നു. രജനികാന്തിന്റെ ഭാര്യയാകണം പോലും എന്നുള്ള തരത്തിൽ പുച്ഛിക്കുന്ന കമന്റുകളും വന്നു. അത് കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും മൈന്റ് ചെയ്യുന്നില്ലെന്നും ഷൈനി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: