ഗാന്ധിജി- ശ്രീനാരായണഗുരു കൂടിക്കാഴ്ച ഒരു യാദൃച്ഛിക സംഭവമായിരുന്നില്ല. തന്റെ നിര്‍ദ്ദേശപ്രകാരം ഒരു കൊല്ലത്തോളമായി നടന്നുവന്നരുന്ന വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതിനും നേതൃത്വം നല്‍കുന്നതിനുമായിരുന്നു ഗാന്ധിജിയുടെ യാത്ര. വരുന്ന ഇടങ്ങളിലൊക്കെ സമരവുമായി ബന്ധപ്പെട്ട് പല പ്രമുഖരെയും കാണുക എന്നതും ലക്ഷ്യമായിരുന്നു. തിരുവിതാംകൂര്‍ രാജ്ഞിയെയും ഗുരുദേവനെയും ഒക്കെ കണ്ടത് സമരത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനും പരിഹാരം കാണാനുമായിരുന്നു. ഒപ്പം ജനങ്ങളില്‍ ജാതിചിന്തക്കതീതമായി പൊതു ഹിന്ദുബോധം സൃഷ്ടിക്കുന്നതിനും.
ഗാന്ധിജി വൈക്കം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ആ വിവരം ഹിന്ദു പത്രം റിപ്പോര്‍ട്ടു ചെയ്തു. ഇങ്ങോട്ടേയ്‌ക്കു വരുന്നതിനെ സംബന്ധിച്ച് ഗാന്ധിജി യങ് ഇന്ത്യയില്‍ എഴുതി. ‘എനിക്ക് ബീഹാര്‍, ഒറീസ, വാര്‍ദ്ധ, ആന്ധ്ര മുതലായ അനേക ദിക്കുകളില്‍നിന്ന് അത്യാവശ്യ ക്ഷണങ്ങള്‍ കിട്ടിയിട്ടുണ്ട്…തത്കാലം എന്റെ സാന്നിദ്ധ്യംകൊണ്ട് ഉപരിയായ ഗുണം എവിടെയാണ് ഉണ്ടാകാനിടയുള്ളതെന്ന് നോക്കേണ്ടതാകുന്നു. അങ്ങനെ നോക്കിയതില്‍ ഞാന്‍ ഉടന്‍ എത്തേണ്ടത് വൈക്കത്തെ ആ ധീരയോദ്ധാക്കളുടെ ഇടയിലാണെന്നു വിചാരിക്കുന്നു…’
(വൈക്കം സത്യഗ്രഹം -സാധു എം.പി.നായര്‍, പൈതൃക പഠനകേന്ദ്രം, ഹില്‍ പാലസ്, തൃപ്പൂണിത്തുറ, 2016 മാര്‍ച്ച്, പുറം 279)
സവര്‍ണരെന്നു പറയപ്പെടുന്ന ഏതാനും മനുഷ്യവിരുദ്ധരുമായി ഗാന്ധിജി ദീര്‍ഘനേരം സംവാദം നടത്തി. മനുഷ്യത്വത്തിനപ്പുറം രാക്ഷസീയതയിലേക്ക് വീണുപോയ ഇണ്ടന്‍തുരുത്തി നമ്പ്യാതിരിയെയും കൂടെയുണ്ടായിരുന്ന മനുഷ്യക്കോലങ്ങളെയും പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ഗാന്ധിജിക്കായില്ല. മണിക്കൂറുകള്‍ ചെലവഴിച്ചിട്ടും മനുഷ്യത്വത്തിന്റെ തരിമ്പും അവരുടെ ഉളളില്‍ സൃഷ്ടിക്കുന്നതില്‍ നേതാക്കള്‍ പരാജയപ്പെട്ടു. അവര്‍ സത്യഗ്രഹാശ്രമത്തിലേക്കു മടങ്ങി. വൈകിട്ട് കായല്‍ക്കരയില്‍ ആയിരക്കണക്കിനു ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധിജി ദീര്‍ഘമായി പ്രസംഗിച്ചു.
‘…. ഞാനൊരു സനാതനി ഹിന്ദുവാണ്. ആവശ്യമുളളിടത്തോളം ശാസ്ത്ര പരിജ്ഞാനവും എനിക്കുണ്ട്. ഇപ്പോള്‍ ഈ പാവനമായ ഭൂമിയില്‍ ആചരിക്കപ്പെട്ടുവരുന്ന തീണ്ടലിനോ തൊടീലിനോ ഹിന്ദുശാസ്ത്രത്തിലൊരിടത്തും അനുവാദമോ ആനുകൂല്യമോ ഇല്ലെന്നു പറവാനും എനിക്കു ധൈര്യമുണ്ട്.’
‘…. എന്റെ അഭിപ്രായത്തില്‍ മനുഷ്യത്വത്തിനും തന്മൂലം ഹിന്ദു മതത്തിനും അയിത്തം കളങ്ക കാരണമാണ്. യുക്തിക്കു വിരുദ്ധമായ സിദ്ധാന്തങ്ങള്‍ അതിനു വിപരീതമാണ്… ഹിന്ദുമതത്തിലെ ഉല്‍ക്കൃഷ്ട സിദ്ധാന്തങ്ങളോട് അയിത്തത്തെയും തീണ്ടലിനെയും ഘടിപ്പിക്കുവാന്‍ സാധ്യമല്ലതന്നെ!’ (ഗാന്ധിജിയും കേരളവും- കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണം)
വൈക്കം സന്ദര്‍ശനം കഴിഞ്ഞ് ആലപ്പുഴ വഴി തെക്കന്‍ പര്യടനം നടത്തി. എല്ലാ ദിക്കിലും നിറഞ്ഞ സ്വീകരണങ്ങളും മംഗളപത്രസമര്‍പ്പണങ്ങളും മറുപടി പ്രസംഗങ്ങളും നടന്നു. കൊല്ലത്തെ സ്വീകരണം കഴിഞ്ഞ് രാവിലെതന്നെ വര്‍ക്കലയ്‌ക്കു തിരിച്ചു. പത്തുമണിക്ക് മഹാറാണിയുമായി ചര്‍ച്ച നടത്തി. അയിത്ത നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന കാര്യത്തെ സംബന്ധിച്ച് രണ്ടു മണിക്കൂര്‍ സംസാരിച്ചു. ഉച്ചയ്‌ക്കുശേഷം ശിവഗിരിയിലെത്തി.’മഹാത്മജിയെ സ്വീകരിക്കാന്‍ എ.കെ.ഗോവിന്ദദാസ് എന്ന ശ്രീനാരായണഭക്തന്റെ വക കെട്ടിടം ആശ്രമമായി തയ്യാറാക്കി വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തു. ഗുരുദേവന്‍ കാലേകൂട്ടി അവിടെ എഴുന്നള്ളി വിശ്രമിച്ചു. ദിക്കാകെ സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. സര്‍വ്വത്ര ശാന്തത. വിശേഷതരം പുല്‍പ്പായ വിരിച്ച് ഗുരുവിനും ഗാന്ധിജിക്കും മറ്റു പ്രധാന അതിഥികള്‍ക്കും ശ്രദ്ധയോടുകൂടി ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നു. ഗുരുദേവന്‍ ഗാന്ധ്യാശ്രമത്തില്‍ സ്വീകരണ സ്ഥലത്ത് എഴുന്നള്ളി അല്‍പ്പസമയം നിന്നു. കൃത്യം മൂന്നുമണിക്ക് ഗാന്ധിജിയുടെ കാര്‍ എത്തി. ആ ഭിക്ഷുവേഷം ഏറ്റവും ഉന്മേഷപൂര്‍വ്വം ആശ്രമത്തിലേക്കു കടന്നുവന്നു. രണ്ട് അപൂര്‍വ്വ മഹാത്മാക്കളുടെ ദിവ്യ സന്ദര്‍ശനം ആനന്ദപുളകിതവും വര്‍ണ്ണനാതീതവുമായിരുന്നു. ഉപചാരങ്ങള്‍ക്കുശേഷം ഗാന്ധിജിയും ഗുരുദേവനും ആസനസ്ഥരായി. അതിഥികള്‍ എല്ലാം ഇരുന്നു. ഒരു ശിഷ്യന്‍ ഗാന്ധിജിക്ക് അതിഥിപൂജ നടത്തി സാഷ്ടാംഗ നമസ്‌ക്കാരം ചെയ്തു. ഉടനെ ഇരുവരുമായി സംഭാഷണം തുടങ്ങി.’ (ശ്രീനാരായണഗുരു -കോട്ടൂക്കോയിക്കല്‍ വേലായുധന്‍, കറന്റ് ബുക്‌സ്, 2015 മെയ്, പുറം 172)
ഗുരുവിന് ഇംഗ്ലീഷ് അറിയില്ലല്ലോ എന്ന് ഗാന്ധിജി ഖേദിച്ചു. ഗാന്ധിജിക്ക് സംസ്‌കൃതം അറിയുമോ എന്ന് ഗുരുവും സഹതപിച്ചു. ജഡ്ജിയായിരുന്ന എന്‍.കുമാരന്‍ രണ്ടുപേര്‍ക്കും വിവര്‍ത്തകനായി.
ഗുരുദേവനുമായി ഗാന്ധിജി ദീര്‍ഘനേരം സംസാരിച്ചു. അതില്‍ ഗുരുവും ഗാന്ധിജിയും ഹിന്ദുത്വത്തിന്റെ അടിസ്ഥാനശിലകളില്‍ ഒരു തകരാറുമില്ലെന്ന് പരസ്പരം ബോധ്യപ്പെടുത്തി. ആദ്യചോദ്യങ്ങള്‍ തന്നെ അങ്ങനെ ഉള്ളതായിരുന്നു.
ഗാന്ധിജി : ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക് അറിവുണ്ടോ?
ഗുരു: ഇല്ല.
ഗാന്ധിജി: അയിത്തം ഇല്ലാതാക്കുവാന്‍ വൈക്കത്തു നടക്കുന്ന സത്യഗ്രഹ പ്രസ്ഥാനത്തില്‍ സ്വാമിജിക്ക് ഭിന്നാഭിപ്രായമുണ്ടോ?
ഗുരു: ഇല്ല.
ഗാന്ധിജി: ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ, വല്ല മാറ്റവും വരുത്തണമെന്നോ അഭിപ്രായമുണ്ടോ?
ഗുരു: അതു ശരിയായി നടക്കുന്നുവെന്നാണ് അറിവ്. അതില്‍ മാറ്റം വല്ലതും വരുത്തണമെന്ന അഭിപ്രായമില്ല.
ഗാന്ധിജി: അധഃകൃതവര്‍ഗക്കാരുടെ അവശതകളെ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിന് പുറമേ മറ്റെന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം?
ഗുരു: അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്രവിവാഹമോ വേണമെന്ന പക്ഷമില്ല. നന്നാവാനുള്ള സൗകര്യം എല്ലാവരെയും പോലെ അവര്‍ക്കുമുണ്ടാകണം.
ഗാന്ധിജി: അക്രമരഹിതമായ സത്യഗ്രഹംകൊണ്ട് ഉപയോഗമില്ലെന്നും അവകാശ സ്ഥാപനത്തിന് ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജിയുടെ അഭിപ്രായം എന്താണ്?
ഗുരു: ബലപ്രയോഗം നന്നാണെന്നു തോന്നുന്നില്ല.
ഗാന്ധിജി: ബലപ്രയോഗം ഹൈന്ദവ ധര്‍മ്മശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ടോ?
ഗുരു: രാജാക്കന്മാര്‍ക്കും മറ്റും അത് ആവശ്യമാണെന്നും അവര്‍ അത് ഉപയോഗിക്കുന്നുണ്ടെന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്. സാധാരണ ജനങ്ങളെ സംബന്ധിച്ച് ബലപ്രയോഗം ന്യായമായിരിക്കില്ല…’
(വൈക്കം സത്യാഗ്രഹ രേഖകള്‍ – മഹാത്മാഗാന്ധി സര്‍വ്വകലാശാല, 2009, പുറം 294)
ഗുരുവിന്റെ ആശയത്തില്‍ നിന്ന് വ്യത്യസ്തമല്ല ഗാന്ധിജിയുടെയും. ഗാന്ധിജിയുടെ സമരരീതിയോട് ഗുരുവിന് പൂര്‍ണമായ യോജിപ്പില്ല എന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ മുമ്പു നടന്നിരുന്നു. അതുകൂടി കണക്കിലെടുത്തായിരിക്കണം ഗാന്ധിജി ചോദ്യങ്ങള്‍ ഉന്നയിച്ചത്. ബലപ്രയോഗത്തിലൂടെയാണ് സാമൂഹ്യ പരിവര്‍ത്തനം കൊണ്ടുവരേണ്ടത് എന്ന ചില കപട പ്രത്യയശാസ്ത്രവാദികളുടെ തലക്കിട്ടുള്ള കിഴുക്കുകൂടിയായിരുന്നു ഗുരുദേവന്റെ മറുപടി. മിശ്രഭോജനവും മിശ്രവിവാഹവും ഒരു പ്രാഥമിക നടപടിക്കപ്പുറം മനുഷ്യമനസ്സിന്റെ പരിവര്‍ത്തനമാണ് സൃഷ്ടിക്കപ്പെടേണ്ടതെന്ന കാര്യവും ഗുരു ഊന്നിപ്പറഞ്ഞു. മാത്രമല്ല ഹിന്ദുത്വ ആശയങ്ങളിലെ അപഭ്രംശങ്ങള്‍ മാത്രമാണ് ഇത്തരം അനാചാരങ്ങള്‍ എന്ന് രണ്ടു പേരുടെയും വാക്കുകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ശരിയായ അറിവിലേക്ക്, അടിസ്ഥാന സങ്കല്‍പ്പങ്ങളിലേക്ക് സമൂഹത്തെ നയിച്ചാല്‍ ഹിന്ദുസമൂഹം എപ്പോഴും നവോന്മേഷത്തോടെ ഉയര്‍ന്നു നില്‍ക്കുമെന്നും ഈ മഹാത്മാക്കളുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.
ഹിന്ദുത്വപ്രസ്ഥാനങ്ങളും സമുദായ സംഘടനകളും അവരുടെ സംഘടനാപരവും സാമുദായികവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത കാര്യമാണ് ഈ അടിസ്ഥാന പ്രമാണങ്ങള്‍. ഓരോ കാലഘട്ടത്തിലും, ഓരോ തലമുറയിലും നാം ഉറപ്പിച്ചു നിര്‍ത്തേണ്ട കാര്യങ്ങളുണ്ട്. ദാര്‍ശനിക അടിത്തറ എപ്പോഴും ബലപ്പെടുത്തിക്കൊണ്ടിരിക്കണം. വളരുന്ന തലമുറകളില്‍ അത് പകര്‍ന്നു നല്‍കുകയും അതില്‍ അറിവും അഭിമാനവുമുള്ളവരാക്കി വളര്‍ത്തുകയും വേണം. കാലികമായി വരുന്ന ആചാര വിചാരങ്ങളിലും വാദവിവാദങ്ങളിലും പെടുമ്പോഴും അതു മാത്രമായി മുമ്പോട്ടു പോയാല്‍ അടിത്തറ ദുര്‍ബ്ബലപ്പെടും. ചിന്തിക്കുന്ന തലമുറ നഷ്ടപ്പെടും. ദാര്‍ശനികാടിത്തറ നഷ്ടപ്പെടുന്ന ഒരു സമൂഹവും നിലനില്‍ക്കില്ല; അത് മതമായാലും പ്രത്യയശാസ്ത്രമായാലും! വര്‍ത്തമാനകാല പരിഷ്‌കര്‍ത്താക്കളും ആചാര്യന്മാരും ഒക്കെ ശ്രദ്ധ വയ്‌ക്കേണ്ട കാര്യമാണ് ഇത്.
വിദേശ മതപ്രചാരകരും പ്രത്യയശാസ്ത്രങ്ങളും കടന്നുവന്ന കാലം മുതല്‍ ഭാരതീയ മതസങ്കല്‍പ്പങ്ങളെയും ആരാധനാരീതികളെയും ആചാരപദ്ധതികളെയും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് നൂറു മടങ്ങായി അത് ചെയ്തുകൊണ്ടും ഇരിക്കുന്നു. നൂറ്റാണ്ടുകളായി എത്രയോ ആക്രമണങ്ങള്‍, കൂട്ടക്കൊലകള്‍, കൂട്ടമതംമാറ്റങ്ങള്‍ അവര്‍ നടത്തി. എന്നിട്ടും കോടിക്കണക്കിനു ഹിന്ദുക്കള്‍ അവശേഷിക്കുന്നുവെങ്കില്‍ അത് കായികമായ പ്രതിരോധം കൊണ്ടു മാത്രമല്ല. ഹിന്ദുത്വത്തിന്റെ ദാര്‍ശനിക ഗരിമ കൊണ്ടു കൂടിയാണ്. ശാസ്ത്രം വളര്‍ന്നപ്പോഴും യുക്തിചിന്ത പടര്‍ന്നപ്പോഴും മതവാദം ശക്തിപ്പെട്ടപ്പോഴും അതില്‍ നിന്നെല്ലാം പത്തംഗുലം ഉയര്‍ന്നു നില്‍ക്കാനുള്ള കരുത്ത് ഹിന്ദുത്വത്തിനുണ്ട്.
ഏതായാലും ഗാന്ധിജി – ഗുരു സംവാദം താല്‍ക്കാലികമായ അയിത്ത പ്രശ്‌നമോ സത്യഗ്രഹമോ മാത്രമല്ല ചര്‍ച്ച ചെയ്തത് എന്നത് ഹിന്ദുക്കള്‍ക്ക് അഭിമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യം തന്നെയാണ്.
സംവാദാനന്തരം രാത്രി ശിവഗിരിയിലെ വൈദികമഠത്തിലെത്തി, അവിടുത്തെ അന്തേവാസികളായ പുലയക്കുട്ടികളടക്കമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കുകയും കുശലം പറയുകയും ചെയ്തു. അവര്‍ ചൊല്ലിയ ഉപനിഷത് മന്ത്രങ്ങളെപ്പറ്റി അഭിനന്ദിച്ചു സംസാരിച്ചു. പിറ്റേന്ന് ശിവഗിരിയില്‍ വമ്പിച്ച പൊതുസമ്മേളനം നടത്തി. എസ്എന്‍ഡിപി. യോഗത്തിന്റെ മംഗളപത്രം സമര്‍പ്പിച്ചു. മറുപടി പ്രസംഗത്തില്‍ തന്റെ നിലപാടും പ്രവര്‍ത്തനവും ഗാന്ധിജി വിശദീകരിച്ചു.
‘മനുഷ്യരെല്ലാം വിധിയെ നിയന്ത്രിക്കാന്‍ ശക്തിയുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ വിധിയെ നിയന്ത്രിക്കുക. …. ഞാന്‍ നിങ്ങളില്‍ ഒരുത്തനാകാന്‍ ശ്രമിക്കുന്നു. ഞാന്‍ ഒരു തോട്ടിയാകുന്നു എന്ന് തൃപ്പാദങ്ങളോടു പറഞ്ഞിട്ടുണ്ട്. തോട്ടിയുടെ സ്ഥാനം അധഃകൃത വര്‍ഗങ്ങളില്‍ ഏറ്റവും താണതാണ്. ഒരു തോട്ടി അവന്റെ പ്രവൃത്തി ശരിക്കു ചെയ്താല്‍ ആരോഗ്യവും അഭിമാനവും രക്ഷിക്കാന്‍ കഴിയും….. ഇന്ത്യയുടെ പല ഭാഗങ്ങളിലും അധഃകൃതര്‍ ഉയര്‍ന്ന നിലയില്‍ ഇരിക്കുക മാത്രമല്ല, ഉയര്‍ന്നവരുടെ ബഹുമാനങ്ങള്‍ക്കു കൂടി പാത്രമായി തീര്‍ന്നിട്ടുണ്ട്. നിങ്ങള്‍ക്കും അവരെപ്പോലെ ആയിത്തീരാന്‍ സാധിക്കുന്നതാണ്. നിങ്ങളാണ് ഹിന്ദുമത രക്ഷകന്മാര്‍ എന്നു കരുതണം…..’ (വൈക്കം സത്യാഗ്രഹം ഒരു ഐതിഹാസിക സമരം -സുകുമാരന്‍ മൂലേക്കാട്ട്, സദ്ഭാവന ട്രസ്റ്റ്. പുറം 350)
വൈക്കം സത്യഗ്രഹം ഒരു അവസരവും പാഠവുമായിരുന്നു. നിസ്സാരമോ വ്യാജമോ ആയ കാര്യങ്ങള്‍ ഉന്നയിച്ച് സത്യഗ്രഹത്തിന്റെ നന്മയെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിച്ചാല്‍, ആരായാലും അവര്‍ ഗുരുവിന്റെയും ഗാന്ധിജിയുടെയും സര്‍വ്വോപരി ഹിന്ദു സമൂഹത്തിന്റെയും പരാജയവും തകര്‍ച്ചയും ആഗ്രഹിക്കുന്നവരായിരിക്കും. അതിനെതിരായ ജാഗ്രതപ്പെടുത്തലാണ് മഹാത്മാക്കളുടെ കൂടിക്കാഴ്ച നമ്മില്‍ ഉണര്‍ത്തേണ്ടത്.
ഹിന്ദു മതത്തിന്റെ രക്ഷയെക്കുറിച്ചും അതിനു നാം പാലിക്കേണ്ട പഥ്യങ്ങളെ സംബന്ധിച്ചും ഗാന്ധിജി ഓര്‍മ്മിപ്പിച്ചു. അതിനായി ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തെ ശ്ലാഘിച്ചു. ഗുരുവിന്റെ ആശീര്‍വാദത്തോടെ സത്യഗ്രഹം വിജയിക്കട്ടെ എന്ന് ആശംസിച്ചു. സനാതനധര്‍മ്മത്തിന്റെ ആധുനിക സംരക്ഷകനായ ഗുരുദേവന്റെ നേതൃത്വം നമുക്ക് വിജയം ഉണ്ടാക്കട്ടെ എന്ന് ആശീര്‍വദിച്ചു. തന്റെ അനുഗ്രഹം വാങ്ങിയുള്ള മഹാത്മാവിന്റെ മടക്കയാത്ര ഗുരു സാകൂതം നോക്കിനിന്നു. ഹിമവാനും സാഗരവും പോലെ മഹത്തായ രണ്ടു ജന്മങ്ങളുടെ കൂടിക്കാഴ്‌ച്ച ഹിന്ദു സമൂഹത്തിന്റെ ഭാവിയെ കൂടുതല്‍ സ്വാധീനിച്ചു. വൈക്കം സത്യഗ്രഹം വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: